രൂപകല്പനാമേഖലയിൽ (ഡിസൈൻ) കരിയർ രൂപപ്പെടുത്താൻ അവസരമൊരുക്കുന്ന യുസീഡ്‌, സീഡ്‌ എന്നിവയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജിയിലെയും (ഐ.ഐ.ടി.കൾ), മറ്റു പ്രമുഖസ്ഥാപനങ്ങളിലെയും 2024-ലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണതല ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 13-ന് രാത്രി 11.55 വരെയും ലേറ്റ് ഫീസായി 500 രൂപകൂടി അടച്ച് (എല്ലാ വിഭാഗക്കാർക്കും ബാധകം) 20-ന് രാത്രി 11.50 വരെയും അപേക്ഷിക്കാം.

To advertise here,

ബിരുദതലപ്രവേശനം, അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യുസീഡ്) വഴിയായിരിക്കും. ബിരുദാനന്തരബിരുദ, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനം കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (സീഡ്) 2024 വഴിയും. ബോംബെ ഐ.ഐ.ടി. ആണ് സംഘാടകസ്ഥാപനം.

യുസീഡ് സ്ഥാപനങ്ങൾ,പ്രോഗ്രാം

ബോംബെ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ് എന്നീ ഐ.ഐ.ടി.കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ജബൽപുർ) - നാലുവർഷ ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രോഗ്രാം. ബോംബെയിൽ അഞ്ചുവർഷ, ഡ്യുവൽ ഡിഗ്രി ബി.ഡിസ്+ എം.ഡിസ്‌ പ്രോഗ്രാമും ഉണ്ട്. ബി.ഡിസ്‌. പ്രവേശനം നേടുന്നവർക്ക് മൂന്നാംവർഷം ഒടുവിൽ ഇതിലേക്ക് ഓപ്ഷൻ നൽകാം.

യോഗ്യത: 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ (സയൻസ്, കൊമേഴ്‌സ്, ആർട്‌സ് ആൻഡ്‌ ഹ്യുമാനിറ്റീസ്), 2023-ൽ ജയിച്ചവരോ ആദ്യമായി യോഗ്യതാപ്രോഗ്രാം അന്തിമപരീക്ഷ 2024-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. തുടർച്ചയായ രണ്ടുവർഷങ്ങളിലായി, രണ്ടുതവണ മാത്രമേ ഒരാൾക്ക് യുസീഡ്‌ അഭിമുഖീകരിക്കാനാകൂ. ഒരുവർഷത്തേക്കാണ് യുസീഡ് സാധുത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും: www.uceed.iitb.ac.in

സീഡ് സ്ഥാപനങ്ങൾ,പ്രോഗ്രാം

ബോംബെ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ജോധ്‌പുർ, കാൻപുർ, റൂർക്കി ഐ.ഐ.ടി.കൾ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഡിസൈൻ ആൻഡ്‌ മാനുഫാക്ചറിങ് (ജബൽപുർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബെംഗളൂരു) - ഈ സ്ഥാപനങ്ങളിലായി ലഭിക്കുന്ന മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.) പ്രോഗ്രാമുകൾ-ഡിസൈൻ, പ്രൊഡക്ട് ഡിസൈൻ ആൻഡ് എൻജിനിയറിങ്, ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ആനിമേഷൻ ഡിസൈൻ, ഇന്ററാക്‌ഷൻ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ, വിഷ്വൽ ഡിസൈൻ, എക്സ്റ്റൻഡഡ് റിയാലിറ്റി ഡിസൈൻ മുതലായവ. കൂടാതെ, ചില സ്ഥാപനങ്ങളിൽ പിഎച്ച്.ഡി. പ്രോഗ്രാമും ഉണ്ട്. വിവരങ്ങൾക്കും അപേക്ഷയ്ക്കും: www.ceed.iitb.ac.in

യോഗ്യത: പ്ലസ്ടു കഴിഞ്ഞ് കുറഞ്ഞത് മൂന്നുവർഷത്തെ പഠനത്തിലൂടെ ഡിപ്ലോമ/ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയവർ, 2024 ജൂലായ്‌ക്കകം ഈ പ്രോഗ്രാമുകളുടെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. 2024 ജൂലായ്‌ക്കകം ജി.ഡി. ആർട്‌സ് ഡിപ്ലോമ പ്രോഗ്രാം (10+5) ജയിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. സ്ഥാപനത്തിനനുസരിച്ച് മറ്റുവ്യവസ്ഥകളുണ്ടാകാം.

