സ്പെയ്സ് സയൻസിൽ അഭിരുചിയും താത്പര്യവുമുള്ളവർക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിൽ പഠിക്കാനും നിശ്ചിത ഗ്രേഡോടെ കോഴ്സ് പൂർത്തിയാക്കുന്നപക്ഷം ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ)/സ്പെയ്സ് ഡിപ്പാർട്ടുമെൻറിൽ ജോലി നേടാനും അവസരം. കേന്ദ്ര ബഹിരാകാശവകുപ്പിനുകീഴിലെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം (വലിയമല) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയാണ് (ഐഐഎസ്‌ടി) പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് അവസരം നൽകുന്നത്. പ്രവേശനഘട്ടത്തിലും കോഴ്സ് പഠനകാലയളവിലും മികവുകാട്ടുന്നവർക്ക് പൂർണ/ഭാഗിക ഫീസ് ഇളവോടെ പഠിക്കാനും അവസരമുണ്ട്.
പ്രോഗ്രാമുകൾ, സീറ്റുകൾ
നാലുവർഷം ദൈർഘ്യമുള്ളതാണ് ബിടെക് പ്രോഗ്രാമുകൾ
• നിലവിലുള്ള എയ്‌റോ സ്പെയ്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ ബ്രാഞ്ചുകളിലെ ബിടെക് പ്രോഗ്രാമുകൾക്കൊപ്പം 2025 ഓഗസ്റ്റിൽ പുതിയതായി തുടങ്ങുന്ന ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഡേറ്റാ സയൻസ്) എന്ന പ്രോഗ്രാമിലേക്കും ഈ വർഷം പ്രവേശനം നൽകും.
• അഞ്ചുവർഷത്തെ ഡ്യുവൽ ഡിഗ്രി-ബിടെക് എൻജിനിയറിങ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി -പ്രോഗ്രാമും സ്ഥാപനത്തിലുണ്ട്.
•മാസ്റ്റർ ഓഫ് സയൻസിൽ അസ്ട്രൊണമി ആൻഡ് അസ്‌ട്രൊഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയും മാസ്റ്റർ ഓഫ് ടെക്നോളജി (എംടെക്) പ്രോഗ്രാമിൽ എർത്ത് സിസ്റ്റം സയൻസ്, ഒപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയും സ്പെഷ്യലൈസേഷനുകളായുണ്ട്. ഒന്ന് തിരഞ്ഞെടുക്കാം
• ആറാം സെമസ്റ്റർ പൂർത്തിയാക്കുമ്പോൾ വിദ്യാർഥിയുടെ താത്‌പര്യം, ആറാം സെമസ്റ്റർ വരെയുള്ള മികവ് എന്നിവ പരിഗണിച്ച് മാസ്റ്റേഴ്സ് സ്ട്രീം അനുവദിക്കും. ഈ അഞ്ചുവർഷ പ്രോഗ്രാമിൽ, നാലുവർഷ ബിടെക് കഴിഞ്ഞ് പൊതുവേ എക്സിറ്റ് ഓപ്ഷനില്ല. എന്നാൽ, ബിടെക് തലത്തിൽ മികവുകാട്ടാത്തവരെ വ്യവസ്ഥകൾക്കു വിധേയമായി ബിടെക് ബിരുദവുമായി എക്സിറ്റ് ചെയ്യാൻ അനുവദിച്ചേക്കാം.
അക്കാദമിക് യോഗ്യത
പ്ലസ്ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം എന്നിവ പഠിച്ച് അഞ്ചിനും കൂടി മൊത്തം 75 ശതമാനം മാർക്കുവാങ്ങി (പട്ടിക/ഭിന്നശേഷിക്കാർക്ക് 65 ശതമാനം) ജയിച്ചിരിക്കണം.
യോഗ്യതാപരീക്ഷകളിൽ സിബിഎസ്ഇ/സിഐഎസ് സിഇ ഉൾപ്പെടെയുള്ള കേന്ദ്രബോർഡുകളോ അംഗീകൃത സംസ്ഥാന ബോർഡുകളോ നടത്തുന്ന പ്ലസ്ടു പരീക്ഷ, അഞ്ചു വിഷയങ്ങൾ പഠിച്ചുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ, എച്ച്എസ്‌സി വൊക്കേഷണൽ പരീക്ഷ, ചില വിദേശപരീക്ഷകൾ തുടങ്ങിയവയും ഉൾപ്പെടും.
2025-ലെ ജെഇഇ അഡ്വാൻസ്ഡിൽ കാറ്റഗറിയനുസരിച്ച് മൊത്തത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും നിശ്ചിത കട്ട്ഓഫ് മാർക്ക് ശതമാനം നേടണം.
ജനറൽ വിഭാഗക്കാർ മൊത്തത്തിൽ 20 ശതമാനവും വിഷയങ്ങൾക്ക് ഓരോന്നിനും അഞ്ചുശതമാനവും മാർക്ക് നേടിയിരിക്കണം.
മറ്റുവിഭാഗങ്ങൾ നേടേണ്ട മാർക്ക്: ഒബിസി എൻസിഎൽ/ഇഡബ്ല്യുഎസ് -18 ശതമാനം, 4.5 ശതമാനം; പട്ടിക/ഭിന്നശേഷി വിഭാഗം -10 ശതമാനം, 2.5 ശതമാനം.
ജെഇഇ അഡ്വാൻസ്ഡ് കട്ട് -ഓഫ് മാർക്ക് ഇപ്രകാരമായിരിക്കും. (i) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് - ജനറൽ -ആറു മാർക്കുവീതം, ഒബിസി എൻസിഎൽ/ഇഡബ്ല്യുഎസ് -അഞ്ച് മാർക്കുവീതം, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ -മൂന്നു മാർക്കുവീതം
(ii) മൊത്തത്തിൽ വേണ്ട മാർക്ക്: ജനറൽ -72, ഇഡബ്ല്യുഎസ്, ഒബിസി എൻസിഎൽ -65, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ -36
1.10.2000-നോ ശേഷമോ ആയിരിക്കണം ജനനം. പട്ടിക/ഭിന്നശേഷി വിഭാഗക്കാരെങ്കിൽ 1.10.1995-നോ ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ
രജിസ്ട്രേഷൻ ജൂൺ ഒൻപതിന് രാത്രി 11.59 വരെ admission.iist.ac.in വഴി നടത്താം. ബ്രാഞ്ച് താത്‌പര്യവും അപ്പോൾ നൽകണം. രജിസ്ട്രേഷൻ ഫീസ്: വനിതകൾ, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർ -500 രൂപ; മറ്റുള്ളവർ -1000 രൂപ.
ജൂൺ 11-ന് വൈകീട്ട് അഞ്ചിന് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ബ്രാഞ്ച് താത്‌പര്യങ്ങൾ 12-ന് വൈകീട്ട് അഞ്ചുവരെ ഭേദഗതിചെയ്യാം.
സീറ്റ് അലോട്മെന്റ്/അക്സപ്റ്റൻസ് നടപടികൾ/ റൗണ്ടുകൾ 13-ന് തുടങ്ങും. ജൂലായ് മൂന്നുവരെ നീണ്ടുനിൽക്കും. അതിനുശേഷം, ആവശ്യമെങ്കിൽ ഓൺലൈൻ സ്പോട്ട് അഡ്മിഷൻ/അക്സപ്റ്റൻസ് റൗണ്ടുകൾ നടത്തും.
അലോട്മെന്റ് ലഭിക്കുന്നവർ ജൂലായ് 21-ന് രാവിലെ 10-ന് പ്രവേശനത്തിന് സ്ഥാപനത്തിൽ റിപ്പോർട്ടുചെയ്യണം. 21-ന് പ്രവേശനം പൂർത്തിയാക്കും. ക്ലാസുകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും.
ഫീസ്
പ്രവേശനം നേടുന്നവർ ഒറ്റത്തവണ ഫീസായി ആദ്യ സെമസ്റ്ററിൽ 6500 രൂപയും അവസാന സെമസ്റ്ററിൽ 2500 രൂപയും അടയ്ക്കണം. സെമസ്റ്റർ ഫീസായി വിവിധ ഇനങ്ങളിലായി 67,950 രൂപ അടയ്ക്കണം. ഇതിൽ ട്യൂഷൻ ഫീസ് 62,500 രൂപയാണ്.
പട്ടിക/ഭിന്നശേഷി വിഭാഗക്കാർ, ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. മറ്റുവിഭാഗക്കാർക്ക് രക്ഷിതാവിന്റെ വാർഷികവരുമാനം പരിഗണിച്ച് ട്യൂഷൻ ഫീസ് ഇളവുകളുണ്ടാകും. രക്ഷിതാക്കളുടെ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ താഴെയാണെങ്കിൽ ട്യൂഷൻ ഫീസ് നൽകേണ്ട.
ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ വാർഷികവരുമാനമുള്ളവർ 20,850 രൂപ ട്യൂഷൻ ഫീസ് നൽകിയാൽമതി. അഞ്ചുലക്ഷത്തിൽ കൂടുതൽ വാർഷികവരുമാനമുള്ളവർ മുഴുവൻ ട്യൂഷൻ ഫീസും നൽകണം. ഹോസ്റ്റൽ ആൻഡ് മെസ് ഫീസ് (സെമസ്റ്റർ) -23,750 രൂപ.
മെറിറ്റ് സ്കോളർഷിപ്പ്
പ്രവേശനം നേടുന്നവരിൽ 2025 ജെഇഇ അഡ്വാൻസ്ഡിൽ 1000-നുള്ളിൽ ഓൾ ഇന്ത്യ റാങ്ക് നേടി, മുന്നിലെത്തുന്ന അഞ്ചുപേർ ആദ്യവർഷ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. തുടർവർഷങ്ങളിൽ ഈ ഇളവ് ലഭിക്കാൻ ഓരോ വർഷവും അവസാനം സിജിപിഎ ഒൻപത് എങ്കിലും നേടണം.
ഒരു സെമസ്റ്ററിൽ സിജിപിഎ ഒൻപത് എങ്കിലും നേടുന്നവർക്ക് അടുത്ത സെമസ്റ്ററിൽ ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുകിട്ടും. ഓരോ പ്രോഗ്രാമിലും പ്രവേശനം നേടിയവരിൽ പരമാവധി 10 ശതമാനം പേർക്കേ ഈ ഇളവ് ലഭിക്കൂ.
പിഐഒ/ഒസിഐ വിഭാഗക്കാർ ഒറ്റത്തവണ ഫീസ്, സെമസ്റ്റർ ഫീസ്, ഹോസ്റ്റൽ ആൻഡ് മെസ് ഫീസ് എന്നിവ പൂർണമായും അടയ്ക്കണം. അവരുടെ പ്രവേശനം ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ അടിസ്ഥാനമാക്കിയായിരിക്കും.
ഐഎസ്ആർഒ/ഡിഒഎസ് നിയമനം
4/5 വർഷ കോഴ്സ് (പുതിയ ബിടെക് പ്രോഗ്രാം ഒഴികെ) വിദ്യാർഥികളെ ഒഴിവുകൾ പരിഗണിച്ച് വ്യവസ്ഥകൾക്ക് വിധേയമായി ഐഎസ്ആർഒ/ഡിഒഎസിൽ സയന്റിസ്റ്റ്/എൻജിനിയർ എസ്‌സി തസ്തികയിൽ നിയമിക്കപ്പെടാം.
ബിടെക്കിന് സെമസ്റ്റർ ആറിന്റെയും ഡ്യുവൽ സിഗ്രിക്ക് സെമസ്റ്റർ എട്ടിന്റെയും അവസാനം സിജിപിഎ ഏഴെങ്കിലും ലഭിക്കുന്നവർക്ക് ഐഎസ്ആർഒ ഹെഡ്ക്വാർട്ടേഴ്സ് സംഘടിപ്പിക്കുന്ന ജോബ് പ്ലേസ്‌മെന്റ് അഭിമുഖം അഭിമുഖീകരിക്കാനുള്ള അർഹത കിട്ടും. ഇതിന്റെയടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന പാനൽ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ബിടെക് കോഴ്സ് നാലുവർഷം കൊണ്ടും ഡ്യുവൽ ഡിഗ്രി അഞ്ചുവർഷത്തിലും സിജിപിഎ 7.5 എങ്കിലും വാങ്ങി പൂർത്തിയാക്കുന്നപക്ഷം ഓഫർ ലെറ്റർ ലഭിക്കാൻ അർഹതയുണ്ടാകും. ഇവർക്ക് ഐഎസ്ആർഒ മാനദണ്ഡങ്ങൾപ്രകാരമുള്ള മെഡിക്കൽ ഫിറ്റ്നസ് വേണം. ഐഎസ്ആർഒ സെന്ററുകൾ/യൂണിറ്റുകൾ എന്നിവയിലേക്കാകും നിയമനം. ഒസിഐ/പിഐഒ വിഭാഗക്കാർക്ക് നിയമനത്തിന് അർഹതയില്ല. പുതിയതായി തുടങ്ങുന്ന ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (ഡേറ്റാ സയൻസ്) പ്രോഗ്രാമിലെ വിദ്യാർഥികൾക്ക് ഈ വ്യവസ്ഥ ബന്ധപ്പെട്ട സമിതികളുടെ അംഗീകാരത്തിനു വിധേയമായിമാത്രമേ, ബാധകമാക്കൂ.
ഐഐഎസ്‌ടിയിലെ മുൻവർഷങ്ങളിലെ പ്രവേശനത്തിലെ വിവിധ പ്രോഗ്രാമുകൾ/കാറ്റഗറികൾ എന്നിവയിലെ ഓപ്പണിങ്/ക്ലോസിങ് മാർക്ക് ശതമാനം (ജെഇഇ അഡ്വാൻസ്ഡ്) യുജി അഡ്മിഷൻ ബ്രോഷർ ക്ലോസ് 15-ൽ നൽകിയിട്ടുണ്ട്.
Content Highlights: IIST Admission 2025: B.Tech, M.Tech in Space Science
Published: 06 Jun 2025, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented