കലയിലുപരി ജീവിതം പറയുന്ന, പകര്‍ത്തിയവയാണ് ഋത്വിക്ക് ഘട്ടക്കിന്റെ ചിത്രങ്ങള്‍. സിനിമ ആന്‍ഡ് ഐ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ജീവിതമെന്ന സമസ്യയ്ക്ക് ഉത്തരം തേടുകയാണ്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മഹാരഥന്മാരായ സംവിധായക ത്രയത്തിലെ (റേ, സെന്‍, ഘട്ടക്) മൂന്നാമനായിരുന്ന ഋത്വിക്ക് ഘട്ടക്കിന്റെ ജന്മശതാബ്ദിയാണ് നവംബര്‍ നാല്. പ്രായം കൊണ്ട് സത്യജിത് റേയുടേയും മൃണാള്‍ സെന്നിന്റേയും പുറകിലായ ഋത്വിക്ക് ഘട്ടക്കിന്റെ ജന്മശതാബ്ദി എത്തുന്നത് അവരിരുവരുടേയും ശതാബ്ദികള്‍ക്ക് ശേഷംതന്നെ. പക്ഷേ, ജീവിതത്തില്‍ നിന്ന് ആദ്യം തിരോധാനം ചെയ്തത് ഘട്ടക്കായിരുന്നു. മൂവരും സമകാലികരായിരുന്നുവെങ്കിലും ജീവിതകാലത്ത് സത്യജിത് റേയെ പോലെയോ മൃണാള്‍ സെന്നിനെ പോലെയോ പ്രശസ്തനായിരുന്നില്ല ഋത്വിക്ക് ഘട്ടക്ക്. എന്നാല്‍ 1976ല്‍ 51-ാം വയസ്സില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതിനുശേഷം അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ ഒരു കള്‍ട്ട് ഫിഗറായി മാറുകയായിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹത്തിന് വിദ്യാര്‍ഥികള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എന്നും വലിയ ആരാധകരുണ്ടായിരുന്നു.

To advertise here,

അടൂര്‍ ഗോപാലകൃഷ്ണന്‍, മണി കൗള്‍, കുമാര്‍ സാഹ്നി തുടങ്ങിയവരെല്ലാം ഋത്വിക്ക് ഘട്ടക്കിന്റെ വിദ്യാര്‍ഥികളായിരുന്നു. സത്യജിത് റേയെ ഘട്ടക്കിന്റെ ശത്രുവായി കാണുന്ന പലര്‍ക്കും അറിയാത്ത പ്രധാനപ്പെട്ട ഒരു വസ്തുത അക്കാലത്ത് റേ തന്നെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞതുകൊണ്ടാണ് അന്നത്തെ ഐ& ബി മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഘട്ടക്കിനെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചത്. അന്നാ ജോലി ഘട്ടക്കിന് അത്യന്താപേക്ഷിതമായിരുന്നു.

റേ, ഘട്ടക്ക്, സെന്‍ എന്ന സംവിധായക ത്രയങ്ങള്‍ തമ്മില്‍ വലിയ സൗഹൃദബന്ധം നിലനിന്നിരുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തിന്റേതായ ഒരു തലം എന്നും ഉണ്ടായിരുന്നു. പഥേര്‍ പാഞ്ചാലി അടക്കം പല റേ ചിത്രങ്ങളോടും വലിയ മതിപ്പായിരുന്നു ഘട്ടക്കിന്. അതുപോലെതന്നെ മൃണാള്‍ സെന്നിന്റെ ചരിത്രപ്രസിദ്ധമായ 'ഭൂവന്‍ ഷോം' എന്ന പടത്തെക്കുറിച്ച് ഏറ്റവും മികച്ച നിരൂപണം നടത്തിയതും ഋത്വിക്ക് ഘട്ടക്ക് തന്നെയായിരുന്നു. അക്കാലത്ത് വിദേശ ചലച്ചിത്രമേളകളില്‍ കാര്യമായി പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ നേടിയവയുമായിരുന്നില്ല ഘട്ടക്ക് പടങ്ങള്‍. എന്നാല്‍ പില്‍ക്കാലത്ത് ഘട്ടക്ക് പടങ്ങളുടെ സ്മൃതിപരമ്പരകള്‍ ലോകമേളകളുടെ ഭാഗമായി മാറിയത് ഇന്നും തുടരുന്നു.

റേയെ പോലെയോ സെന്നിനെ പോലെയോ അച്ചടക്കമുള്ളതായിരുന്നില്ല ഘട്ടക്കിന്റെ ജീവിതം. അത് അദ്ദേഹത്തിന്റെ കലാസപര്യയെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും പറയാം. പക്ഷേ, പ്രതിഭയുടെ കാര്യത്തില്‍, ഭാവനയുടെ മേഖലയില്‍ ഇവര്‍ക്കാര്‍ക്കുംതന്നെ പിന്നിലായിരുന്നില്ല ഘട്ടക്ക്. ആല്‍ക്കഹോളിസം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച ഘടകമായിരുന്നു.

അച്ചടക്കവും അനുസരണയും കലയില്‍ ആവശ്യമില്ലെങ്കിലും ജീവിതത്തിലെ അച്ചടക്കരാഹിത്യത്തിന് ക്രിയാത്മകമായി വലിയ വില നല്‍കേണ്ടിവരുന്നതിന്റെ ഉദാഹരണമായിരുന്നു ഋത്വിക്ക് ഘട്ടക്ക്. അദ്ദേഹത്തിന് സാക്ഷാത്ക്കരിക്കുവാന്‍ കഴിയുമായിരുന്ന സര്‍ഗ്ഗപ്രവര്‍ത്തനത്തിന്റെ പകുതിപോലും സാര്‍ത്ഥകമായിരുന്നില്ല. റേയുടേയും സെന്നിന്റേയും രചനാലോകം പോലെ വിപുലമാകുമായിരുന്നു ഘട്ടക്കിന്റെയും ചലച്ചിത്രയാത്ര. എന്നാല്‍ നമുക്ക് ലഭ്യമായ ഏതാനും സൃഷ്ടികള്‍കൊണ്ടുതന്നെ അദ്ദേഹത്തിന്റെ മഹത്വം അളക്കുവാന്‍ കഴിയുന്നു - പ്രതിഭയുടെ തിളക്കവും.

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച രചനയില്‍ ഉള്‍പ്പെടുന്നതാണ് ഋത്വിക്ക് ഘട്ടക്കിന്റെ മേഘേ ധക താരാ, കോമള്‍ ഗന്ധാര്‍, സുവര്‍ണ്ണരേഖ എന്നിവയെന്ന് ഉറപ്പിച്ച് പറയാം. കുടുംബത്തിലെ ഏകവരുമാനക്കാരിയായ നീത (സുപ്രിയ ചൗധരി) ജീവിച്ചത് കുടുംബത്തിനുവേണ്ടി മാത്രം. പക്ഷേ, സ്വാര്‍ത്ഥതയുടെ ലോകത്ത് ആരും നീതയെ മനസ്സിലാക്കുന്നില്ല. ഇഷ്ടപ്പെട്ട പുരുഷനെപോലും സ്വന്തം അനുജത്തി തട്ടിയെടുത്തത് നിശ്ശബ്ദമായി സഹിക്കുവാനേ നീതയ്ക്ക് കഴിയുമായിരുന്നുള്ളൂ. അനുജന്‍ മാത്രമാണ് അവള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് ഏകയും നിരാലംബയുമായ നീത ഗോവണിപ്പടികള്‍ പതിയെ ഇറങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങുന്നത് ചാട്ടവാറടി ശബ്ദമാണ്. അത് നീതയുടെ ഹൃദയത്തില്‍ നിന്നുയരുന്ന ദൈന്യതയുടെ വിലാപമായി മാറുന്നു. അന്ത്യത്തില്‍ രോഗഗ്രസ്തയായ നീതയെ മലയോര ചികിത്സ കേന്ദ്രത്തിൽ എത്തിക്കുന്ന അനുജനോട് നീത പറയുന്നത് ''എനിക്ക് ജീവിക്കണം'' എന്നാണ്. അതൊരു ദീനവിലാപമായി പ്രേക്ഷക ഹൃദയത്തില്‍ പതിക്കുന്നു. ഘട്ടക്കിന്റെ കയ്യൊപ്പ് തെളിയുന്ന രംഗം.

കോമള്‍ ഗന്ധാര്‍ ഒരു നാടകക്കമ്പനിയിലെ സംഭവവികാസങ്ങളാണ് പകര്‍ത്തുന്നത്. കലാകാരന്മാര്‍ക്കിടയിലും മറ്റ് അംഗങ്ങള്‍ക്കുമിടയിലെ അധികാര വടംവലിയും സൗന്ദര്യപിണക്കങ്ങളും മറനീക്കി പുറത്തുവരുന്നു. ഗ്രൂപ്പുകളും ചേരികളുമായി അവര്‍ പരസ്പരം പോരടിക്കുമ്പോള്‍ തകരുന്നത് നാടകക്കമ്പനിയുടെ പ്രതിച്ഛായയും സംവിധായകന്റെ നിലയും വിലയും തന്നെ. അരങ്ങില്‍ നാടകം അരങ്ങേറുമ്പോള്‍ ഒരു കഥാപാത്രം സണ്‍ഗ്ലാസ് ധരിച്ച് എത്തിയത് കാണികള്‍ കൂകിവിളിക്കുവാന്‍ കാരണമാകുന്നതും അങ്ങനെ അവതരണം പാളിപ്പോകുന്നതും ആസൂത്രിത നീക്കത്തിന്റെ ഫലം തന്നെ. നിസ്സഹായരായി സംവിധായകനും കൂട്ടാളികളും വിശ്വസ്തരായ അഭിനേതാക്കളും നില്‍ക്കുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത് നിഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചവരുടെ ചതിപ്രയോഗമാണ്. എല്ലാ തുറകളിലും ഇത് പ്രകടമാണ്, പല രീതികളിലും. അങ്ങനെ പടത്തിന് രാഷ്ട്രീയ മാനം കൈവരുന്നു. ഏതാനും കഥാപാത്രങ്ങളിലൂടെ ജീവിതമെന്ന സമസ്യയുടെ അടിയൊഴുക്കുകളും ചതിക്കുഴികളും അനാച്ഛാദനം ചെയ്യുകയാണ് സംവിധായകന്‍. നാടകസംഘവും നാടകാവതരണവുമെല്ലാം പ്രതീകാത്മകമായി മാറുന്നു. യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ തന്നെ വേദിയാണ് ഘട്ടക്ക് ലക്ഷ്യമാക്കുന്നത് - അതിന്റെ ആകുലതകളും.

അജാന്ത്രിക്ക് ഒരു വ്യക്തിയും അയാളുടെ വാഹനവും പ്രമേയമാക്കിയ പടമാണ്. യന്ത്രത്തിനു പോലും മാനവികഭാവം നല്‍കുകയാണ് സംവിധായകന്‍. അത്രമേല്‍ ഈടുറപ്പുള്ള ബന്ധത്തിന്റെ ചിത്രീകരണം അയത്ന ലളിതവും സൗന്ദര്യാത്മകവുമാക്കുകയാണ് സംവിധായകന്‍. കഥാപാത്രം മറ്റൊരു വ്യക്തിയോടെന്നപോലെയാണ്, സന്തതസഹചാരിയോടെന്നപോലെയാണ് വാഹനത്തോട് പെരുമാറുന്നത്. മറ്റ് സംവിധായകരോട് താരതമ്യം ചെയ്യുമ്പോള്‍ ഋത്വിക്ക് ഘട്ടക്കിനെ വ്യത്യസ്തനാക്കുന്നത്, അദ്ദേഹത്തിന്റെ രചനകള്‍ വേറിട്ടുനില്‍ക്കുന്നത്, മാനവികതകൊണ്ടും മനുഷ്യത്വപരമായ സമീപനത്താലുമാണ്.

അജാന്ത്രിക്ക് നല്‍കുന്ന സന്ദേശം വ്യക്തിബന്ധങ്ങളെപ്പോലെതന്നെ ഈടുറ്റതാണ് വ്യക്തിയും യന്ത്രവും തമ്മിലെ ബന്ധമെന്നതാണ്. അയാളുടെ ഏകാന്തതകളെ വിരസമല്ലാതെയാക്കുവാനും അര്‍ത്ഥസമ്പന്നത നല്‍കുവാനും യന്ത്രത്തിനാകുന്നു. യന്ത്രവല്‍കൃത സമൂഹത്തില്‍ കാറും ബൈക്കും മറ്റ് വാഹനങ്ങളും ജീവിതത്തിന്റെ ഭാഗം തന്നെയായി മാറുന്നു. വ്യവസായ വിപ്ലവത്തിന് ശേഷം വന്ന മാറ്റം, പരിണാമം യന്ത്രങ്ങളോടുള്ള മാനവന്റെ സമീപനത്തില്‍ വന്ന വലിയ മാറ്റമാണ്. യന്ത്രങ്ങള്‍ മനുഷ്യന് വേണ്ടിയോ മറിച്ചോ എന്ന ചോദ്യം പോലും പ്രസക്തമാകുന്ന രീതിയിലാണ് യന്ത്രവല്‍കൃതസമൂഹം മുന്നോട്ട് പോകുന്നത്. അതിന്റെ അനുരണനം അജാന്ത്രിക്കിന്റെ ഹൃദയതാളമായി മാറുന്നു.

ഫിലിംസ് ഡിവിഷന് വേണ്ടിയും മറ്റും ഡോക്യുമെന്ററികള്‍ തയ്യാറാക്കിയും പൂനെയിലെ അധ്യാപനം കൊണ്ടുമാണ് സിനിമക്കിടയിലെ ഇടക്കാലം ഋത്വിക്ക് ഘട്ടക്ക് ചെലവഴിച്ചിരുന്നത്. ഏതാനും മികച്ച ഡോക്യുമെന്ററികള്‍ ഘട്ടക്കിന്റേതായുണ്ട്. അധ്യാപകനെന്ന നിലയില്‍ പുതിയ പാത വെട്ടിത്തുറന്ന ആചാര്യസ്ഥാനീയനായി വിദ്യാര്‍ഥികള്‍ ആവേശത്തോടെ, ആമോദത്തോടെ, അതിലുപരി അഭിമാനത്തോടെ അവരോധിച്ചതിന് പിന്നില്‍ ഘട്ടക്കിന്റെ ആത്മാര്‍ത്ഥതയും സിനിമയെക്കുറിച്ചുള്ള അഗാധമായ അവഗാഹവും തന്നെയായിരുന്നു പ്രധാനം. പിന്നെ വളരെ എളിമയോടെയുള്ള പെരുമാറ്റവും. എന്നാല്‍, പഠനകാര്യങ്ങളില്‍ കാര്‍ക്കശ്യത്തോടെയുള്ള നിലപാടുകളും അദ്ദേഹം എടുത്തിരുന്നു. അത് വിദ്യാര്‍ഥികളില്‍ വലിയ മതിപ്പുളവാക്കി. സുഹൃത്തുക്കളോടെന്നപോലെ പഠിതാക്കളോട് ഇടപഴകുവാന്‍ ഘട്ടക്കിന് സാധിച്ചിരുന്നു.

''വി ആള്‍വേയ്സ് ഫെല്‍ട്ട് ഹി വാസ് വണ്‍ എമംഗ് അസ്'' മണി കൗള്‍ പറഞ്ഞു. കുമാര്‍ സാഹ്നിയും മണി കൗളും അദ്ദേഹത്തിന്റെ അരുമ ശിഷ്യന്മാരായിരുന്നു. ''സിനിമ സംവിധാനം ചെയ്യുവാന്‍ ആര്‍ക്കും പഠിപ്പിക്കാനാകില്ല. സ്വന്തം പാത സ്വയം കണ്ടെത്തേണ്ടതാണ്.'' ഘട്ടക്ക് പറയുമായിരുന്നു. കുമാര്‍ സാഹ്നിയുടെ വാക്കുകള്‍. ''ഞങ്ങളുടെ മനസ്സിലെ ബ്ലോക്കുകള്‍ മാറ്റി സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവു നല്‍കുകയാണ് ഘട്ടക്ക് ചെയ്തത്. വിഭജനത്തിന്റെ മുറിവുണങ്ങാത്ത ഹൃദയവുമായി സിനിമ സാക്ഷാത്കരിച്ച ഘട്ടക്കിന്റെ മാസ്റ്റര്‍പീസാണ് സുവര്‍ണ്ണരേഖ. വിഭജനകാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ പടം. നീണ്ട സീക്വന്‍സുകളും നിശ്ശബ്ദതയുടെ നിഴല്‍പാടുകളും സുവര്‍ണ്ണരേഖയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍തന്നെ. തിതാഷ് ഏക് നദീര്‍നാം, ജുക്തി തപ്പോ ഓര്‍ ഗപ്പോ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സൃഷ്ടികള്‍. സിനിമ ആന്റ് ഐ അദ്ദേഹത്തിന്റെ സിനിമാഗ്രന്ഥമാണ്. ജന്മശതാബ്ദി വര്‍ഷത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ ഏറ്റവും ആവശ്യക്കാരുള്ളത് ഘട്ടക്കിന്റെ റെട്രോസ്പെക്റ്റീവിനു തന്നെ. അത് ഘട്ടക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ്. അതിലൂടെ ഇന്ത്യന്‍ സിനിമക്കും അഭിമാന മുഹൂര്‍ത്തം കരഗതമാകുന്നു. മണി കൗളിന്റെ വാക്കുകള്‍''ഹി ടോട്ട് അസ് ഹൗ ടു കണ്ടംപ്ലേറ്റ് എബൗട്ട് ആര്‍ട്ട് & ലൈഫ് ഏന്റ് ക്രിയേറ്റ് സംതിംഗ് യുനീക്ക്'..