ഹയർ സെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറികളിലെ നോൺ വൊക്കേഷണൽ അധ്യാപകരാകാനും നിർബന്ധമായ, അർഹതനിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് 2026 സെഷന് അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

To advertise here,

വിഷയങ്ങൾ 

മൊത്തം 31 വിഷയത്തിൽ പരീക്ഷ നടത്തും. ആന്ത്രോപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ഇസ്‌ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്‌ക്രിറ്റ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉറുദു, സുവോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് സെറ്റ് നടത്തുന്നത്.

യോഗ്യത 
ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡ് ഉള്ള മാസ്റ്റേഴ്‌സ് ബിരുദം വേണം. കൂടാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബി.എഡും ഉണ്ടായിരിക്കണം.

യോഗ്യതയിലെ ഇളവുകൾ

  • ആന്ത്രോപ്പോളജി, കൊമേഴ്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്. നിർബന്ധമില്ല.
  • സെറ്റിന് അപേക്ഷിക്കാനുള്ള മാർക്കോടെ, പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ള, ബി.എഡ്. കോഴ്‌സ് അവസാന വർഷത്തിൽ പഠിക്കുന്നവർ, ബി.എഡ്. ബിരുദമുള്ള, അവസാനവർഷ പി.ജി. കോഴ്‌സിൽ പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. നിശ്ചിത ഡിക്ലറേഷൻ നൽകണം. ഇവർ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി, പി.ജി./ബി.എഡ്. പരീക്ഷയുടെ യോഗ്യത, സെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതിമുതൽ ഒരുവർഷത്തിനകം നേടിയിരിക്കണം. ഇല്ലെങ്കിൽ അവർ ഈ ചാൻസിൽ സെറ്റ് പരീക്ഷ ജയിച്ചതായി കണക്കാക്കുന്നതല്ല.
  • മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് എൻ.സി.ഇ.ആർ.ടി. സ്പോൺസർ ചെയ്തിട്ടുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽനിന്നു ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ എം.എസ്‌സി.എഡ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
  • ബോട്ടണി, സുവോളജി വിഷയങ്ങളുടെ കാര്യത്തിൽ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽനിന്ന്‌ ലൈഫ് സയൻസസ് എം.എസ്‌സി.എഡ്. ഉള്ളവർക്ക് അപേക്ഷിക്കാം (50 ശതമാനം മാർക്ക് വേണം).
  • ബി.എഡും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ എം.എ.യും (50 ശതമാനം മാർക്കോടെ) ഉള്ളവർക്ക് ഇംഗ്ലീഷ് സെറ്റിന് അപേക്ഷിക്കാം. ബി.എഡ്. ബിരുദം ഇല്ലാത്ത അറബിക്/ ഉറുദു/ഹിന്ദി ഡി.എൽ.എഡ്./എൽ.ടി.ടി.സി. യോഗ്യത ഉള്ളവർക്ക് സർക്കാർ ഉത്തരവുകൾക്കു വിധേയമായി അപേക്ഷിക്കാം.
  • നാച്വറൽ സയൻസിൽ ബി.എഡ്. ഉള്ള, ബയോടെക്‌നോളജി മാസ്റ്റേഴ്‌സ് ബിരുദം ഉള്ളവർക്ക് (50 ശതമാനം മാർക്കോടെ) ബയോടെക്‌നോളജിയിൽ അപേക്ഷിക്കാം.
  • കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയുടെയെങ്കിലും അംഗീകാരമില്ലാത്ത, ഓപ്പൺ സർവകലാശാലകളിൽനിന്നോ കറസ്‌പോണ്ടൻസ് കോഴ്‌സ് വഴിയോ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
  • സെറ്റ് വിഷയങ്ങൾ (പ്രോസ്പെക്ടസ് ക്ലോസ് 2.2) അല്ലാതെ മറ്റു വിഷയങ്ങളിൽ യോഗ്യത നേടിയവർ, കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്നും ഇക്വലൻസി/എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.

വിശദാംശങ്ങൾ lbsedp.lbscentre.in/setjul26/ -ൽ ഉള്ള പ്രോസ്പെക്ടസിൽ ലഭിക്കും. അപേക്ഷിക്കാൻ പ്രായപരിധിയില്ല.

പരീക്ഷാ തീയതി, ഘടന 
പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. അപേക്ഷ നൽകുമ്പോൾ ഏതെങ്കിലും ഒരു ജില്ലാകേന്ദ്രം തിരഞ്ഞെടുക്കണം. പരീക്ഷാ കേന്ദ്രത്തിന്റെ വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ഉണ്ടാകും.

രണ്ടുമണിക്കൂർവീതം ദൈർഘ്യമുള്ള, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകൾ ഉൾപ്പെടുന്നതാണ് സെറ്റ്. പേപ്പർ l എല്ലാവർക്കും പൊതുവായി ഉള്ളതാണ്. ഭാഗം-എ, ജനറൽ നോളജ്, ഭാഗം ബി- ആപ്റ്റിറ്റ്യൂഡ് ഇൻ ടീച്ചിങ്. ഓരോ ഭാഗത്തും ഒരു മാർക്കിന്റെ 60 വീതം ചോദ്യങ്ങൾ ഉണ്ടാകും.

പേപ്പർ II തിരഞ്ഞെടുക്കുന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു മാർക്കിന്റെ 120 ചോദ്യങ്ങൾ ഉള്ള പേപ്പർ ആണ്. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയ്ക്ക് ഒന്നരമാർക്കിന്റെ 80 ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ, നെഗറ്റീവ് മാർക്ക് ഇല്ല. ഒ.എം.ആർ. അധിഷ്ഠിതമായിരിക്കും പരീക്ഷ.

യോഗ്യത
പരീക്ഷയിൽ യോഗ്യതനേടാൻ ഓരോ പേപ്പറിലും 40 വീതവും രണ്ടു പേപ്പറിനും കൂടി 48-ഉം ശതമാനം മാർക്ക് വേണം. ഒ.ബി.സി.ക്കാർക്ക് ഇത് യഥാക്രമം 35 ശതമാനം വീതവും 45 ശതമാനവും പട്ടിക/ഭിന്നശേഷിക്കാർക്ക് 35 ശതമാനം വീതവും 40 ശതമാനവും ആയിരിക്കും. 

അപേക്ഷ 
lbsedp.lbscentre.in/setjul26/ വഴി മേയ് 22 അർധരാത്രിവരെ നൽകാം. അപേക്ഷാ ഫീ 1300 രൂപ (പട്ടിക/ഭിന്നശേഷിക്കാർക്ക് 750 രൂപ). തുക ഓൺലൈനായി മേയ് 24-ന് അർധരാത്രിവരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 23 മുതൽ 25-ന് അർധരാത്രിവരെ സൗകര്യം ലഭിക്കും.