പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്ത സത്യജിത്റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സിനിമ, ടെലിവിഷൻ മേഖലകളിലെ വ്യത്യസ്ത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു സ്ഥാപനങ്ങളിലുമായി ലഭ്യമായിട്ടുള്ള കോഴ്സുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

To advertise here,

ഗ്രൂപ്പ് എ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ: ആർട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ (മൂന്നു വർഷം, പുണെ), സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് - ഫിലിം ടി.വി. ആൻഡ് വെബ് സീരീസ് (രണ്ടും രണ്ടുവർഷം -പുണെ), ആനിമേഷൻ സിനിമ, പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ (രണ്ടും മൂന്നുവർഷം, കൊൽക്കത്ത), ഇലക്‌ട്രോണിക് ആൻഡ് സിജിറ്റൽ മീഡിയ മാനേജ്മെൻറ് (രണ്ടുവർഷം, കൊൽക്കത്ത). യു.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം: ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് ഡിസൈൻ (മൂന്നു വർഷം, പുണെ)

ഗ്രൂപ്പ് ബി

എല്ലാം മൂന്നു വർഷം. പി.ജി. ഡിപ്ലോമ. എല്ലാം പുണെയിലും കൊൽക്കത്തയിലും. ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, സൗണ്ട് റെേക്കാഡിങ് ആൻഡ് ഡിസൈൻ. ഇരു വിഭാഗങ്ങളിലായി പുണെയിലുള്ള ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, സൗണ്ട് റെേക്കാഡിങ് ആൻഡ് ഡിസൈൻ, ആർട്ട്‌ ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ, സ്ക്രീൻ ആക്ടിങ് എന്നീ പി.ജി. ഡിപ്ലോമ കോഴ്സുകൾ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, മാസ്റ്റേഴ്‌സ് ബിരുദത്തിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് സി

കൊൽക്കത്തയിലുള്ള ഇലക്‌ട്രോണിക് ഡിജിറ്റൽ മീഡിയ (ഇ.ഡി.എം.) കോഴ്‌സുകൾ: ഡയറക്‌ഷൻ ആൻഡ് പ്രൊഡ്യൂസിങ് ഫോർ ഇ.ഡി.എം., സിനിമറ്റോഗ്രഫി ഫോർ ഇ.ഡി.എ., എഡിറ്റിങ് ഫോർ ഇ.ഡി.എം., സൗണ്ട് ഫോർ ഇ.ഡി.എം., റൈറ്റിങ് ഫോർ ഇ.ഡി.എം. (എല്ലാം രണ്ടുവർഷ പി.ജി. ഡിപ്ലോമകൾ).

ഗ്രൂപ്പ് ഡി

പുണെയിലെ ഒരുവർഷ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകൾ: ഡയറക്‌ഷൻ, ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെേക്കാഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ്. പുണെയിലെ ഈ നാല്, ഒരു വർഷ പി.ജി. സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരമുള്ളതാണ്.

യോഗ്യത

ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് ഡിസൈൻ യു.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന്, പത്താംക്ലാസ് ജയിച്ചശേഷം കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള ഡിപ്ലോമയോ ഹയർ സെക്കൻഡറിയോ ജയിച്ചിരിക്കണം. ആർട്ട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ പ്രവേശനത്തിന്, അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ, ഫൈൻ ആർട്സിലെ ബന്ധപ്പെട്ട മേഖലകൾ എന്നിവയിലൊന്നിലെ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഇരു സ്ഥാപനങ്ങളിലെയും മറ്റു കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ഓഡിഷൻ (സ്ക്രീൻ ആക്ടിങ്), ഓറിയന്റേഷൻ, അഭിമുഖം എന്നിവയടങ്ങുന്ന ജോയൻറ് എൻട്രൻസ് ടെസ്റ്റ് (ജറ്റ്) 2022-23 വഴിയായിരിക്കും പ്രവേശനം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം, രണ്ടു സ്ഥാപനങ്ങൾക്കും പൊതുവായി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയാണ്. സമയക്രമം: ഗ്രൂപ്പ് എ: മാർച്ച് 18, ഗ്രൂപ്പ് ബി: മാർച്ച് 19, ഗ്രൂപ്പ് സി: മാർച്ച് 19. ഒരാൾക്ക് ഓരോ ഗ്രൂപ്പിൽനിന്നും ഒരു സ്പെഷ്യലൈസേഷന് അപേക്ഷിക്കാം. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്.

വിവരങ്ങൾക്ക്: applyadmission.net/jet2022_23/ അവസാന തീയതി: മാർച്ച് നാല് രാത്രി 11.30 വരെ