
കേരളത്തിലെ 2023-’24-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി നടത്തിയ ആദ്യ അലോട്മെൻറിൽ എൻജിനിയറിങ് ഗവൺമെൻറ് വിഭാഗം കോളേജുകളിൽ 21,234 വരെ റാങ്കുള്ളവർക്ക് ഏതെങ്കിലും ഒരു ബ്രാഞ്ചിൽ ഏതെങ്കിലും ഒരു ഗവൺമെൻറ്/എയ്ഡഡ് കോളേജിൽ സ്റ്റേറ്റ് മെറിറ്റിൽ (എസ്.എം.) അലോട്മെൻറ് ലഭിച്ചു.
വയനാട് ഗവൺമെൻറ് എൻജിനിയറിങ് കോളേജിലെ സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനിയറിങ് ബ്രാഞ്ചിലെ എസ്.എം. സീറ്റിലാണ് 21,234 റാങ്കിന് അലോട്മെൻറ് ലഭിച്ചത്. 2022-’23-ലും ആദ്യ അലോട്മെൻറിൽ ഈവിഭാഗം എസ്.എം. അവസാനറാങ്ക് ഈ കോളേജിലെ ഈ ബ്രാഞ്ചിലായിരുന്നു. അന്നത്തെ റാങ്ക് 13,209-നായിരുന്നു അവസാന അലോട്മെൻറ്.
2022-’23-നെ അപേക്ഷിച്ച് എല്ലാ ബ്രാഞ്ചുകളിലെയും ആദ്യ അലോട്മെൻറിലെ അവസാന എസ്.എം. റാങ്ക് 2023-’24-ൽ ഗണ്യമായി താഴേക്കുവന്നിട്ടുണ്ട്. ഈ പ്രവണത തുടർറൗണ്ടുകളിലെ അവസാനറാങ്കിലും പ്രതിഫലിക്കുമെന്നതിനാൽ, കഴിഞ്ഞവർഷം അലോട്മെൻറ് പൂർത്തിയായപ്പോൾ ഗവൺമെൻറ് വിഭാഗത്തിൽ അലോട്മെൻറ് ലഭിച്ചവരെക്കാൾ താഴ്ന്നറാങ്കുള്ളവർക്കും ഈ വർഷം ഈവിഭാഗത്തിൽ അലോട്മെൻറ് കിട്ടാം.
താത്പര്യം കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
ഗവൺമെൻറ് വിഭാഗത്തിൽ വിദ്യാർഥികൾ ഏറ്റവുംതാത്‌പര്യം കാട്ടുന്ന ബ്രാഞ്ച്, മുൻവർഷങ്ങളിലെന്നപോലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങാണ്. ഗവൺമെൻറ്/എയ്ഡഡ് വിഭാഗത്തിൽ 10 കോളേജുകളിൽ ഈ ബ്രാഞ്ചുണ്ട്. അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് 2339 ആണ് (2022-ൽ ആദ്യ അലോട്മെൻറിൽ ഈ വിഭാഗത്തിൽ ഈ ബ്രാഞ്ചിലെ അവസാന എസ്.എം. റാങ്ക് 1358 ആയിരുന്നു). തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ഈ ബ്രാഞ്ചിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്ക് -271 (2022-ൽ 105). ഈ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിൽ ഈവർഷം 1000-നുമുകളിൽ റാങ്കിൽ എസ്.എം. സീറ്റ് തീർന്ന ഒരു കോളേജുകൂടി ഉണ്ട്: തൃശ്ശൂർ -547 (2022-ൽ 261), 2022-ൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിൽ, മൊത്തം നാലുകോളേജുകളിൽ 1000-നുമുകളിൽ റാങ്കിൽ എസ്.എം. സീറ്റ് ആദ്യറൗണ്ടിൽ തീർന്നിരുന്നു. ഈവിഭാഗം (ഗവ./എയ്ഡഡ്) കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിലെ 2023-24 ലെ ആദ്യ അലോട്മെൻറിലെ അവസാന എസ്.എം. റാങ്ക് (പട്ടിക -ഒന്ന് കാണുക).
മറ്റുവിഭാഗം സ്ഥാപനങ്ങളിലും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിനോടാണ് പ്രിയം.
• സർക്കാർ കോസ്റ്റ് ഷെയറിങ് വിഭാഗം കോളേജായ തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിലെ ഗവ. ക്വാട്ട അവസാന എസ്.എം. റാങ്ക് 1035 ആണ്. ഇവിടെ ഈ ബ്രാഞ്ചിലെ മാനേജ്‌മെൻറ് ക്വാട്ട അവസാന റാങ്ക് 2460-ഉം. ഈ വിഭാഗം കോളേജുകളിൽ ഈ ബ്രാഞ്ചിൽ വിദ്യാർഥികൾ താത്‌പര്യം കാട്ടിയ മറ്റുകോളേജുകൾ: എസ്.സി.ടി. -യഥാക്രമം-2997, 5166; ചെങ്ങന്നൂർ കോളേജ് ഓഫ് എൻജിനിയറിങ് -6799, 12,930, എൽ.ബി.എസ്. പൂജപ്പുര -8902, 19,219.
