
ജമീല മാലിക്ക് വിടപറയുമ്പോള് അവസാനിക്കുന്നത് സിനിമയിലെ പെണ്കരുത്തിന്റെ ഏറ്റവും വലിയ അധ്യായമാണ്. സ്ത്രീകള്ക്ക് അത്രമേല് സ്വാതന്ത്ര്വം ഇല്ലാതിരുന്ന ഒരുകാലത്ത് മുസ്ലീം കുടുബാംഗമായ ജമീല മാലിക് സിനിമ പഠനം നടത്തിയത് തങ്കലിപികളില് കൊത്തിവെക്കേണ്ട ചരിത്രം. പുനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് സിനിമ പഠിച്ച ആദ്യ മലയാളി പെണ്കുട്ടി എന്ന അംഗീകാരം ജമീല മാലിക്കിന്റെ പേരിലാണ്. കോണ്ഗ്രസ് നേതാവും മുനിസിപ്പല് കൗണ്സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മയുടെയും മകളായി 1946 മെയ് 23ന് ആലപ്പുഴ മുതുകുളത്തായിരുന്നു ജമീല ജനിച്ചത്. ഏറെ പുരോഗമനചിന്ത പുലര്ത്തിയിരുന്നവരായിരുന്നു മാതാപിതാക്കളായ മാലിക്കും തങ്കമ്മയും.
കോന്നിയിലെ ക്രിസ്ത്യന് കുടുംബത്തിലെ അംഗമായ തങ്കമ്മ സാഹിത്യത്തിലും കലാരംഗത്തും ഏറെ താത്പര്യമുള്ള ഒരാളായിരുന്നു. ഗാന്ധിജിയുടെ ആശ്രമത്തില് ചേരാന് ആഗ്രഹം പ്രകടിപ്പിച്ച് കത്തെഴുതിയ തങ്കമ്മയെ മറുപടി കത്തിലൂടെ ഗാന്ധിജി ക്ഷണിച്ചത് മറ്റൊരു അപൂര്വത. സാഹിത്യത്തിലും സാമൂഹ്യവിഷയങ്ങളിലും തത്പരയായ തങ്കമ്മ കൊല്ലത്ത് നിന്ന പ്രസിദ്ധീകരിച്ചിരുന്ന മിത്രം എന്ന പത്രത്തില് ലേഖനങ്ങള് എഴുതുമായിരുന്നു.
അന്ന് മിത്രത്തിന്റെ പത്രാധിപരായിരുന്നു മാലിക് മുഹമ്മദ്. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹത്തില് കലാശിച്ചതോടെ തങ്കമ്മ, തങ്കമ്മ മാലിക്കായി. ചെറുപ്പം തൊട്ടേ ഗാന്ധിയന് ആശയങ്ങളും ലോകകാര്യങ്ങളും ചര്ച്ച ചെയ്തുകൊണ്ടിരുന്ന ഒരു ഗൃഹാന്തരീക്ഷത്തിലാണ് ജമീല വളര്ന്നത്. മുസ്ലീം പെണ്കുട്ടികള്ക്ക് ആ കാലത്തുണ്ടായിരുന്നു ചട്ടക്കൂടുകളൊന്നുംതന്നെ ജമീലയ്ക്ക് മുന്നില് പുരോഗമന ചിന്താഗതി പുലര്ത്തിയിരുന്ന മാതാപിതാക്കള് വെച്ചില്ല.
അതിനാല് തന്നെ നാടകരംഗത്തേക്ക് സ്കൂള് പഠനകാലത്ത് തന്നെ ജമീല എത്തി. നാടക സംവിധാനം, അഭിനയും തുടങ്ങിയ മേഖലകളില് വൈകാതെ ജമീല സാന്നിധ്യമറിയിച്ചു. ഈ കാലത്ത് തന്നെ മാതാപിതാക്കള്ക്കൊപ്പം ജമീല നിരവധി സിനിമകളും കണ്ടു. വെള്ളിത്തിരയിലെ ചലനചിത്രങ്ങള് ജമീലയുടെ മനസിനെ അത്ഭുതപ്പെടുത്തിയതോടൊപ്പം പുതിയ ആശകള്ക്കും വിത്തുപാകി.
അതിനിടെ നടന് മധുവിന്റെ നാടകസംഘത്തിലും ജമീല എത്തി. മകളുടെ അഭിനയത്തിലുള്ള താത്പര്യം കണ്ട അമ്മ തങ്കമ്മ സിനിമ പഠനത്തിനായി പുനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാം എന്ന തീരുമാനത്തിലെത്തി. വൈക്കം മുഹമ്മദ് ബഷീര്, കാമ്പിശ്ശേരി കരുണാകരന് എന്നിവരുമായി അടുത്ത സൗഹൃദം പുലര്ത്തിയിരുന്നു മാലിക്കും തങ്കമ്മയും. ജമീലയുടെ അഭിനയത്തിലുള്ള താത്പര്യം ബഷീറിനെ അറിയിച്ചപ്പോള് അദ്ദേഹം പൂണൈ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് ചേര്ക്കുന്നതാണ് അഭികാമ്യമെന്ന നിര്ദ്ദേശം നല്കി. പത്താംക്ലാസ് പഠനം പൂര്ത്തിയാക്കിയ ജമീല പുനെ ഫിലിം ഇന്സ്റ്റ്യൂട്ടില് ഡിപ്ലോമ കോഴ്സിന് അപേക്ഷിച്ചു.
പരീക്ഷയും ഒഡീഷനും വിജയിച്ച, 197-0ല് തന്റെ 16 ാം വയസ്സില്, ജമീല പൂണൈ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടികയറി. മുസ്ലീം പെണ്കുട്ടികള് വിദ്യാഭ്യാസത്തിലും കലാരംഗത്തിലും ഏറെ പിന്നോക്കം നില്ക്കുന്ന കാലത്തായിരുന്നു ജമീലയുടെ സിനിമ പഠനം. ഇത് കേരളത്തിലെ പൊതുഇടങ്ങളില് സ്ത്രീ സ്വാതന്ത്ര്വത്തെ കുറിച്ച് പുതിയ ചര്ച്ചകള്ക്ക് വഴികൊളുത്തി.
കേരളത്തില് നിന്ന് പുനെയില് സിനിമ പഠനത്തിനെത്തിയ ആദ്യ പെണ്കുട്ടി, ദക്ഷിണേന്ത്യയില് നിന്ന് സിനിമ പഠനത്തിനെത്തിയ രണ്ടാമത്തെ പെണ്കുട്ടി എന്നീ നാഴികക്കല്ലുകള് ഇതോടെ ജമീലയുടെ പേരിലായി. പ്രമുഖ സംവിധായകന് കെ ജി ജോര്ജിന്റെ സമകാലികയായിരുന്നു ജമീല. പഠനത്തിന്റെ ഭാഗമായി കെ.ജി. ജോര്ജിന്റെ ഫേസസ് എന്ന ഡിപ്ലോമ സിനിമയില് ജമീല പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

പൂണൈയിലെ ഡിപ്ലോമ പഠനം പൂര്ത്തിയാക്കിയ ജമീല വൈകാതെ തന്നെ സിനിമ രംഗത്തേക്ക് ചുവടുവെച്ചു. വിന്സന്റ് നായകനാകുന്ന സിനിമയില് നായികയായാണ് ജമീല ആദ്യം കരാര് ഒപ്പിട്ടത്. 1973-ല് പുറത്തിറങ്ങിയ റാഗിങായിരുന്നു അഭിനയിച്ച ആദ്യ ചിത്രം. ആദ്യത്തെ കഥ, ലൈന് ബസ് എന്നീ ആദ്യ ചിത്രങ്ങളിലൂടെ തന്നെ ജമീല മാലിക് ശ്രദ്ധനേടി. പിന്നീട് മലയാളം, ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിലായി നിരവധി സിനിമകളില് അഭിനയിച്ചു.
വിന്സെന്റ്, അടൂര് ഭാസി, പ്രേംനസീര്, രാഘവന് തുടങ്ങിയരുടെ കൂടെയെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീട് ഏറെ ശ്രദ്ധേയമായ ജി.എസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയായി. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും ജമീല നായികയായിരുന്നു. നദിയെ തേടിവന്ന കടല് എന്ന സിനിമയില് ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
അഭിനയത്തിന് പുറമേ ഡബ്ബിങ് മേഖലയിലും ജമീല തിളങ്ങി. നിരവധി ഹിന്ദി ചിത്രങ്ങള്ക്ക് ഡബ്ബു ചെയ്തു. സിനിമയില് സജീവമായിരുന്ന കാലത്തായിരുന്നു ജമീലയുടെ വിവാഹം. ഒരുവര്ഷം നീണ്ട ദാമ്പത്യം അവസാനിക്കുമ്പോള് ഒരു മകന് മാത്രമായിരുന്നു ജമീലയുടെ സമ്പാദ്യം. വിവാഹബന്ധം വേര്പിരിഞ്ഞതോടെ ചെന്നൈയിലെ ജീവിതം അവസാനിപ്പിച്ച് ജമീല കേരളത്തിലേക്കെത്തി.
