
ഭോപാൽ: അമിത ആത്മവിശ്വാസത്തിലാണ് മധ്യപ്രദേശിലെ കോൺഗ്രസ് ക്യാമ്പ്. സംസാരിച്ച നേതാക്കളെല്ലാം യുക്തികളും വാദങ്ങളും നിരത്തി തിരഞ്ഞെടുപ്പിനുമുമ്പുതന്നെ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നു. 130മുതൽ 145വരെ സീറ്റാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിൽനിന്ന് ബി.ജെ.പി. ക്യാമ്പിലെത്തിയ ജ്യോതിരാജ സിന്ധ്യക്കെതിരേയുള്ള പ്രതികാരവിജയമാവും ഈ തിരഞ്ഞെടുപ്പെന്നും നേതാക്കൾ അവകാശപ്പെടുന്നു.
നിലവിലുള്ളത് 50 ശതമാനം കമ്മിഷൻ സർക്കാരാണെന്ന് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയവക്താവുമായ ജെ.പി. ധനോപിയ ‘മാതൃഭൂമി’യോട് പറഞ്ഞു. ബി.ജെ.പി. ഭരണത്തിലെ അതൃപ്തി ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ബി.ജെ.പി. ഉയർത്തുന്ന ഹിന്ദുവികാരം കപടമാണ്. ഹിന്ദുക്കളുടെ വൈകാരികതയെ മാനിക്കുന്നത് കോൺഗ്രസാണ്. രാമക്ഷേത്രം ഹിന്ദുക്കൾക്ക് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയാണ്. കമൽനാഥിന്റെ മണ്ഡലത്തിലാണ് വലിയ ഹനുമാൻപ്രതിമയുള്ളത്. ബി.ജെ.പി. എക്കാലവും പരീക്ഷിക്കുന്ന ഹിന്ദുത്വകാർഡ് വ്യാജമാണെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ടന്നും ധനോപിയ കൂട്ടിച്ചേർത്തു.
പിന്നാക്കവിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം, എല്ലാവർക്കും 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, സൗജന്യ റേഷൻ, സംസ്ഥാനതലത്തിൽ ക്രിക്കറ്റ് ഐ.പി.എൽ. ടീം, ജാതി സെൻസസ്, സ്ത്രീകൾക്കും കർഷകർക്കും തൊഴിലില്ലാത്തവർക്കുമായി പ്രത്യേകപദ്ധതികൾ എന്നിവ കോൺഗ്രസ് വാഗ്ദാനംചെയ്തിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന എല്ലാ മേഖലയെയും അഭിസംബോധന ചെയ്യുന്നത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സംസ്ഥാനസെക്രട്ടറി സജി എബ്രഹാം ഭോപാൽസ്വദേശിയാണെങ്കിലും പത്തനംതിട്ട മല്ലപ്പള്ളിയിലാണ് കുടുംബവേര്. സർക്കാരിന്റെ എല്ലാപദ്ധതിയിലും അഴിമതിയാണ്. ജോലികിട്ടാൻപോലും പണം നൽകേണ്ട അവസ്ഥയാണ്. സംസ്ഥാനത്തിന്റെ എല്ലാമേഖലയിലും കോൺഗ്രസിന് മുന്നേറാനാവും. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യുവാക്കൾക്കിടയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നും സജി എബ്രഹാം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ആറുദിവസം ബാക്കിനിൽക്കെ ബി.ജെ.പി. സർവസന്നാഹങ്ങളും ഉപയോഗിച്ച് പ്രചാരണരംഗത്ത് സജീവമാണ്. നിർമലാ സീതാരാമൻ, സ്മൃതി ഇറാനി ഉൾപ്പെടെ കേന്ദ്രമന്ത്രിമാരുടെ വലിയനിരതന്നെ മധ്യപ്രദേശിലുണ്ട്. പ്രധാനമന്ത്രിയും വിവിധ റാലികളിൽ പ്രസംഗിച്ചുകഴിഞ്ഞു. കോൺഗ്രസ് പുലർത്തുന്ന അമിതമായ ആത്മവിശ്വാസത്തിന്റെ ബോംബ് ഡിസംബർ മൂന്നിന് ഏതുഭാഗത്തുകിടന്നാണ് പൊട്ടുക എന്നേ അറിയേണ്ടതുള്ളൂ.
Content Highlights: congress camp over confident in Madhya Pradesh
Published: 12 Nov 2023, 03:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented