കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്റെ ഭാഗമായുള്ള രണ്ടാം അലോട്മെൻറ് ഫലം www.cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി.

To advertise here,

രണ്ടു കോഴ്സുകൾക്കുമായി മൊത്തം 58 സർക്കാർ/സ്വകാര്യ സ്വാശ്രയ, മെഡിക്കൽ/ ഡെന്റല്‍ കോളേജുകൾ അലോട്മെൻറിൽ ഉൾപ്പെട്ടിട്ടുള്ളത്. എം.ബി.ബി.എസിന് 12 സർക്കാർ മെഡിക്കൽ കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ബി.ഡി.എസിന് ആറ് സർക്കാർ ഡെന്റൽ കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലുമാണ് അലോട്മെൻറ് നൽകിയിട്ടുള്ളത്.

• എം.ബി.ബി.എസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 894 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും സ്വാശ്രയവിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റൽ 9627 വരെ സംസ്ഥാന മെഡിക്കൽ റാങ്കുള്ളവർക്കും അലോട്മെൻറ് ലഭിച്ചു.

• ബി.ഡി.എസിന് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ 4298 (ഗവ.), 31,419 (സ്വാശ്രയം) ആണ്.

ഈ രണ്ടു കോഴ്‌സുകളിലെയും ഇരുവിഭാഗം കോളേജുകളിലെ വിവിധ മാൻഡേറ്ററി സംവരണവിഭാഗങ്ങളിലെ രണ്ടാംറൗണ്ടിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക 1 കാണുക.

സർക്കാർവിഭാഗം എം.ബി.ബി.എസിൽ വിവിധ സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷിസംവരണം എന്നിവയിലെ രണ്ടാംറൗണ്ട് സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക 2 കാണുക.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യാ, മൈനോറിറ്റി, എൻ.ആർ.ഐ. സീറ്റുകളിലെ രണ്ടാംറൗണ്ട് സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക 3 കാണുക.

ഫീസ് അടയ്ക്കൽ

അലോട്മെൻറ് ലഭിച്ചവർ, അവരുടെ ഹോംപേജിൽനിന്നും അലോട്മെൻറ് മെമ്മോ ഡൗൺലോഡുചെയ്ത് അതിന്റെ പ്രിൻറ് ഔട്ട് എടുക്കണം. അപേക്ഷാർഥിയുടെ പേര്, റോൾനമ്പർ, അലോട്ടുചെയ്യപ്പെട്ട കോഴ്സ്, കോളേജ്, കാറ്റഗറി, ഫീവിവരങ്ങൾ തുടങ്ങിയവ അതിൽ ഉണ്ടാകും.

പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക അതിൽ രേഖപ്പെടുത്തിയിരിക്കും. ആ തുക ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസിൽ (ലിസ്റ്റ് വെബ്സൈറ്റിൽ ഉണ്ട്) പണമായോ ഒക്ടോബർ അഞ്ചിന് വൈകീട്ട് മൂന്നിനകം അടയ്ക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാരും പ്രവേശനപരീക്ഷാ കമ്മിഷണറുടെപേരിൽ തുകയൊന്നും അടയ്ക്കേണ്ടതില്ല.

എന്നാൽ, അവർക്ക് സ്വാശ്രയകോളേജിലെ മൈനോറിറ്റി/ എൻ.ആർ.ഐ. ക്വാട്ടയിലാണ് അലോട്മെൻറ് ലഭിച്ചതെങ്കിൽ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസിളവിന് അർഹത ഉണ്ടാകില്ല.

പരീക്ഷാർഥിയുടെ അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാഷീറ്റും ഹോംപേജിൽനിന്നും ഡൗൺലോഡ് ചെയ്ത് പ്രിൻറ് ഔട്ട് എടുക്കണം.

കോളേജിൽ പ്രവേശനം നേടൽ

പ്രവേശനപരീക്ഷാ കമ്മിഷണർക്ക് തുക അടയ്ക്കേണ്ടതുണ്ടെങ്കിൽ അത് അടച്ചശേഷം അലോട്മെൻറ് മെമ്മോ, ഡേറ്റാഷീറ്റ്, കീം 2024 പ്രോസ്പെക്ടസ് ക്ലോസ് 11.7.1-ൽ (പേജ് 79) നൽകിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള രേഖകൾ എന്നിവസഹിതം അഞ്ചിന് വൈകീട്ട് നാലിനകം അലോട്മെൻറ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.

ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. അലോട്മെൻറ് ലഭിച്ച് സമയപരിധിക്കകം പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് ഉപേക്ഷിക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്ട്രേഷൻഫീസ് പിഴയായി കണക്കാക്കും. അവർക്ക് ആ തുക തിരികെ നൽകുന്നതല്ല.

എൻ.ആർ.ഐ. വിഭാഗക്കാർ

സ്പോൺസർ നൽകിയ ‘സ് വോൺ അഫിഡവിറ്റ്’ അപ്‌ലോഡ് ചെയ്ത എൻ.ആർ.ഐ. വിഭാഗക്കാർക്ക് ഈ ഘട്ടത്തിൽ എൻ.ആർ.ഐ. വിഭാഗത്തിൽ അലോട്മെൻറ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താത്‌കാലിക അലോട്മെൻറായി കണക്കാക്കും. ഇവർ എ.ബി.ബി.എസ്./ബി.ഡി.എസ്. മൂന്നാംഘട്ട അലോട്മെന്റ് ഓപ്ഷൻ സമർപ്പണത്തിന് പ്രവേശനപരീക്ഷാ കമ്മിഷണർ നിശ്ചയിക്കുന്ന അവസാനതീയതിക്കു മുമ്പായി, കാലാവധിയുള്ള വിസ/അക്‌നോളജ്മെന്റ്, അപ്‌ലോഡ് ചെയ്ത് അപേക്ഷയിലെ ന്യൂനത പരിഹരിക്കണം. സാധുവായരേഖകൾ അവർ സമയപരിധിക്കകം സമർപ്പിക്കാത്തപക്ഷം, ഈഘട്ടത്തിൽ ലഭിച്ച താത്‌കാലിക എൻ.ആർ.ഐ. അലോട്മെൻറ് നഷ്ടപ്പെടുന്നതാണ്. താത്‌കാലികമായി അനുവദിച്ച എൻ.ആർ.ഐ. കാറ്റഗറിയും റദ്ദാക്കും.

• കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ താത്‌കാലികമായി കാറ്റഗറി ക്ലെയിമുകൾ അനുവദിക്കപ്പെട്ടവരുടെ അലോട്മെൻറ് കോടതിയുടെ അന്തിമ ഉത്തരവുകൾക്ക് വിധേയമായിരിക്കും.

• കിർത്താഡ്സ് പരിശോധന പൂർത്തിയാകാത്തവരുടെ അലോട്മെൻറ്, കിർത്താഡ്സ് അന്തിമപരിശോധനാ റിപ്പോർട്ടിനു വിധേയമായിരിക്കും.

എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്മെൻറ് വിജ്ഞാപനം പിന്നിട് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്മെൻറിന്റെ വിശദമായ വിജ്ഞാപനം, അലോട്മെൻറ് ലിസ്റ്റ്, ലാസ്റ്റ് റാങ്ക് പട്ടിക എന്നിവ www.cee.kerala.gov.in ൽ ലഭിക്കും.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ട്യൂഷൻഫീ

മൊത്തം 17 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 2024-25 ലെ ട്യൂഷൻഫീ സംബന്ധിച്ച ഉത്തരവ് സർക്കാർ പ്രസിദ്ധപ്പെടുത്തി.

വാർഷിക ട്യൂഷൻഫീ (രൂപ) ഇപ്രകാരമാണ്: ശ്രീ ഗോകുലം -7,71,595; എസ്.യു.ടി.-7,76,504; കരുണ-7,87,780; കെ.എം.സി.ടി. -8,07,324; മൗണ്ട് സിയോൺ-8,09,939; പുഷ്പഗിരി, അമല, ജൂബിലി, മലങ്കര, ട്രാവൻകൂർ, ഡോ. സോമർവെൽ, മലബാർ, അൽ അസർ, എം.ഇ.എസ്, അസീസിയ-8,16,038; ശ്രീനാരായണ -8,49,961; ഡോ. മൂപ്പൻസ്-8,86,779. മൊത്തം സീറ്റിൽ 85 ശതമാനം സീറ്റുകൾക്കും ഇത് ബാധകമാണ്.

എൻ.ആർ.ഐ. (15 ശതമാനം സീറ്റ്) ഫീസ്, എല്ലായിടത്തും 21,65,720 രൂപയാണ്. എന്നാൽ, കോളേജുകൾ 16,65,720 രൂപയാണ് വിദ്യാർഥികളിൽനിന്നും ഇപ്പോൾ താത്‌കാലികമായി വാങ്ങേണ്ടത്. ബാക്കി അഞ്ചുലക്ഷം രൂപ (കോർപസ് ഫണ്ടിലേക്ക് എൻ.ആർ.ഐ. വിഭാഗക്കാർ നൽകേണ്ട തുക) കോടതിയുടെ അന്തിമവിധിക്കു വിധേയമായി മാത്രമേ വാങ്ങുവാൻ പാടുള്ളു.

2024-25 ലേക്കു നിശ്ചയിച്ചിരിക്കുന്ന ഫീസ് മൊത്തം കോഴ്സ് കാലയളവിന് ബാധകമായിരിക്കും. പട്ടിക/ഒ.ഇ.സി. വിഭാഗക്കാരുടെ ട്യൂഷൻഫീ, സ്പെഷ്യൽഫീ, മറ്റ് അർഹമായ ഫീ എന്നിവ പട്ടികജാതി/പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ കോളേജുകൾക്ക് അനുവദിക്കും.