അച്ഛന്റെയും സഹോദരന്റെയും മരണങ്ങള് പിന്നാലെ എത്തിയതോടെ ജമീല ആകെ തളര്ന്നു. ജീവിക്കാന് കല മാത്രം പോര എന്ന് തിരിച്ചറിഞ്ഞ ജമീല ഹിന്ദി എം.എ പൂര്ത്തിയാക്കി. ജീവിതം വഴിമുട്ടുമെന്ന് തോന്നിയപ്പോള് താല്ക്കാലികമായി സ്കൂള് അധ്യാപകയുടെ വേഷം ജമീല അണിഞ്ഞു. അതിനിടെ അമ്മ കൂടി വിടപറഞ്ഞതോടെ ജമീല ശരിക്കും ഒറ്റപ്പെട്ടു. സുഖമില്ലാത്ത മകനുമായി പിന്നീട് വാടകവീടുകളില് നിന്ന് വാടകവീടുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു അവര്. എവിടെയെങ്കിലും ഒരു പ്രകാശം തെളിയുമെന്ന് ആ അഭിനേത്രി പ്രതീക്ഷിച്ചു. ട്യൂഷന് എടുത്ത് കിട്ടുന്ന കാശായിരുന്നു ഏക വരുമാനം. മകന്റെ ചികിത്സ, പഠനം, വീട്ടുച്ചെലവ്, വാടക എന്നിവയെല്ലാം ഈ വരുമാനം കൊണ്ട് ജമീല നിര്വഹിച്ചു.

ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള് എഴുതിയ ജമീലയുടെ ദാസ്താനി റൂഫ്, കരിനിഴല്, തൗബ തുടങ്ങിയ നാടകങ്ങള് ശ്രദ്ധിക്കപ്പെട്ടു. സിനിമ രംഗത്തിനൊപ്പം തന്നെ മിനിസ്ക്രീനിലും സാന്നിധ്യമറിയിച്ചു. ദൂരദര്ശന്റെ സാഗരിക, കയര്, മനുഷ്യബന്ധങ്ങള് തുടങ്ങി ഒരുപിടി സീരിയലുകളില് അഭിനയിച്ചു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില് മരണപ്പെടുമ്പോള് ജമീലയ്ക്ക് 73 വയസ്സായിരുന്നു. അടുത്തകാലത്ത് ഒരു അഭിമുഖത്തില് ജമീല പറഞ്ഞതിങ്ങനെ:
'എനിക്ക് ചില തീരുമാനങ്ങളുണ്ട്. അതില്നിന്നും പിന്നോട്ട് പോകാതെയാണ് എന്നും ജീവിച്ചത്. അതില് ഉറച്ചുനില്ക്കാനാണ് ജീവിതം മുഴുവന് പോരാടിയത്. എന്റെ മാതാപിതാക്കളും അങ്ങനെയായിരുന്നു. അത് കാരണമാണ് അവര്ക്ക് വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടത്. ആരോടും പരിഭവമില്ല. സ്വന്തമായി കിടപ്പാടം ഇല്ലെങ്കിലും ഞാന് തളര്ന്നിട്ടില്ല. കരയാതെ എന്നിലുള്ള കരുത്തുമായി മുന്നേറാന് നോക്കുകയാണ്.'

നഷ്ടക്കാലങ്ങളെ ഓര്ത്ത് പരിതപിക്കാന് ജമീല മാലിക്കിന് താല്പര്യം ഇല്ലായിരുന്നു. അതിനാല് തന്നെയാണ് ഒരിക്കലും തന്നെ എല്ലാവരും സഹായിക്കണമെന്ന് പറഞ്ഞ് എവിടെയും ആ അതുല്യകലാകാരി അപേക്ഷയുമായി കൈനീട്ടാന് എത്താത്തിരുന്നതും. അഭിനയത്തോട് മാത്രം അഭിനിവേശം ഉണ്ടായിരുന്ന ജമീല മാലിക്കിന് മരിക്കുമ്പോഴും ഒരാഗ്രഹം മാത്രമായിരുന്നു ബാക്കി. വീണ്ടും അഭിനയിക്കണം...
എല്ലാ വേഷങ്ങളും അഴിച്ചുവെച്ച് വിടപറയുകയാണ് മലയാളത്തിലെ ഒരു സുവര്ണനായിക കൂടി.
Content Highlights: life struggles of actor Jameela malikm First Malayali Woman Film Institute Pune, Jamila Malik passed away
Published: 28 Jan 2020, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented