
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി ഡൽഹി ജന്തർ മന്തറിൽ ശക്തമായ പ്രക്ഷോഭം നയിക്കുന്ന കോക്കറോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ ഇപ്പോൾ രാജ്യത്തെ യുവജന-വിദ്യാഭ്യാസ ചർച്ചകളിലെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളിൽനിന്ന് തുടങ്ങി, രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിൽരഹിതരായ യുവാക്കളുടെയും വിദ്യാർഥികളുടെയും ശബ്ദമായി മാറിയ ഈ 30-കാരന്റെ വിദ്യാഭ്യാസ പശ്ചാത്തലവും മുന്നേറ്റത്തിന് കരുത്തേകുന്നുണ്ട്.
പുണെ മുതൽ ബോസ്റ്റൺ വരെ: ഉന്നത വിദ്യാഭ്യാസ യാത്ര
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ (ഛത്രപതി സംഭാജിനഗർ) ജനിച്ച അഭിജീത് ദിപ്കെ മാധ്യമ മേഖലയിലും പൊതുജനസമ്പർക്കത്തിലും മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള വ്യക്തിയാണ്. പുണെയിൽ നിന്നാണ് അഭിജീത് ജേണലിസത്തിൽ ബിരുദം പൂർത്തിയാക്കിയത്. മീഡിയ എത്തിക്സ്, പൊളിറ്റിക്കൽ റിപ്പോർട്ടിങ്, പബ്ലിക് കമ്മ്യൂണിക്കേഷൻ എന്നിവയിലായിരുന്നു കൂടുതൽ ശ്രദ്ധനൽകിയിരുന്നത്. തുടർന്ന് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറി. പ്രശസ്തമായ ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.) ബിരുദം നേടി. ഡിജിറ്റൽ മാധ്യമങ്ങളും കമ്മ്യൂണിക്കേഷൻ തന്ത്രങ്ങളും പൊതുജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അഭിജീത് മനസ്സിലാക്കിയത് ഈ പഠന കാലയളവിലാണ്.
ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ 'സിസ്റ്റം' തിരുത്താൻ ഡൽഹിയിൽ!
ഡിജിറ്റൽ ക്യാമ്പയിൻ പരിചയം
2020-നും 2023-നും ഇടയിൽ ആം ആദ്മി പാർട്ടിയുടെ (എ.എ.പി) സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധപ്രവർത്തകനായി അഭിജീത് പ്രവർത്തിച്ചിരുന്നു. 2020-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് യുവാക്കളെ ആകർഷിച്ച മീം അധിഷ്ഠിത പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അനുഭവ സമ്പത്ത് ഇന്റർനെറ്റ് സംസ്കാരത്തെ രാഷ്ട്രീയ മുന്നേറ്റമാക്കി മാറ്റാൻ അഭിജിത്തിനെ പ്രാപ്തനാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ-യുവജന പ്രക്ഷോഭത്തിലേക്ക്
തൊഴിലില്ലാത്ത യുവാക്കളെ ഉദ്ദേശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യാകാന്ത് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് 2026 മേയ് 16-ന് അഭിജീത് കോക്ക്‌റോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്. ആരംഭത്തിൽ ഒരു ആക്ഷേപഹാസ്യ പ്രസ്ഥാനമായിരുന്നെങ്കിലും തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്കുമെതിരെയുള്ള ആയിരക്കണക്കിന് യുവാക്കളുടെ പ്രതികരണമായി ‘പാറ്റകൾ’ മാറി.
വിദ്യാഭ്യാസം, തൊഴിൽ, വ്യവസ്ഥാപിത പരിഷ്കാരങ്ങൾ എന്നിവ മുൻനിർത്തി യുവാക്കൾ നടത്തുന്ന ഈ പോരാട്ടം ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു ഡിജിറ്റൽ മാതൃക സൃഷ്ടിക്കുകയാണ്.
Content Highlights: Abhijeet Dipke, a Boston University graduate and founder of the satire-turned-youth-movement Cockroach Janata Party (CJP), has become the center of national youth politics as he leads strong protests at Jantar Mantar demanding the resignation of Education Minister Dharmendra Pradhan over youth unemployment and educational lapses.
Published: 23 Jul 2026, 04:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented