കൊച്ചി: കാഴ്ചപരിമിതിയുള്ള കുട്ടികളുടെ പാഠപുസ്തക അച്ചടി പ്രതിസന്ധിയിൽ. ഗ്രാൻറ് വർധിപ്പിക്കാതെ, ഹൈസ്‌കൂൾ പുസ്തകങ്ങൾക്ക് പുറമേ ഹയർ സെക്കൻഡറി പുസ്തകങ്ങൾ കൂടി അച്ചടിക്കാൻ സർക്കാർ നിർദേശം നൽകിയതോടെയാണിത്. ഇതുവരെ ഹയർ സെക്കൻഡറിയിൽ ഓഡിയോ ബുക്കുകളായിരുന്നു കാഴ്ചപരിമിതിയുള്ള കുട്ടികൾ ആശ്രയിച്ചിരുന്നത്.
രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് ബ്രയിൽ പുസ്തകങ്ങളിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
സൗജന്യ ബ്രയിൽ പുസ്തക വിതരണത്തിനായി പതിനൊന്ന് വർഷമായി സർക്കാർ ഗ്രാൻറായി നൽകുന്നത് പത്തുലക്ഷം രൂപയാണ്. ഒന്നുമുതൽ പത്ത് വരെയുള്ള പാഠപുസ്തക അച്ചടിക്കുതന്നെ ഏകദേശം മുപ്പതു ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ബ്രയിൽ പുസ്തങ്ങൾ അച്ചടിക്കുന്ന കേരള ഫെഡറേഷൻ ബ്ലൈൻഡ് സംസ്ഥാന പ്രസിഡന്റ് കെ.ജെ. വർഗീസ് പറയുന്നു. ഹയർ സെക്കൻഡറി പുസ്തകം കൂടി അച്ചടിക്കുമ്പോൾ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാവും. സർക്കാർ ഗ്രാൻറ് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല.
ബ്രയിൽ അച്ചടിക്ക് വരുന്ന ചെലവുവിവരക്കണക്കുകൾ ഉൾപ്പെടുത്തി ഗ്രാൻറ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. സാധാരണ അച്ചടിക്കുന്ന പുസ്തകങ്ങളെക്കാൾ പതിന്മടങ്ങ് പേജുകളുള്ളതാണ് ഈ പുസ്തകങ്ങൾ. 140 ജി.എസ്.എം. പേപ്പറിലാണ് അച്ചടി. 2025-ൽ ഇതിനായി 3876 കിലോഗ്രാം പേപ്പർ ഉപയോഗിച്ച് 7,01,030 ബ്രയിൽ പേജുകൾ അച്ചടിച്ചിട്ടുണ്ട്.
ബ്രയിൽ പ്രസ്സ് മാനേജർ, ടെക്‌നീഷ്യൻ, പ്രോജക്റ്റ് അസിസ്റ്റന്റ്, സ്റ്റീരിയോ ടൈപ്പിസ്റ്റ്, പഞ്ചിങ് ഓപ്പറേറ്റർ, കോപ്പി ഹോൾഡർ, അറ്റന്റർ, സെക്യൂരിറ്റി, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ ജീവനക്കാരുണ്ട്.
ഇവർക്കുള്ള ശമ്പളവും മറ്റുചെലവുകളും കൂടിവരുമ്പോൾ പാഠപുസ്തക അച്ചടി ഫെഡറേഷന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. നിലവിൽ രണ്ട് പ്രസുകൾ തിരുവന്തപുരത്താണ് പ്രവർത്തിക്കുന്നത്.
സർക്കാർ സഹായങ്ങൾക്ക് പുറമേ സന്നദ്ധ സംഘടനകളുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെയാണ് പുസ്തക അച്ചടി മുന്നോട്ടുപോകുന്നത്.
Content Highlights: The printing of free Braille textbooks for visually impaired students in Kerala faces a severe financial crisis as the government mandated printing Higher Secondary books without increasing the decade-old ₹10 lakh grant
Published: 22 Nov 2026, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented