മധ്യപ്രദേശ് സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റി ബി.ടി.ആർ.ഭവൻ ഓഫീസ് ഭോപാലിലെ പദ്‌മനാഭ നഗറിലാണ്. വള്ളിപ്പടർപ്പുകൾ പടർന്ന പ്രവേശനകവാടത്തിലൂടെ അകത്തെത്തുമ്പോൾ കേരളത്തിലെ ആദ്യകാലത്തെ കമ്യൂണിസ്റ്റ് പാർട്ടി ഓഫീസുകളെ അനുസ്മരിപ്പിക്കും. സംസ്ഥാനത്ത് സബൽഘഡ്, പുഷ്പരാജ് ഗഡ്, മഹു, സിർമോർ എന്നീ നാലുസീറ്റിൽ മാത്രമാണ് സി.പി.എം. മത്സരിക്കുന്നത്.

To advertise here,

2003-വരെ സി.പിഎമ്മിന് നിയമസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു. രാംലഖൻ ശർമ രണ്ടുതവണ സിർമോറിൽനിന്ന് വിജയിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാലുപേരും കിസാൻസഭ നേതാക്കളാണ്. തൊഴിലാളിസമരങ്ങൾക്കും കർഷകസമരങ്ങൾക്കും പിന്തുണലഭിക്കുന്ന ദളിത് ജനവിഭാഗങ്ങൾക്ക് ശക്തിയുള്ള മേഖലകളാണ് പാർട്ടി മത്സരിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. പാർട്ടിനേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമാണ്.

ഭോപാൽ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പാലക്കാട് കൊല്ലങ്കോട് വടവന്നൂർ സ്വദേശി പി.വി. രാമചന്ദ്രൻ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞതവണ 13 സീറ്റിൽ സി.പി.എം. മത്സരിച്ചിരുന്നല്ലോ. ഇത്തവണ എന്തേ നാലായി

-ഇത്തവണ വോട്ടുഭിന്നിച്ച് ബി.ജെ.പി. ജയിക്കരുതെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് സ്വാധീനമുള്ള മേഖലയിൽമാത്രം മത്സരിക്കുന്നത്. ബി.ജെ.പി.ക്കെതിരേ പ്രധാനമത്സരം നടത്തുന്നത് കോൺഗ്രസാണ്. അവർ അധികാരത്തിലെത്തണം. ഒരുമാറ്റം ജനം പ്രതീക്ഷിക്കുന്നുണ്ട്.

ജയസാധ്യത

-ഇല്ല, അതിന്റെ ഭാഗമായതിനാൽ മത്സരിക്കുന്നുവെന്നു മാത്രം. പാർട്ടിയുടെ രാഷ്ട്രീയം ജനങ്ങളിൽ എത്തിക്കാനുള്ള വഴി എന്ന നിലയിൽ മാത്രമാണ് പാർലിമെന്ററി രാഷ്ട്രീയത്തെ കാണുന്നത്.

ആർക്കാണ് ഇപ്പോൾ മേൽക്കൈ

-കോൺഗ്രസിനാണ് മേൽക്കൈ. ജനങ്ങൾ ദീപാവലി ആഘോഷത്തിലാണ്. ബി.ജെ.പി. അവരുടെ ആവനാഴിയിലെ അവസാന അമ്പും പയറ്റും. എങ്കിലും ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തും. ജനവികാരം ബി.ജെ.പി.ക്ക് എതിരാണ്. 2024-ൽ കേന്ദ്രത്തിൽ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് മാറ്റിയില്ലെങ്കിൽ ഇന്ത്യയെ പൂർണമായും നശിപ്പിക്കും. അതിന്റെ ആദ്യപടിയാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പ്.

ഒട്ടേറെ ക്ഷേമപദ്ധതികൾ ബി.ജെ.പി. സർക്കാർ നടപ്പാക്കിയിട്ടുണ്ടല്ലോ

-കോവിഡ് കാലത്ത് ആയുഷ്മാൻ യോജനയിലൂടെ കോടികളുടെ അഴിമതിയാണ് നടന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് സർക്കാർ അഞ്ചുലക്ഷം നൽകിയിരുന്നു. 500 രൂപ ചെലവ് ഉണ്ടായിരുന്നിടത്ത് സ്വകാര്യ ആശുപത്രികളും രാഷ്ട്രീയക്കാരും ചേർന്ന സംഘം കോടികൾ ഇതുവഴി തട്ടി. ലാഡ്‌ലി ലക്ഷ്മി യോജന എന്ന പദ്ധതി ബി.ജെ.പി.യുമായി ബന്ധപ്പെട്ട സ്ത്രീകൾക്കുമാത്രമാണ് ലഭിക്കുന്നത്. പെൺകുട്ടികളെപ്പറ്റി സംസാരിക്കുന്ന ബി.ജെ.പി. അവരെ സംരക്ഷിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു.