സൗരയൂഥത്തിലേക്ക് പ്രവേശിച്ച മൂന്നാമത്തെ നക്ഷത്രാന്തര വസ്തുമായ 3I/ATLAS-നെ ഏറെക്കാലമായി നിരീക്ഷിച്ചു വരികയാണ് ശാസ്ത്രലോകം. 2025 ജൂലായിൽ കണ്ടെത്തിയ ഈ വാൽനക്ഷത്രം അതിന്റെ അസാധാരണമായ സഞ്ചാരപഥവും പ്രത്യേകതകളും കാരണം ഉത്ഭവം സംബന്ധിച്ച ഊഹാപോഹങ്ങൾ ഉയർത്തിയതോടെയാണിത്. നിഗൂഢ സ്വഭാവം പ്രകടിപ്പിക്കുന്ന അത് സ്വാഭാവികമായ ഒന്നായിരിക്കില്ലെന്ന് ഹാർവാഡ് ശാസ്ത്രജ്ഞനായ ആവി ലോബ് ഉൾപ്പെടെയുള്ള ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടതോടെ ജിജ്ഞാസ വർധിച്ചു.

To advertise here,

എന്നാൽ നാസ അതെല്ലാം നിഷേധിക്കുകയും അതൊരു 'വാൽനക്ഷത്രം' മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒടുവിൽ 3I/ATLAS ഒരു അന്യഗ്രഹ പേടകമല്ലെന്നും സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ സ്വാഭാവിക വാൽനക്ഷത്രമാണെന്നും സ്ഥിരീകരിച്ചിരിക്കുകയാണ് ഒരുസംഘം ജ്യോതിശാസ്ത്രജ്ഞർ.

അന്യഗ്രഹ സാങ്കേതികവിദ്യയുടെ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 3I/ATLAS-നെ സ്‌കാൻ ചെയ്യാൻ ഗ്രീൻ ബാങ്ക് ടെലിസ്‌കോപ്പ്, MeerKAT എന്നിവയുൾപ്പെടെയുള്ള ശക്തമായ റേഡിയോ ടെലിസ്‌കോപ്പുകൾ ഗവേഷകർ ഉപയോഗിച്ചു. എങ്കിലും കൃത്രിമ റേഡിയോ പ്രക്ഷേപണങ്ങളുടെ തെളിവുകളൊന്നും കണ്ടെത്തിയില്ല. വാൽനക്ഷത്രം ഒരു സ്വാഭാവിക വസ്തുവാണെന്ന് ഇതോടെ വ്യക്തമായതായി ശാസ്ത്രജ്ഞർ പറയുന്നു.

അന്യഗ്രഹ സാങ്കേതികവിദ്യയുടെ അടയാളങ്ങൾ കണ്ടെത്താൻ ആവേശത്തോടെയാണ് തിരച്ചിൽ നടത്തിയതെന്നും എന്നാൽ അതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ പ്രധാന ഗവേഷകൻ ബെഞ്ചമിൻ ജേക്കബ്‌സൺ-ബെൽ സ്‌പേസ്.കോമിനോട് പറഞ്ഞു. സിഗ്‌നലുകളൊന്നും കണ്ടെത്താൻ കഴിയില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പരിശോധിച്ച് ഉറപ്പിക്കേണ്ടിയിരുന്നു എന്ന് അദ്ദേഹം പറയുന്നു.

3I/ATLAS ഡിസംബർ 19-ന് ഭൂമിക്ക് സമീപം വരികയും 269 ദശലക്ഷം കിലോമീറ്റർ അകലത്തിലൂടെ സുരക്ഷിതമായി കടന്നുപോകുകയും ചെയ്തിരുന്നു. നിഗൂഢ വാൽനക്ഷത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗരയൂഥത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലും ശാസ്ത്രജ്ഞർ ഇതിന്റെ ഡാറ്റ വിശകലനം ചെയ്യുന്നത് തുടരും.

100 മീറ്റർ വീതിയുള്ള ഒരു റേഡിയോ ഡിഷാണ് ഗ്രീൻ ബാങ്ക് ടെലിസ്‌കോപ്പ്. മറ്റ് റേഡിയോ സിഗ്നലുകളിൽനിന്ന് മുക്തമായതായ നിയന്ത്രിത മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 0.1 വാട്ട്‌സ് വരെയുള്ള ട്രാൻസ്മിറ്ററുകളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഇത് സഹായിക്കും. സ്മാർട്ട്‌ഫോണുകൾ സാധാരണയായി ഏകദേശം 1-വാട്ട് ലെവലിൽ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കും. 3I/ATLAS-ൽ ഒരു സെൽ ഫോണിനേക്കാൾ പത്ത് മടങ്ങ് ദുർബലമായ ട്രാൻസ്മിറ്ററുകൾ ഉണ്ടായിരുന്നെങ്കിൽ പോലും നിരീക്ഷണത്തിൽ അവ കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തപം സിഗ്നലുകളൊന്നും കണ്ടെത്താൻ കഴിയാതിരുന്നത് 3I/ATLAS-മായി ഹബന്ധപ്പെട്ട് പ്രചരിച്ച അഭ്യൂഹങ്ങൾ തള്ളിക്കളാൻ പ്രാപ്തമായ ശക്തമായ തെളിവാണെന്നും അവർ അവകാശപ്പെടുന്നു.