നാഗ്പുരിലെ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഎൻഐടി) സിവിൽ എൻജിനിയറിങ് വകുപ്പ് 2026 ജൂലായിൽ ആരംഭിക്കുന്ന അഡ്വാൻസ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് (എസിഎം), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

ഭാവിയിലെ വ്യാവസായിക ആവശ്യകതകൾ കണ്ടുകൊണ്ട് രൂപകല്പനചെയ്തിട്ടുള്ള പ്രോഗ്രാം സാങ്കേതിക, മാനേജ്മെന്റ് കഴിവുകൾ, ഇന്റർ ഡിസിപ്ലിനറി എക്സ്പോഷർ, വ്യവസായ പ്രസക്തി, നേതൃത്വ അവസരങ്ങൾ മുതലായവ വർധിപ്പിക്കാൻ സഹായിക്കും.

വ്യവസായ-അനുബന്ധ പാഠ്യപദ്ധതിയും ഇന്റേൺഷിപ്പുകൾക്കും പ്ലെയ്‌സ്‌മെന്റുകൾക്കുമുള്ള ശക്തമായ വ്യവസായപിന്തുണയും പ്രോഗ്രാമിന്റെ സവിശേഷതകളാണ്.

യോഗ്യത

സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ കോർ ഡൊമെയ്നിൽ എൻജിനിയറിങ്‌/ടെക്നോളജി ബിരുദം അല്ലെങ്കിൽ ആർക്കിടെക്ചർ ബാച്ച്‌ലർ ബിരുദം വേണം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 6.5 സിജിപിഎ/60 ശതമാനം മാർക്ക് യോഗ്യതാപ്രോഗ്രാമിൽ വേണം (എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 6.0 സിജിപിഎ/55 ശതമാനം)

തിരഞ്ഞെടുപ്പ്

100 മാർക്കുള്ള, ഓഫ് ലൈൻ രീതിയിൽ നടത്തുന്ന വിഎൻഐടി മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (വിഎംഎടി) അഭിമുഖീകരിക്കണം. അതിൽ 60 മാർക്ക് എംസിക്യു അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷയ്ക്കും 40 മാർക്ക് വ്യക്തിഗത അഭിമുഖത്തിനുമാണ്. എൻജിനിയറിങ് മെക്കാനിക്സ്, മെക്കാനിക്സ് ഓഫ് സോളിഡ്, എൻജി. ഡ്രോയിങ്, പ്രോജക്ട് പ്ലാനിങ് ആൻഡ് മാനേജ്മെന്റ്, എൻജി. ഇക്കണോമിക്സ്, ക്വാണ്ടിറ്റേറ്റീവ് അനലറ്റിക്കൽ എബിലിറ്റി, ഡേറ്റ ഇന്റർപ്രറ്റേഷൻ, വെർബൽ എബിലിറ്റി, ജനറൽ എബിലിറ്റി തുടങ്ങിയ മേഖലകളിലെ ചോദ്യങ്ങൾ പരീക്ഷയിലുണ്ടാകും. എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇൻറർവ്യൂ ഉണ്ടാകും. നാല് സെമസ്റ്ററുള്ള കോഴ്സിന്റെ മൊത്തം ഫീ നാലുലക്ഷം രൂപയാണ്.

അപേക്ഷ

ഫെബ്രുവരി 13-നകം vnit.ac.in/mba-acm വഴി അപേക്ഷിക്കാം. അപേക്ഷ, അപ്‌ലോഡ് ചെയ്ത എല്ലാ രേഖകളും സഹിതം ‘ദി അക്കാദമിക് സെക്ഷൻ, വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഗ്പുർ, സൗത്ത് അംബാസാരി റോഡ്, നാഗ്പുർ, മഹാരാഷ്ട്ര-440010’ എന്ന വിലാസത്തിലേക്ക് സ്പീഡ്/രജിസ്റ്റേഡ് തപാൽ വഴി അയക്കണം. പ്രിൻറ് ഔട്ട് ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 20. വിവരങ്ങൾക്ക്: vnit.ac.in