കോഴിക്കോട്: വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് കോഴ്സിലേക്ക് 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളില്‍ ഒഴിവുണ്ടായിട്ടും അലോട്‌മെന്റ് നടത്താതെ പ്രവേശനം അവസാനിപ്പിച്ചതില്‍ പ്രതിഷേധം. കഴിഞ്ഞവര്‍ഷം നാല് അലോട്‌മെന്റ് നടത്തിയിരുന്നു. ഈവര്‍ഷം മൂന്ന് അലോട്‌മെന്റ് മാത്രമാണ് നടത്തിയത്.

To advertise here,

കഴിഞ്ഞവർഷം നടത്തിയതുപോലെ എല്ലാ അലോട്മെന്റുകൾക്കുശേഷവും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി മോപ്പപ്പ് അലോട്മെന്റ് നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോർജ് കുര്യന് വടകര സ്വദേശിയായ രക്ഷിതാവ് പരാതി നൽകി. പരിശോധിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നീറ്റ് യു.ജി. റാങ്കുപ്രകാരമാണ് അലോട്മെന്റ് നൽകുക. എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകളിലേക്ക് അലോട്മെന്റ് നടക്കുമ്പോൾ ഉയർന്ന റാങ്കുള്ളവർക്ക് ചിലപ്പോൾ സീറ്റ് ലഭിക്കാതെവരുമ്പോൾ താത്‌കാലികമായി വെറ്ററിനറി ഉൾപ്പടെയുള്ള കോഴ്‌സുകളിൽ പ്രവേശനം നേടും. എന്നാൽ, എം.ബി.ബി.എസ്., ബി.ഡി.എസ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് മോപ്പപ്പ് അലോട്മെന്റ് നടത്തിയപ്പോൾ വെറ്ററിനറി ഉൾപ്പടെയുള്ള കോഴ്‌സിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾ അവിടെനിന്ന് മാറി എം.ബി.ബി.എസ്. പ്രവേശനം നേടി. അങ്ങനെ വരുമ്പോൾ വെറ്ററിനറി കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ടാകും. എന്നാൽ, എല്ലാ അലോട്മെന്റുകളും പൂർത്തിയാക്കി പ്രവേശനം അവസാനിപ്പിച്ചതിനാൽ റാങ്കിൽ തൊട്ടുപിറകിലുള്ള വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള സാധ്യതയും ഇല്ലാതായി. അതിനാലാണ് മോപ്പപ്പ് അലോട്മെന്റ് നടത്തണമെന്ന് ആവശ്യവുമായി രക്ഷിതാക്കളും വിദ്യാർഥികളും രംഗത്തുവന്നത്. പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശ്ശൂർ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്, പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ് എന്നീ രണ്ട് വെറ്ററിനറി കോളേജുകളിലും സീറ്റുകൾ ഒഴിവുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു.കോളേജുകളിൽ സീറ്റുകൾ ഒഴിവുകളുണ്ടെന്നും അതിലേക്കുള്ള അലോട്മെന്റ് നടപടികൾ കേരള സർക്കാരിന്റെ കീം മുഖേനയാണ് നടത്തുകയെന്നും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡീൻ ഡോ. എം. ഷൈനു പറഞ്ഞു.