• സ്വകാര്യ സ്വാശ്രയവിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിന് എസ്.എം. അവസാന റാങ്ക് 10,000-നുള്ളിൽ വന്നത് അഞ്ചുകോളേജുകളിലാണ്. രാജഗിരി (കൊച്ചി) -3553, മുത്തൂറ്റ് (പുത്തൻകുരിശ്) -5990, ക്രൈസ്റ്റ് (ഇരിങ്ങാലക്കുട) -8643, ഫെഡറൽ (അങ്കമാലി) -7337, മാർ ബസേലിയോസ് (തിരുവനന്തപുരം) -9527.
• കോളേജ് താത്‌പര്യങ്ങൾ: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങാണ് (ടി.വി.ഇ.) വിദ്യാർഥികൾ ഏറ്റവുംതാത്‌പര്യം കാട്ടിയ കോളേജ്. അവിടെയുള്ള, മറ്റുകോളേജുകളിലും ഉള്ള ബ്രാഞ്ചുകളിലെ എസ്.എം. സീറ്റുകൾ ആദ്യം നികത്തപ്പെട്ടത് ഇവിടെയാണ്. അവസാന റാങ്കുകൾ: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് -271, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -392, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -953, അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -1925, മെക്കാനിക്കൽ -2646, സിവിൽ -4935. ഇവിടെ മാത്രമുള്ള ഇൻഡസ്ട്രിയൽ ബ്രാഞ്ചിലെ അവസാന എസ്.എം. റാങ്ക് -7198.
• ഗവ. വിഭാഗത്തിൽ മൊത്തം 10 കോളേജുകളിലെങ്കിലുമുള്ള ബ്രാഞ്ചുകളിൽ വിദ്യാർഥിതാത്‌പര്യത്തിൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ വന്ന കോളേജുകൾ: സിവിൽ -തൃശ്ശൂർ (8072), ടി.കെ.എം. (9323), ബാർട്ടൺഹിൽ (10,926); കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് -തൃശ്ശൂർ (547), ടി.കെ.എം (1111), മാർ അത്തനേഷ്യസ് (1542); ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -തൃശ്ശൂർ (977), ടി.കെ.എം. (2095), ബാർട്ടൺഹിൽ (3337). ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് -തൃശ്ശൂർ (2699), ടി.കെ.എം. (4219), മാർ അത്തനേഷ്യസ് (6358), മെക്കാനിക്കൽ -തൃശ്ശൂർ (5793), ടി.കെ.എം. (9985), ബാർട്ടൺഹിൽ (11,514).
• എൻജിനിയറിങ് റാങ്ക് 18-നും 49,659-നും ഇടയ്ക്കുള്ള 20,576 പേർക്കാണ് എൻജിനിയറിങ് ആദ്യ അലോട്മെന്റുള്ളത്. എൻജിനിയറിങ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 100 റാങ്കിൽ, ഓപ്ഷൻ നൽകിയ 15 പേർക്കാണ് അലോട്മെന്റ്. എല്ലാവരും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (ടി.വി.ഇ.) കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ച് തിരഞ്ഞെടുത്തു.
• മൊത്തം 808 കോഴ്സ്-കോളേജ് കോമ്പിനേഷനുകൾ ആദ്യ അലോട്മെന്റിലുണ്ട്. ഗവൺമെൻറ്് -80, കോസ്റ്റ് ഷെയറിങ് -110, സ്വകാര്യ സ്വാശ്രയം -618. സ്വകാര്യ സ്വാശ്രയവിഭാഗത്തിലെ 94 കോഴ്സ് -കോളേജ് കോമ്പിനേഷനുകളിൽ, ഗവൺമെൻറ്് ക്വാട്ടയിൽ ഒരു വിദ്യാർഥിക്കുപോലും അലോട്മെന്റില്ല. വിശദമായ അവസാന റാങ്ക് (കോളേജ്/ ബ്രാഞ്ച്/കാറ്റഗറി) നില www.cee.kerala.gov.in-ൽ ലഭിക്കും.

ഓഗസ്റ്റ് നാലുവരെ ഫീസ് അടയ്ക്കാം, രണ്ടാംറൗണ്ടിന് കൺഫർമേഷൻ നടത്താം
- 2023-’24-ലെ കേരളത്തിലെ എൻജിനിയറിങ് പ്രവേശനത്തിന്റെ ആദ്യ അലോട്മെൻറ് ഫലം www.cee.kerala.gov.in-ൽ പ്രസിദ്ധപ്പെടുത്തി.
