കേരളത്തിലെ 2023-ലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽ വിഭാഗത്തിലെ നാലും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴും ഫാർമസി ബിരുദ പ്രോഗ്രാമിനുമുള്ള ആദ്യ റൗണ്ട് ഓപ്ഷൻ രജിസ്‌ട്രേഷൻ www.cee.kerala.gov.in ൽ സെപ്‌റ്റംബർ 11-ന് വൈകീട്ട് മൂന്ന് വരെ നടത്താം.

To advertise here,

കോഴ്‌സുകൾ

  • മെഡിക്കൽ: ബി.എ.എം.എസ്. - കേരള ആയുർവേദ റാങ്ക് പട്ടിക പ്രകാരം. ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്‌. - മൂന്നും കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രകാരം. ഈ നാലു പ്രോഗ്രാമുകളിലും പ്രവേശനം തേടുന്നവർ, കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. കൂടാതെ, നീറ്റ് യു.ജി. 2023 ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള നീറ്റ് സ്കോർ യോഗ്യത വേണം (കാറ്റഗറിയനുസരിച്ച്, നീറ്റ് യു.ജി. യിൽ 50-ാം/40-ാം/45-ാം പെർസന്റൈൽ സ്കോർ ഉണ്ടായിരിക്കണം).
  • മെഡിക്കൽ അനുബന്ധം: ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്, ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക്. ബയോടെക്‌നോളജി (കാർഷിക സർവകലാശാലയിലേത്). ഈ ഏഴ് കോഴ്‌സുകളിൽ പ്രവേശനം തേടുന്നവർ കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. നീറ്റ് യു.ജി. 2023 ൽ, കീം പ്രോസ്പെക്ടസ് ക്ലോസ് 9.7.5 (iii) പ്രകാരമുള്ള മാർക്ക് നേടിയിരിക്കണം (720 ൽ 20 മാർക്ക്. പട്ടിക വിഭാഗക്കാർക്ക് ഈ ഏഴ് കോഴ്‌സുകൾക്ക് മിനിമം മാർക്ക് വ്യവസ്ഥയില്ല)
  • ബി.ഫാം: പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച ബി.ഫാം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കണം. പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തിയ ഫാർമസി പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോർ അടിസ്ഥാനമാക്കി, കീം പ്രോസ്പെക്ടസ് ക്ലോസ് 9.7.4 (f) പ്രകാരം കണക്കാക്കിയ ഇൻഡക്സ് മാർക്ക് പരിഗണിച്ചാണ് ഫാർമസി റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഫീസ്

  • സർക്കാർ വിഭാഗം സ്ഥാപനങ്ങളിലെ ഫീസ് ഇപ്രകാരമാണ്: ആയുർവേദം -13230 രൂപ, ഹോമിയോപ്പതി - 1310 രൂപ, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് -15000, ബയോടെക്‌നോളജി -30000, വെറ്ററിനറി -20790, ഫിഷറീസ് സയൻസ് -16104, ഫാർമസി -17370.
  • സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ്: ആയുർവേദം -282821, സിദ്ധ, യുനാനി -272406, ഫാർമസി -98000.
  • സ്വാശ്രയ കോളേജുകളിലെ ഫീസ് താത്‌കാലികമാണ്. ഫീസ് പുനർനിർണയിക്കുമ്പോൾ അധിക ഫീസ് അടയ്ക്കേണ്ടിവന്നാൽ വിദ്യാർഥികൾ അന്ന് അത് അടയ്ക്കേണ്ടതാണ്. ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക www.cee.kerala.gov.in ൽ ഉള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

ഓപ്ഷൻ രജിസ്‌ട്രേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ രജിസ്‌ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. അലോട്‌മെന്റ് കിട്ടി പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീസിൽ വകവെക്കും. പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റു ചില വിഭാഗക്കാർ എന്നിവർ, 500 രൂപ രജിസ്‌ട്രേഷൻ ഫീസായി അടയ്ക്കേണ്ടതാണ്. ഇവരുടെ കാര്യത്തിൽ, പ്രവേശനം നേടുന്ന പക്ഷം ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റിൽ വകകൊള്ളിക്കും.

തുക ഓൺലൈനായി അടയ്ക്കാം. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കാം. അലോട്‌മെന്റ് ലഭിക്കാത്തവർക്ക് രജിസ്‌ട്രേഷൻ ഫീ തിരികെ ലഭിക്കും. റീഫണ്ട് ലഭിക്കുന്നതിലേക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹോം പേജിൽ നൽകണം.

എം.ബി.ബി.എസ്./ബി.ഡി.എസ്. ഓപ്ഷൻ രജിസ്‌ട്രേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീയടച്ചവർ ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ വീണ്ടും അടയ്ക്കേണ്ടതില്ല. രജിസ്‌ട്രേഷൻ ഫീ അടച്ചശേഷമേ ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിലേക്ക് കടക്കാൻ കഴിയൂ.

ഓപ്ഷൻ രജിസ്‌ട്രേഷൻ

ഒരു കോഴ്‌സും കോളേജും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഉൾപ്പെട്ടിരിക്കുന്ന റാങ്ക് പട്ടിക/പട്ടികകൾ എന്നിവയ്ക്കനുസരിച്ച് ഒരു അപേക്ഷാർഥിക്ക് നൽകാവുന്ന എല്ലാ ഓപ്ഷനുകളും അപേക്ഷാർഥിയുടെ ഹോം പേജിലുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ലിങ്കിൽ കാണാം. ബാധകമായ ഫീസും ഓരോ ഓപ്ഷനോടൊപ്പം കാണാം.

മുൻഗണന നിശ്ചയിച്ച് താത്‌പര്യമുള്ള അത്രയും ഓപ്ഷനുകൾ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാം. അലോട്ടു ചെയ്യപ്പെട്ടാൽ പോകുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രമേ രജിസ്റ്റർ ചെയ്യാവൂ. കാരണം, രജിസ്റ്റർ ചെയ്ത ഒരു ഓപ്ഷൻ അനുവദിച്ചാൽ അതു സ്വീകരിക്കണം. സ്വീകരിച്ചില്ലെങ്കിൽ അലോട്‌മെന്റ് നഷ്ടപ്പെടും. ബാധകമായ സ്ട്രീമിൽനിന്ന്‌ പുറത്താവുകയും ചെയ്യും.

ഈ ഘട്ടത്തിൽ നൽകുന്ന ഓപ്ഷനുകളായിരിക്കും തുടർ റൗണ്ടുകളിലും പരിഗണിക്കുക. ഈ ഘട്ടത്തിൽ ലഭ്യമായ ഓപ്ഷനുകളിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാത്തവ തുടർ റൗണ്ടുകളിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ താത്‌പര്യമുള്ള ഓപ്ഷനുകൾ എല്ലാം ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ താത്‌പര്യം കാട്ടണം.

പല കാരണങ്ങളാൽ, വിവിധ റാങ്ക് പട്ടികകളിൽ ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓപ്ഷൻ നൽകാം. അവർ 12-ന് രാവിലെ 11-നകം നിശ്ചിതരേഖകൾ നൽകി അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽ മാത്രമേ അവരുടെ ഓപ്ഷനുകൾ അലോട്‌മെന്റിനായി പരിഗണിക്കൂ.

അലോട്‌മെന്റ്‌

  • ആദ്യ പ്രൊവിഷണൽ അലോട്‌മെന്റ് 13-നും ആദ്യഘട്ട ഫൈനൽ അലോട്‌മെന്റ് 14-നും പ്രഖ്യാപിക്കും. അലോട്‌മെന്റ്‌ ലഭിക്കുന്നവർ അലോട്‌മെന്റ്‌ മെമ്മോയിൽ നൽകിയിട്ടുള്ള ഫീസ് അലോട്‌മെന്റ്‌ ലഭിച്ച കോളേജിൽ അടച്ച് പ്രവേശനം നേടണം. 16-നും 20-ന് വൈകീട്ട് നാലിനും ഇടയ്ക്ക് പ്രവേശനം നേടണം.
  • ആയുർവേദ, സിദ്ധ, യുനാനി സ്വാശ്രയ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണർ ഇതോടൊപ്പം നടത്തും. മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഈ ഘട്ടത്തിലേക്കു നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചും ഡൊമിസൈൽ പരിഗണിക്കാതെയുമായിരിക്കും അലോട്‌മെന്റ്.

എം.ബി.ബി.എസ്/ബി.ഡി.എസ്. മൂന്നാം ഘട്ടം ഓപ്ഷൻ കൺഫർമേഷൻ

  • എം.ബി.ബി.എസ്/ബി.ഡി.എസ്. കോഴ്‌സുകളിലെ മൂന്നാം ഘട്ട അലോട്‌മെന്റിലേക്കു പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ളവർക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്തി ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ 11-ന് വൈകീട്ട് മൂന്ന് വരെ സമയമുണ്ടാകും. ഇതിനകം പ്രവേശനം നേടിയവരും ഇതുവരെ അലോട്‌മെന്റ് ഒന്നും ലഭിക്കാത്തവരും മൂന്നാംഘട്ട അലോട്‌മെന്റിൽ പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ള പക്ഷം, ഹോം പേജ് വഴി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. അതിന് ഹോം പേജിലെ ബന്ധപ്പെട്ട ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും.
  • അവശേഷിക്കുന്ന ഹയർ ഓപ്ഷനുകളിൽ, താത്‌പര്യമില്ലാത്തവ മാത്രം ഒഴിവാക്കാം. മൂന്നാം ഘട്ടത്തിൽ മാറ്റം വേണ്ടെങ്കിൽ ഹയർ ഓപ്ഷനുകൾ പൂർണമായും റദ്ദാക്കാം. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം. അലോട്‌മെന്റ് സ്വീകരിച്ചവർ ഓപ്ഷൻ കൺഫർമേഷൻ നടത്താത്ത പക്ഷം അവരുടെ ഇപ്പോഴുള്ള അഡ്മിഷൻ നിലനിൽക്കും.
  • കരുണ മെഡിക്കൽ കോളേജിലേക്കുള്ള അലോട്‌മെന്റും ഈ ഘട്ടത്തിൽ നടത്തും. ഈ ഘട്ടത്തിന്റെ സമയക്രമം മറ്റ് മെഡിക്കൽ/മെഡിക്കൽ അനുബന്ധ/ഫാർമസി കോഴ്‌സുകൾക്കു ബാധകമായതു തന്നെയായിരിക്കും. വിജ്ഞാപനത്തിൽ അത് നൽകിയിട്ടുണ്ട്.
  • എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിലെ ഓൾ ഇന്ത്യ ക്വാട്ട മൂന്നാം റൗണ്ടിൽ അലോട്‌മെന്റ് ലഭിച്ച വിദ്യാർഥികളുടെ ലിസ്റ്റ് എൻ.എം.സി./എം.സി.സി.; പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിൽ ലഭ്യമാക്കുകയും അവരെ സംസ്ഥാനത്തെ മൂന്നാംഘട്ട അലോട്‌മെന്റിൽ അയോഗ്യരാക്കണമെന്ന് നിർദേശിക്കുകയും ചെയ്താൽ അവർ മൂന്നാം ഘട്ടത്തിലേക്കു നൽകിയിട്ടുള്ള ഓപ്ഷനുകൾ അലോട്‌മെന്റിന് പരിഗണിക്കുന്നതല്ല. അവർ സംസ്ഥാന മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ അയോഗ്യരായിരിക്കും.
  • ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും അഡ്മിഷൻ ലഭിച്ചവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് നഷ്ടപ്പെടുത്തി പ്രവേശനം റദ്ദു ചെയ്യാൻ 11-ന് രാവിലെ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. അവർക്ക് താത്‌പര്യമുള്ള പക്ഷം സ്‌ട്രേ റൗണ്ടിൽ പങ്കെടുക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ഉണ്ട്.