
കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്റെ ആദ്യറൗണ്ട് അന്തിമ അലോട്മെൻറ് പട്ടികയിൽ രണ്ടു കോഴ്സുകൾക്കുമായി 56 സർക്കാർ/സ്വകാര്യ സ്വാശ്രയ, മെഡിക്കൽ/െഡൻറൽ കോളേജുകളിലായി 5537 പേർക്ക് അലോട്മെൻറ് ലഭിച്ചു.
- എം.ബി.ബി.എസിന് 12 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1385 പേർക്കും 18 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 2400 പേർക്കും (മൊത്തം 30 കോളേജുകൾ, 3785 പേർ) അലോട്മെന്റ് ഉണ്ട്.
- ബി.ഡി.എസിന് ഇത് യഥാക്രമം 237-ഉം (ആറ് കോളേജുകൾ) 1515-ഉം (20 കോളേജുകൾ) ആണ്. മൊത്തം 26 കോളേജുകൾ, 1752 പേർ.
- ഓപ്ഷനുകൾ ക്ഷണിച്ചിരുന്ന എല്ലാ കോളേജുകളിലേക്കും ആദ്യഘട്ടത്തിൽ അലോട്മെൻറ് നടത്തിയിട്ടുണ്ട്.
- എം.ബി.ബി.എസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 715 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും (നീറ്റ് യു.ജി. 2023 റാങ്ക്-8453 വരെ) സ്വാശ്രയവിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിൽ 8200 വരെ സംസ്ഥാന മെഡിക്കൽ റാങ്കുള്ളവർക്കും (നീറ്റ് യു.ജി. 2023 റാങ്ക് 95,902 വരെ) അലോട്മെന്റ് ലഭിച്ചു. കഴിഞ്ഞവർഷം ആദ്യ എം.ബി.ബി.എസ്. അലോട്െമൻറിൽ എസ്.എം. വിഭാഗ അവസാന കേരള മെഡിക്കൽറാങ്കുകൾ 696-ഉം (ഗവ.) 6361-ഉം (സ്വാശ്രയം) ആയിരുന്നു.
- ബി.ഡി.എസിന് ഈവർഷത്തെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ 3944 (ഗവ.), 27,911 (സ്വാശ്രയം) ആണ്. കഴിഞ്ഞവർഷം ഇവ യഥാക്രമം 3303-ഉം 15,992-ഉം ആയിരുന്നു.