- അലോട്മെൻറ് ലഭിച്ചവർ അലോട്മെൻറ് മെമ്മോയുടെ പ്രിൻറ്ഔട്ട് എടുക്കണം. പേര്, റോൾ നമ്പർ, അലോട്മെൻറ് ലഭിച്ച കോഴ്സ്, കോളേജ്, കാറ്റഗറി, പ്രവേശനപരീക്ഷാകമ്മിഷണറുടെ പേരിൽ അടയ്ക്കേണ്ട ഫീസ്/തുക തുടങ്ങിയ വിവരങ്ങൾ മെമ്മോയിൽ കാണാൻ കഴിയും.
- ബാധകമായ തുക ഓഗസ്റ്റ് നാലിന് വൈകീട്ട് മൂന്നിനകം ഓൺലൈനായോ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പട്ടികപ്രകാരമുള്ള ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ പ്രവേശനപരീക്ഷാകമ്മിഷണറുടെ പേരിൽ അടയ്ക്കണം.
- സമയപരിധിക്കകം ഫീസടയ്ക്കാത്തവരുടെ അലോട്മെൻറും ഈ സ്ട്രീമിലെ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെട്ട ഓപ്ഷനുകൾ തുടർന്നുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല. ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ കീഴിലുള്ള സർക്കാർ എൻജിനിയറിങ് കോളേജുകളിൽ അലോട്മെൻറ് ലഭിച്ച എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാർ ഒഴികെയുള്ളവർ ട്യൂഷൻ ഫീസിനൊപ്പം 1000 രൂപ കോഷൻ ഡെപ്പോസിറ്റും അടയ്ക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗം വിദ്യാർഥികൾ ഒടുക്കിയ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ, ടോക്കൺ ഫീ എന്നിവ കോഷൻ ഡെപ്പോസിറ്റിൽ വകയിരുത്തും.
- അലോട്മെന്റ് ലഭിച്ചവർ ഇപ്പോൾ കോളേജിൽ പോയി പ്രവേശനം നേടേണ്ടതില്ല.
- രണ്ടാംഘട്ട അലോട്മെൻറ് നടപടികൾ ഇതോടൊപ്പം തുടങ്ങുകയാണ്. ആദ്യഘട്ട അലോട്മെൻറ് ലഭിച്ച് ഫീസ് അടച്ചവർ, ആദ്യഘട്ടത്തിൽ അലോട്മെൻറ് ഒന്നും ലഭിക്കാത്തവർ എന്നിവർക്ക് എൻജിനിയറിങ് രണ്ടാംഘട്ട അലോട്മെൻറിൽ പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ളപക്ഷം, ഹോംപേജ് വഴി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. അതിന് ഹോംപേജിലെ ബന്ധപ്പെട്ട ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും. ഈ സൗകര്യം ഓഗസ്റ്റ് നാലിന് വൈകീട്ട് നാലുവരെ ലഭിക്കും. ഹയർ ഓപ്ഷനുകളിൽ താത്‌പര്യമില്ലാത്തവമാത്രം ഒഴിവാക്കാം. രണ്ടാംഘട്ടത്തിൽ മാറ്റംവേണ്ടെങ്കിൽ ഹയർഓപ്ഷനുകൾ പൂർണമായും റദ്ദാക്കാം. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം. കൂടാതെ, രണ്ടാംഘട്ടത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഓപ്ഷനുകൾ ഈ വേളയിൽ ഉൾപ്പെടുത്താം.
- ഫീസടച്ച് ആദ്യഘട്ട അലോട്മെന്റ് സ്വീകരിച്ചവർ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തപക്ഷം അവരുടെ ആദ്യഘട്ട അലോട്മെൻറ് നിലനിൽക്കും. ഒന്നാംഘട്ടത്തിൽ അലോട്മെൻറ് ലഭിച്ചവരിൽ സമയപരിധിക്കകം ബാധകമായ തുക അടയ്ക്കാത്തവർ, ഓപ്ഷൻ കൺഫർമേഷൻ നടത്തിയാലും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷൻ നഷ്ടപ്പെടും. ആർക്കിടെക്‌ചർ റാങ്ക് പട്ടികയിലുള്ളവർക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർചെയ്യാം.
- രണ്ടാംഘട്ട പ്രൊവിഷണൽ അലോട്മെൻറ്് (എൻജിനിയറിങ്, ആർക്കിടെക്ചർ) ഓഗസ്റ്റ് ഏഴിന്
- രണ്ടാംഘട്ട അന്തിമ അലോട്മെൻറ് ഓഗസ്റ്റ് എട്ടിന്. അലോട്മെന്റ് ലഭിക്കുന്നവർ ബാധകമായ ഫീസ് അടയ്ക്കണം.
- രണ്ടുഘട്ടങ്ങളിലുമായി അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ രണ്ടാം ഘട്ടത്തിനുശേഷം കോളേജിൽ പ്രവേശനം നേടണം. ഓഗസ്റ്റ് 10 മുതൽ 16-ന് വൈകീട്ട് മൂന്നുവരെ അതിന് സൗകര്യമുണ്ടാകും.
Content Highlights: KEAM Seat Allotment 2023, engineering allotment 2023, education news, latest news, malayalam,
Published: 31 Jul 2023, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented