ചക്ക തിന്നു കഴിഞ്ഞാൽ സാധാരണയായി കളയുന്ന കട്ടിയുള്ള ചക്കമടലിൽനിന്ന് കുടിവെള്ളത്തിലെ അമിതമായ ഫ്ലൂറൈഡ് അംശം നീക്കം ചെയ്യാനുള്ള വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഗവേഷകർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കലയിലെ ഗവേഷകരാണ് കാർഷിക മാലിന്യത്തിന് പ്രായോഗിക ഉപയോഗം കണ്ടെത്തിയിരിക്കുന്നത്. ചക്കമടലിൽനിന്ന് നിർമ്മിച്ച ആക്റ്റിവേറ്റഡ് കാർബണിൽ സിർക്കോണിയം ചേർത്താണ് പദാർത്ഥം വികസിപ്പിച്ചത്. ലബോറട്ടറി പരീക്ഷണങ്ങളിൽ 10 മിനിറ്റിനുള്ളിൽ വെള്ളത്തിലെ 90 ശതമാനത്തിലധികം ഫ്ലൂറൈഡും നീക്കം ചെയ്യാൻ ഈ പദാർത്ഥത്തിന് സാധിച്ചതായാണ് റിപ്പോർട്ടുകൾ.

To advertise here,

എൻ.ഐ.ടി റൂർക്കലയിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫ. സുസ്മിത മിശ്ര, ഗവേഷക ബിരുദധാരിയായ ഡോ. പ്രതിമ മിൻസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ സാങ്കേതികവിദ്യക്ക് പിന്നിൽ. ലിറ്ററിന് 1 മുതൽ 5 മില്ലിഗ്രാം വരെ ഫ്ലൂറൈഡ് അടങ്ങിയ വെള്ളത്തിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ഇത്തരത്തിൽ നടത്തിയ ലബോറട്ടറി പരീക്ഷണങ്ങളിൽ 10 മുതൽ 20 മിനിറ്റിനുള്ളിൽ 90 ശതമാനം മുതൽ 97 ശതമാനം വരെ ഫ്ലൂറൈഡ് നീക്കം ചെയ്യാൻ ഇതിന് കഴിഞ്ഞു. ഈ സാങ്കേതികവിദ്യക്ക് ഗവേഷക സംഘം പേറ്റന്റും കരസ്ഥമാക്കിയിട്ടുണ്ട്.

വെള്ളത്തിൽ സ്വാഭാവികമായി ഫ്ലൂറൈഡ് കാണപ്പെടുമെങ്കിലും, ഇത് ദീർഘകാലം അമിതമായി ശരീരത്തിലെത്തുന്നത് കുട്ടികളിലും മുതിർന്നവരിലും പല്ലുകളെയും അസ്ഥികളെയും ബാധിക്കുന്ന ഫ്ലൂറോസിസ് എന്ന രോഗത്തിന് കാരണമാകുന്നു. നിലവിലുള്ള റിവേഴ്‌സ് ഓസ്മോസിസ്, അയൺ എക്സ്ചേഞ്ച്, ആക്റ്റിവേറ്റഡ് അലുമിന തുടങ്ങിയ ശുദ്ധീകരണ രീതികൾക്ക് പ്രവർത്തനപരവും സാമ്പത്തികവുമായ നിരവധി പരിമിതികളുണ്ട്. കാർഷിക മാലിന്യങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച ഈ പുതിയ പദാർത്ഥത്തിന്റെ ഉൽപ്പാദനച്ചെലവ് ഗ്രാമിന് ഏകദേശം 37 രൂപ മാത്രമാണെന്നാണ് ഗവേഷക സംഘം കണക്കാക്കുന്നത്.

നിലവിൽ ഈ സാങ്കേതികവിദ്യ ടെക്നോളജി റീഡിനസ് ലെവൽ 4 (TRL 4) ഘട്ടത്തിലാണ്. അതായത് ലബോറട്ടറി അന്തരീക്ഷത്തിൽ മാത്രമാണ് ഇത് വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. ഇതിന്റെ പ്രായോഗിക ഉപയോഗവും പ്രവർത്തനച്ചെലവും വിലയിരുത്തുന്നതിനായി ഫിസിക്കൽ പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും ദീർഘകാല പ്രകടനം പരിശോധിക്കാനും ഗവേഷകർ പദ്ധതിയിടുന്നുണ്ട്.