തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജൂലായ് 2025) ഏപ്രിൽ 28 മുതൽ അപേക്ഷിക്കാം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്. www.lbscentre.kerala.gov.in വഴി മേയ് 28-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

To advertise here,

യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. എൽടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ പരിഗണിക്കും. എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെടുന്നവർക്കും പിഡബ്ലിയുഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് ഉണ്ട്.

ജനറൽ ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും എസ്‌സി/എസ്ടി/പിഡബ്ലിയുഡി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും അടയ്ക്കണം. പിഡബ്ല്യുഡി വിഭാഗത്തിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒബിസി നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29-നും 2025 ജൂൺ നാലിനും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെടുന്നവർമാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ജൂൺ രണ്ടിന് മുൻപ്‌ തിരുവനന്തപുരം എൽബിഎസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.