ഇടുക്കി, പാലക്കാട്, കോന്നി സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ, വിദ്യാർഥി താത്‌പര്യത്തിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് ഫ്ലോട്ട് ചെയ്തിട്ടുണ്ട്. സ്ഥാപനതലത്തിൽ സ്റ്റേറ്റ് മെറിറ്റ് ഉൾപ്പെടെ പരിഗണിച്ചുള്ള താത്‌കാലിക സീറ്റ് വിഭജനം ഉണ്ടെങ്കിലും സർക്കാർ കോളേജുകളിലെ സീറ്റുകൾ സംസ്ഥാനതലത്തിലാണ് നികത്തുന്നത്. വിദ്യാർഥികൾ കൂടുതൽ താത്‌പര്യം കാട്ടുന്ന കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ തുടക്കത്തിൽതന്നെ നികത്തപ്പെടും. സംവരണ ആനുകൂല്യമുള്ള, സ്റ്റേറ്റ് മെറിറ്റ് അർഹതയുള്ള ഉയർന്ന റാങ്കുകാർ മുൻനിര കോളേജുകൾ ഓപ്റ്റ് ചെയ്യുമ്പോൾ അവർക്ക് ആ കോളേജുകളിൽ സീറ്റ് അനുവദിക്കുന്നതിലേക്ക്, വിദ്യാർഥി താത്‌പര്യം കുറവുള്ള കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റും താത്‌പര്യം കൂടുതലുള്ള കോളേജുകളിലെ സംവരണസീറ്റും പരസ്പരം വെച്ചുമാറ്റി അലോട്െമൻറ് നടത്തും. ഈ രീതിയെയാണ് ഫ്ലോട്ടിങ് എന്ന് വിളിക്കുന്നത്. ഈരീതിയിൽ അലോട്മെന്റ് നടത്തുമ്പോൾ താത്‌പര്യം കുറവുള്ള കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ ആരും ഉണ്ടാകില്ല. അതിനാൽ ലാസ്റ്റ് റാങ്ക് പട്ടികയിൽ ഈ കോളേജുകളിലെ എസ്.എം. സീറ്റിനു താഴെ ഒരു റാങ്ക് ഉണ്ടാകില്ല.
അലോട്മെന്റ് മെമ്മോ, ഫീസ്
അലോട്മെൻറ് ലഭിച്ചവർ, അവരുടെ ഹോം പേജിൽനിന്നും അലോട്മെൻറ് മെമ്മോ ഡൗൺലോഡുചെയ്തെടുക്കണം. പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക അതിൽ രേഖപ്പെടുത്തിയിരിക്കും. തുക ഓൺലൈൻ ആയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോേസ്റ്റാഫീസിൽ (ലിസ്റ്റ് വെബ് സൈറ്റിൽ ഉണ്ട്) പണമായോ ഓഗസ്റ്റ് എട്ടിന് വൈകീട്ട് മൂന്നുവരെ അടയ്ക്കണം.
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാരും പ്രവേശനപരീക്ഷാ കമ്മിഷണറുടെപേരിൽ തുക ഒന്നും അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയ കോളേജിലെ മൈനോറിറ്റി/എൻ.ആർ.ഐ. ക്വാട്ടയിലാണ് അലോട്‌മെൻറ് ലഭിച്ചതെങ്കിൽ അലോട്െമൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസിളവിന് അർഹത ഉണ്ടാകില്ല.
സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 2023-24 ലെ ഫീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഈവിഭാഗം കോളേജുകളിൽ അലോട്മെൻറ് ലഭിച്ചവർ 2022-23 ലെ ഫീസ് താത്‌കാലികമായി അടയ്ക്കണം. പിന്നീട് ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന ഫീസ് അനുസരിച്ച് അധികതുക അടയ്ക്കേണ്ടിവന്നാൽ ആ തുക പിന്നീട് അടയ്ക്കണം.
കോളേജ് പ്രവേശനം
ഫീസടയ്ക്കുന്നവർ എട്ടിന് വൈകീട്ട് നാലിനകം അലോട്മെൻറ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. വെബ് സൈറ്റിൽനിന്നും ഡൗൺലോഡുചെയ്ത ഡേറ്റാഷീറ്റ്, അലോട്മെൻറ് മെമ്മോ, കീം 2023 പ്രോസ്‌പെക്ടസ് പ്രകാരമുള്ള രേഖകൾ (ക്ലോസ് 11.7.1, പേജ് 78) എന്നിവ പ്രവേശനസമയത്ത് ഹാജരാക്കണം. ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.

എൻ.ആർ.ഐ. ക്വാട്ട
സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ. ക്വാട്ടയിൽ അലോട്െമൻറ് ലഭിച്ചവരിൽ വിസ കാലാവധിയിൽ ഇളവുലഭിച്ചവർ, രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷൻതീയതി അവസാനിക്കുന്നതിനുമുമ്പ്, കാലാവധിയുള്ള വിസ ഓൺലൈനായി അപ്‌ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കണം. ഇല്ലെങ്കിൽ അവരുടെ എൻ.ആർ.ഐ. കാറ്റഗറിയും ആ ക്വാട്ടയിൽ ലഭിച്ച അഡ്മിഷനും റദ്ദാക്കും. അതിനാൽ, ഇവരുടെ ആദ്യഘട്ട എൻ.ആർ.ഐ. അലോട്െമൻറ് താത്‌കാലികമായിരിക്കും.

രണ്ടാംഘട്ട അലോട്മെന്റ്
എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെൻറ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. വിജ്ഞാപനം വന്ന ശേഷം, രണ്ടാംഘട്ട അലോട്മെൻറിനു മുമ്പായി അതിൽ പങ്കെടുക്കാൻ അർഹതയുള്ളവർ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാനും താത്‌പര്യമില്ലാത്ത ഓപ്ഷനുകൾ റദ്ദുചെയ്യാനും ആ ഘട്ടത്തിൽ സൗകര്യം ലഭിക്കും. വിശദമായ വിജ്ഞാപനം, അലോട്മെൻറ് ലിസ്റ്റ്, ലാസ്റ്റ് റാങ്ക് പട്ടിക എന്നിവ www.cee.kerala.gov.in-ൽ ഉണ്ട്.
Content Highlights: KEAM 2023 Seat Allotment
Published: 05 Aug 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented