കേരളത്തിലെ 2023-ലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി ആയുഷ് മെഡിക്കൽ കോഴ്‌സുകൾ, എല്ലാ മെഡിക്കൽ അലൈഡ് കോഴ്‌സുകൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്‌മെന്റ് നടപടികൾ www.cee.kerala.gov.in -ൽ തുടങ്ങി.

To advertise here,

ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. (ആയുഷ് കോഴ്‌സുകൾ), ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. ഫോറസ്ട്രി, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക്. ബയോടെക്‌നോളജി (കേരള കാർഷിക സർവകലാശാലയിലേത്) (മെഡിക്കൽ അലൈഡ് കോഴ്‌സുകൾ) എന്നിവയിൽ സർക്കാർ/സ്വകാര്യ സ്വാശ്രയ വിഭാഗം കോളേജുകളിൽ, മൂന്നാംഘട്ട അലോട്‌മെന്റിനുശേഷമുള്ള ഒഴിവുകളാണ് ഈ ഘട്ടത്തിൽ നികത്തുന്നത്. കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അർഹതയ്ക്കു വിധേയമായി സ്‌ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.

അർഹതയില്ലാത്തവർ

• ആയുഷ്, അലൈഡ് അലോട്‌മെന്റിന്റെ മൂന്നാംഘട്ടത്തിൽ അലോട്‌മെന്റ് ലഭിച്ചവർ, പ്രവേശനം നേടിയവർ; ഇതിന്റെ ആദ്യ മൂന്നുഘട്ട അലോട്‌മെന്റുകൾ പ്രകാരമുള്ള പ്രവേശനത്തിൽ ഇപ്പോഴും തുടരുന്നവർ എന്നിവർക്ക് പങ്കെടുക്കാൻ അർഹതയില്ല.

• ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ ക്വാട്ട കൗൺസലിങ്ങിന്റെ മൂന്നാം റൗണ്ടിനുശേഷം, എ.എ.സി.സി.സി. പങ്കുവെച്ച, അലോട്‌മെന്റ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരെ, അവർ ഈ സ്‌ട്രേ റൗണ്ടിലേക്ക് ഓപ്ഷൻ രജിസ്റ്റർചെയ്താലും അലോട്‌മെന്റിനായി പരിഗണിക്കില്ല.

പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധം

സ്‌ട്രേ വേക്കൻസി അലോട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ള, അർഹതയുള്ളവർ, പുതുതായി ഓപ്ഷനുകൾ നിർബന്ധമായും രജിസ്റ്റർചെയ്യണം. നേരത്തേ നൽകിയ ഓപ്ഷനുകളൊന്നും തന്നെ സ്‌ട്രേ റൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല.

www.cee.kerala.gov.in -ലെ അവരുടെ ഹോംപേജിൽ ‘സ്‌ട്രേ വേക്കൻസി ഓപ്ഷൻ രജിസ്‌ട്രേഷൻ’ ലിങ്ക് വഴിയാണ് ഓപ്ഷൻ പേജിൽ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്.

സ്‌ട്രേ വേക്കൻസി റൗണ്ടിൽ ഓപ്ഷൻ പ്രോസസ് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ഒഴിവുകളും ഈ റൗണ്ടിൽ നികത്തുന്നതാണ്. അതിനാൽ ഓപ്ഷനുകൾ നൽകുമ്പോൾ ചേരാൻ ആഗ്രഹമുള്ള എല്ലാ ഓപ്ഷനുകളും രജിസ്റ്റർചെയ്യാൻ അർഹതയുള്ളവർ താത്‌പര്യം കാട്ടേണ്ടതാണ്. അലോട്‌മെന്റ് ലഭിച്ചാൽ ചേരുമെന്നുറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കണം. സ്‌ട്രേ റൗണ്ടിൽ ലഭിക്കുന്ന സീറ്റ് പിന്നീട് മാറ്റാൻകഴിയില്ല.

ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ്

ഓപ്ഷനുകൾ രജിസ്റ്റർചെയ്യാൻ താത്‌പര്യമുള്ള എല്ലാവരും ഓപ്ഷൻ രജിസ്റ്റർചെയ്യുന്നതിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ അക്കൗണ്ടിലേക്ക്, ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ആയി 5000 രൂപ അടയ്ക്കണം. പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില വിഭാഗക്കാർ എന്നിവർ, 500 രൂപ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസായി അടയ്ക്കേണ്ടതാണ്. തുക ഓൺലൈൻ ആയോ ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ (പട്ടിക സൈറ്റിലുണ്ട്) അടയ്ക്കാം.

അലോട്‌മെന്റ് കിട്ടി പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീസിൽ വകവെക്കും. അലോട്‌മെന്റ് ലഭിക്കാത്തവർക്ക് ഓപ്ഷൻ രജിസ്‌ടേഷൻ ഫീ തിരികെലഭിക്കും. അലോട്‌മെന്റ് ലഭിച്ചശേഷം പ്രവേശനം നേടാത്തവർക്ക് ഓപ്ഷൻ രജിസ്‌ടേഷൻ ഫീ തിരികെ ലഭിക്കുന്നതല്ല. അത് പിഴയായി കണക്കാക്കും. സ്‌ട്രേ അലോട്‌മെന്റ് പ്രകാരം പ്രവേശനംനേടി സീറ്റ് വേണ്ടെന്നുവെക്കുന്നവരുടെ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് തിരികെനൽകുന്നതല്ല. അത് പെനാൽട്ടിയായി കണക്കാക്കുന്നതാണ്. അവർക്കെതിരേ പ്രോസ്പെക്ടസ് ക്ലോസ് 12.2.4 പ്രകാരമുള്ള നടപടി (ലിക്വിഡേറ്റഡ് ഡാമേജസ്) സ്വീകരിക്കുന്നതുമാണ്.

അലോട്‌മെന്റ്

ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താൻ നവംബർ അഞ്ചിന് വൈകീട്ട് ആറുവരെ സമയം ഉണ്ടാകും. സ്‌ട്രേ റൗണ്ട് താത്‌കാലിക അലോട്‌മെന്റ് ആറിനും ഫൈനൽ അലോട്‌മെന്റ്‌ ഏഴിനും പ്രസിദ്ധപ്പെടുത്തും. അലോട്‌മെന്റ് ലഭിക്കുന്നവർ, ഹോം പേജിൽനിന്ന്‌ അലോട്‌മെന്റ് മെമ്മോ ഡൗൺലോഡുചെയ്തെടുത്ത്, അതിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി ഫീസ് (ബാധകമെങ്കിൽ) അടച്ച് ഏഴിനും ഒൻപതിന് വൈകീട്ട് നാലിനും ഇടയ്ക്ക് കോളേജിൽ ഹാജരായി പ്രവേശനം നേടണം.

ഈ സ്‌ട്രേ റൗണ്ടിനുശേഷം, ഈ കോഴ്‌സുകളിൽ ഒഴിവുകൾ ഉണ്ടാകുന്നപക്ഷം രണ്ടാം സ്‌ട്രേ റൗണ്ടിലൂടെ അവ നികത്തും. ആദ്യ സ്‌ട്രേ റൗണ്ടിലേക്കു രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളേ രണ്ടാം സ്‌ട്രേ റൗണ്ടിലേക്ക് പരിഗണിക്കൂ. രണ്ടാം സ്‌ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ ഉണ്ടാകില്ല. ആദ്യ സ്‌ട്രേ റൗണ്ട് അലോട്‌മെന്റ് പ്രകാരം പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് ഉപേക്ഷിക്കുന്നവർ എന്നിവരെ രണ്ടാംറൗണ്ട് സ്‌ട്രേ റൗണ്ടിലേക്ക് പരിഗണിക്കില്ല.