പരീക്ഷകൾ

സീഡ്, യുസീഡ് ജനുവരി 21-ന് രാവിലെ ഒമ്പതുമുതൽ 12 വരെ നടത്തും. ഡിസൈൻ അഭിരുചി അളക്കുന്നവയാണ് രണ്ടുപരീക്ഷകളും.

യുസീഡ് ഘടന: രണ്ടുഭാഗങ്ങളുണ്ടാകും. ഭാഗം എ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ഭാഗം ബി സ്കെച്ചിങ്ങുമായി ബന്ധപ്പെട്ട പരീക്ഷയും ആയിരിക്കും. സീഡിനും രണ്ടുഭാഗങ്ങളുണ്ടാകും. ഭാഗം എ: കംപ്യൂട്ടർ അധിഷ്ഠിതം. ഭാഗം ബി: ഡിസൈൻ, ഡ്രോയിങ്‌, റൈറ്റിങ് സ്കിൽസ് വിലയിരുത്തുന്ന ചോദ്യങ്ങൾ. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ രണ്ടിനും പരീക്ഷാകേന്ദ്രങ്ങളാണ്. ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്.

സ്ട്രീം/വിഷയ വ്യവസ്ഥകൾ

എല്ലാ സ്ട്രീമുകാർക്കും യുസീഡിന് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് സ്ഥാപനത്തിനനുസരിച്ച് സ്ട്രീം/വിഷയ വ്യവസ്ഥകൾ ഉണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച സയൻസ് സ്ട്രീമുകാർക്ക് അഞ്ചുസ്ഥാപനങ്ങിളിലേക്കും അപേക്ഷിക്കാം. മറ്റ് സ്ട്രീംകാർക്ക് (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി പഠിക്കാത്ത സയൻസ് സ്ട്രീം, കൊമേഴ്‌സ്, ആർട്‌സ് ആൻഡ്‌ ഹ്യുമാനിറ്റീസ് സ്ട്രീമുകൾ) ബോംബെ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കാം. ജബൽപുരിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ചവർക്കേ അപേക്ഷിക്കാൻ കഴിയൂ.

മറ്റുസ്ഥാപനങ്ങളിലും

യുസീഡ്/സീഡ് ഫലം മറ്റുചില സ്ഥാപനങ്ങളും അവരുടെ ബാച്ച് ലർ/പി.ജി. പ്രോഗ്രാം പ്രവേശനത്തിന് ഉപയോഗിക്കുന്നു. സ്ഥാപനങ്ങളുടെ പട്ടിക ബന്ധപ്പെട്ട ബ്രോഷറിൽ/സൈറ്റിൽ നൽകിയിട്ടുണ്ട്. അവയിൽ ചിലത് - യുസീഡ്: ന്യൂഡൽഹി നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.), അഹമ്മദാബാദ് സി.ഇ.പി.ടി. യൂണിവേഴ്‌സിറ്റി, ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, വി.ഐ.ടി.. സ്കൂൾ ഓഫ് ഡിസൈൻ. കേരളത്തിൽ കൊല്ലം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ബി.ഡിസ്. പ്രോഗ്രാമിലെ മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിന് യുസീഡ് സ്കോർ/റാങ്ക് പരിഗണിക്കാറുണ്ട്.

സീഡ്: സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ ഭോപാൽ, ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, വി.ഐ.ടി. യൂണിവേഴ്‌സിറ്റി, തേസ്‌പുർ യൂണിവേഴ്‌സിറ്റി; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കൊക്രജാർ (അസം); യു.പി.ഇ.എസ്‌. സ്കൂൾ ഓഫ് ഡിസൈൻ ദെഹ്‌റാദൂൺ.