ന്യൂഡൽഹി: ഐഐടി ഖരഗ്പൂരിലെ എ.ഐ. ഗവേഷണങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 50 ലക്ഷം ഡോളർ (ഏകദേശം 46 കോടി രൂപ) നിക്ഷേപിക്കാൻ ഗൂഗിൾ. പൂർവ്വ വിദ്യാർഥി കൂടിയായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുൻകൈയെടുത്താണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പസിലെ ഗവേഷണ നിലവാരം ഉയർത്തുന്നതിനും വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് തുക വിനിയോഗിക്കുക.

To advertise here,

പ്രധാനമായും മൂന്ന് മേഖലകളിലാണ് പദ്ധതി കേന്ദ്രീകരിക്കുക

  • പ്രായോഗിക ഗവേഷണം: ഇന്ത്യൻ ഭാഷകൾ, കൃഷി, വിദ്യാഭ്യാസ സാങ്കേതികവിദ്യ, മെറ്റീരിയൽസ് സയൻസ് എന്നീ മേഖലകളിൽ എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്താൻ ഗവേഷകർക്കും വിദ്യാർഥികൾക്കും ഫണ്ട് പ്രയോജനപ്പെടും.

  • വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും ഫാക്കൽറ്റി അംഗങ്ങൾക്കും എഐ മേഖലയിൽ വിദഗ്ധ പരിശീലനം നൽകും. പുതിയ കാലത്തിനനുസരിച്ച് പാഠ്യപദ്ധതികൾ പരിഷ്കരിക്കാനും തുക ഉപയോഗിക്കും.

  • അടിസ്ഥാന സൗകര്യങ്ങൾ: ക്യാമ്പസിലെ സാങ്കേതിക സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി പുതിയ എഐ ടൂളുകളും ഫ്രെയിംവർക്കുകളും വികസിപ്പിക്കും.

ഇന്ത്യൻ ഭാഷകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഐഐടി ഖരഗ്പൂർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുകയാണ് ലക്ഷ്യമെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. "ഐഐടി ഖരഗ്പൂർ എനിക്ക് വഴികാട്ടിയായത് പോലെ, വരുംതലമുറയിലെ വിദ്യാർത്ഥികൾക്കും പുതിയ അവസരങ്ങൾ ഒരുക്കാൻ സഹകരണത്തിന് സാധിക്കും’- അദ്ദേഹം പറഞ്ഞു.

മെറ്റലർജിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും വാർട്ടൺ സ്കൂളിലും ഉന്നതപഠനം പൂർത്തിയാക്കിയ സുന്ദർ പിച്ചൈ 2004-ലാണ് ഗൂഗിളിൽ ചേരുന്നത്. അതേസമയം, പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന കൃത്യമായ കോഴ്സുകളെയോ സമയപരിധിയെയോ കുറിച്ചുള്ള വിശദാംശങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല.