തൃശ്ശൂർ: വയറിൽ ഇരുമ്പുകൊളുത്തുമായെത്തിയ 'വി.ഐ.പി.' രോഗിക്ക് തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ.

To advertise here,

തല പി.വി.സി. പൈപ്പിനുള്ളിലാക്കി, വാലിൽ പിടിച്ച് അതീവ സുരക്ഷയോടെ ഡോ. റെജി വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ ഒന്നരമണിക്കൂർ നീണ്ടു. ശേഷം തുന്നിക്കെട്ടി ബാൻഡേജൊട്ടിച്ച രോഗി ഇനി പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണവാർഡിലേക്ക്. മുറിവുണങ്ങിയാൽ രോഗിയെ കാട്ടിലേക്ക് 'ഡിസ്ചാർജ്' ചെയ്യും.

അവിണിശ്ശേരിയിലെ വീട്ടിലെ വിറകുപുരയിൽനിന്ന് പിടികൂടിയ മൂർഖനായിരുന്നു കൊക്കാല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഈ വി.ഐ.പി. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സർപ്പ റെസ്‌ക്യൂ ടീമിലെ അംഗങ്ങളായ വി.ബി. ആനന്ദും ബിജു കപ്പാരത്തും ചേർന്ന് ഈ മൂർഖനെ രക്ഷിച്ചത്. പിടികൂടിയപ്പോഴാണ് ചുമട്ടുതൊഴിലാളികളും മറ്റും ചാക്കുയർത്താനുപയോഗിക്കുന്ന ഇരുമ്പുകൊളുത്തിന്റെ പിടി വയറ്റിലും കൊളുത്ത് പുറത്തുമായത് ശ്രദ്ധിച്ചത്. ഉടനെ കൊക്കാല മൃഗാശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ ബുധനാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കൊളുത്ത് വയർ മുറിഞ്ഞ് പുറത്തു വന്നതാവാമെന്നു കരുതുന്നു.

ബുധനാഴ്ച രാവിലെ ഒമ്പതിനാരംഭിച്ച ശസ്ത്രക്രിയയിൽ വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും സർജനുമായ ഡോ. റെജി വർഗീസിനൊപ്പം പി.ജി. ഡോക്ടർമാരായ കൃഷ്ണ മഹേഷ്, കെ.എസ്. അശ്വിനി ബാബു, ആർ. കാർത്തിക് എന്നിവരുമുണ്ടായിരുന്നു.

ഇരുമ്പുകൊളുത്ത് പാമ്പിന്റെ വയറ്റിൽ കുടുങ്ങിയതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് ഡോ. റെജി വർഗീസ് പറഞ്ഞു. മുട്ടത്തോടും പാമ്പിന്റെ വയറിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം തുന്നിച്ചേർത്ത് ബാൻഡേജിട്ട് മൂർഖനെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് റെസ്‌ക്യൂ വാച്ചർ അജീഷ് കൊണ്ടുപോയി. മുറിവുണങ്ങാൻ മരുന്ന് സ്പ്രേ ചെയ്യും. പൂർണമായുണങ്ങിയാലേ കാട്ടിലേക്ക് തുറന്നുവിടൂ.