തൃശ്ശൂർ: കേരള ആരോഗ്യസർവകലാശാലയ്ക്കു കീഴിലെ ഫാർമസി കോഴ്‌സുകളുടെ പഠനകാലാവധി നീണ്ടുപോകുന്നത് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു. ദേശീയതലത്തിൽ ഉന്നതപഠനത്തിനും തൊഴിലവസരങ്ങൾക്കുമുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നതാണ് പ്രധാന പരാതി.

To advertise here,

2019-ൽ പ്രവേശനം നേടിയ ബി.ഫാം. വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷ തിങ്കളാഴ്ച ആരംഭിക്കുകയേയുള്ളൂ. ഈ കോഴ്‌സിന്റെ ഫലം 2023 ഓഗസ്റ്റിൽ വരേണ്ടതായിരുന്നു. അവസാന സെമസ്റ്ററിൽ നാല് പരീക്ഷകളാണുള്ളത്. എട്ടാം തീയതി ആരംഭിക്കുന്ന പരീക്ഷ തീരുന്നത് ജൂലായ് 31-ന് മാത്രം. ദേശീയതലത്തിൽ മികച്ച കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഈ പരീക്ഷക്കിടയിൽത്തന്നെ എഴുതേണ്ട സ്ഥിതിയിലാണ് വിദ്യാർഥികൾ. ജൂലായ് മാസത്തിനകം ഇന്ത്യയിലെ മറ്റ് സർവകലാശാലകളിലെയും മികച്ച സ്ഥാപനങ്ങളിലെയും ബിരുദാനന്തരബിരുദ പ്രവേശന നടപടി പൂർത്തിയാകും. ചില നല്ല സ്ഥാപനങ്ങളിൽ തൊഴിലവസരം തുറന്നുകിട്ടിയ വിദ്യാർഥികൾക്ക് കോഴ്‌സ് പൂർത്തിയാകാത്തതും ഫലം വരാത്തതും തിരിച്ചടിയാകുന്നുമുണ്ട്.

ഫാർമസി കോഴ്‌സുകൾക്കൊപ്പം 2019-ൽ ആരംഭിച്ച ആയുർവേദ, ദന്തൽ, നഴ്സിങ് കോഴ്‌സുകൾ പൂർത്തിയായതായാണ് വിദ്യാർഥികൾ പറയുന്നത്. ഫാർമസിവിഭാഗത്തിലെ ഉന്നതാധികാരികളുടെ അലംഭാവമാണ് വൈകലിനു കാരണമെന്ന് രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നു. നിലവിൽ 2023-24 വർഷത്തെ എം.ഫാം. പ്രവേശനനടപടികളാണ് നടക്കുന്നത്.

കാരണം കോവിഡ്

"കോവിഡിന്റെ പശ്ചാത്തലത്തില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ വൈകിയതാണ് അവസാന വര്‍ഷ പരീക്ഷയും വൈകാനിടയാക്കിയത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ദേശീയ പ്രവേശനപരീക്ഷ എഴുതാന്‍ അവസരമുള്ളതിനാല്‍ പരീക്ഷ വൈകിയതിന്റെ പേരില്‍ ആര്‍ക്കും ഉന്നത വിദ്യാഭ്യാസം ബുദ്ധിമുട്ടിലാകില്ല. പ്രവേശനപരീക്ഷ എഴുതാനായി അന്നേദിവസം നിശ്ചയിച്ച പരീക്ഷ മാറ്റിവെച്ചിട്ടുമുണ്ട്"- ഡോ.എസ്.അനില്‍കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍, കേരള ആരോഗ്യ സര്‍വകലാശാല