ന്യൂഡല്‍ഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റയ്ക്ക് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സമന്‍സ് അയയ്ക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാവും മെറ്റയെ വിളിച്ചുവരുത്തുകയെന്ന് വാര്‍ത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്‍മാനും ബിജെപി എം.പിയുമായ നിഷികാന്ത് ദുബെ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള തെറ്റായ വിവരമാണ് പ്രചരിപ്പിക്കപ്പെട്ടത്. തെറ്റുപറ്റിയതിന്റെ പേരില്‍ പാര്‍ലമെന്റിനോടും രാജ്യത്തെ ജനങ്ങളോടും സ്ഥാപനം മാപ്പു പറയേണ്ടതാണെന്ന് അദ്ദേഹം X പോസ്റ്റില്‍ പറഞ്ഞു.

To advertise here,

ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്. 2024-ലെ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോല്‍വിനേരിട്ടെന്ന തരത്തിലായിരുന്നു പരാമര്‍ശം. സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തെ തിരുത്തി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തിയിരുന്നു. സക്കര്‍ബര്‍ഗിന്റെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞ് എക്‌സില്‍ അശ്വനിവൈഷ്ണവ് പോസ്റ്റിട്ടു. ''ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ 2024-ല്‍ തിരഞ്ഞെടുപ്പ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരില്‍ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിച്ചു'', വൈഷ്ണവ് കുറിച്ചു.

കോവിഡ് മഹാമാരിക്കുശേഷം വിവിധരാജ്യങ്ങളിലെ സര്‍ക്കാരുകളോട് ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു പറഞ്ഞ സക്കര്‍ബര്‍ഗ് അതിനുദാഹരണമായാണ് 2024-ല്‍ ഇന്ത്യയിലും ഭരണകക്ഷി പരാജയപ്പെട്ടെന്ന് പറഞ്ഞത്. സക്കര്‍ബര്‍ഗില്‍നിന്ന് വ്യാജവിവരം പ്രചരിച്ചത് ഖേദകരണമാണെന്നും സത്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് അശ്വനി കുറിച്ചിരുന്നു.