തിരുവനന്തപുരം: ഒന്നിലേറെ കാമ്പസുകളുമായി സ്വകാര്യ സർവകലാശാല അനുവദിക്കാമെന്ന വ്യവസ്ഥയോടെ മന്ത്രിസഭ അംഗീകരിച്ച ‘സ്വകാര്യ സർവകലാശാലാ ബിൽ’ യു.ജി.സി. മാർഗരേഖയ്ക്കു വിരുദ്ധം.

To advertise here,

തുടക്കത്തിൽ ഒറ്റ കാമ്പസായി മാത്രമേ സ്വകാര്യ സർവകലാശാല സ്ഥാപിക്കാവൂവെന്നാണ് 2003-ലെ യു.ജി.സി. ചട്ടം. സർവകലാശാല തുടങ്ങി അഞ്ചുവർഷത്തിനുശേഷം, സൗകര്യം വിലയിരുത്തി മാത്രമേ ഓഫ് കാമ്പസുകളും വിദേശ കാമ്പസുകളും തുടങ്ങാവൂവെന്നും ചട്ടത്തിലുണ്ട്. അതിനാൽ, മൾട്ടി കാമ്പസുമായി സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള ബില്ലിന് ഗവർണർ കുരുക്കിടാൻ സാധ്യതയേറി.

മുഖ്യകാമ്പസ് വികസിപ്പിച്ചശേഷം, സവിശേഷ സാഹചര്യത്തിൽ മാത്രം ഓഫ് കാമ്പസും വിദേശ കാമ്പസും അനുവദിക്കാമെന്നാണ് യു.ജി.സി.വ്യവസ്ഥ. ഓഫ് കാമ്പസിനും വിദേശ കാമ്പസിനും സംസ്ഥാന സർക്കാരിന്റേതിനു പുറമേ, യു.ജി.സി.യുടെയും മുൻകൂർ അനുമതി വാങ്ങണം. ഈ .കാമ്പസുകൾ യു.ജി.സി. എല്ലാ വർഷവും നിരീക്ഷിക്കും. പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അടച്ചുപൂട്ടാമെന്നും ചട്ടം വ്യക്തമാക്കുന്നു.

ഓഫ് കാമ്പസുകൾ തുടങ്ങുന്നതു സംബന്ധിച്ച് 2024-ൽ യു.ജി.സി.മാർഗരേഖ പുറപ്പെടുവിച്ചെങ്കിലും ആരംഭഘട്ടത്തിലെ ഏക കാമ്പസ് വ്യവസ്ഥ ഒഴിവാക്കിയിട്ടില്ല.

മന്ത്രിക്ക് കൂടുതൽ അധികാരം നൽകിയെന്ന പേരിലാണ് എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന ബില്ലിന് ഗവർണർ തടയിട്ടത്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആദ്യം മന്ത്രിസഭ അംഗീകരിച്ച ബില്ലിൽ ഒന്നിലേറെ കാമ്പസുകളുമായി സ്വകാര്യ സർവകലാശാല അനുവദിക്കാനായിരുന്നു വ്യവസ്ഥ.

ഇതു യു.ജി.സി. ചട്ടത്തിനു വിരുദ്ധമാണെന്ന എതിർപ്പുയർന്നതോടെ, നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ഒന്നിലേറെ കാമ്പസുകൾക്കുള്ള വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു.

പഴയ വിവാദവ്യവസ്ഥയും ബില്ലിൽ

ഉന്നത വിദ്യാഭ്യാസമന്ത്രിയെ വിസിറ്ററാക്കിയ വ്യവസ്ഥ എൽ.ഡി.എഫിന്റെ ബില്ലിലും ഉണ്ടായിരുന്നു. കൃഷി, ആരോഗ്യം തുടങ്ങിയവ വെവ്വേറെ വകുപ്പുകൾക്കു കീഴിലായതിനാൽ, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മാത്രം വിസിറ്ററാക്കുന്നതിനെ സി.പി.ഐ. ഉൾപ്പെടെയുള്ള പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ വിസിറ്റർ പദവി എൽ.ഡി.എഫ്. ഒഴിവാക്കി. പകരം സർക്കാരിനു നിയന്ത്രണം വരുംവിധം ഭരണസമിതിയിലും എക്സിക്യുട്ടീവ് കൗൺസിലിലും സർക്കാർ നോമിനികളെ ഉൾപ്പെടുത്താൻ വ്യവസ്ഥവെച്ചു.