ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം.
യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. L.T.T.C., D.L.Ed. തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ്. കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. ഇങ്ങനെ സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല. പരീക്ഷയ്ക്ക് ഓൺലൈനായി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം.
ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്ക്കണം. പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 സെപ്റ്റംബർ 26-നും 2024 ഒക്ടോബർ 25-നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്നപക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30-ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20 വരെ,
വിവരങ്ങൾക്ക്: www.lbscentre.kerala.gov.in
Content Highlights: set exam 2025
Published: 25 Sept 2024, 09:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented