ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐഐടികളിലും വിദ്യാർഥി ആത്മഹത്യകൾ തടയുന്നതിനായി ക്യാമ്പസ് പിന്തുണാ സംവിധാനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സഹസ്രബുദ്ധെ സമിതിയുടെ ശുപാർശ. ഹോസ്റ്റലുകളിൽ പ്രത്യേക വെൽനസ് പ്രൊഫഷണലുകളെ നിയമിക്കുക, വാർഡന്മാരുടെ സേവനം കൂടുതൽ സുലഭമാക്കുക, അക്കാദമിക് സമ്മർദം കുറയ്ക്കുക, പതിവായി മാനസികാരോഗ്യ പരിശോധന നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് സമിതി മുന്നോട്ടുവയ്ക്കുന്നത്.
നാഷണൽ എഡ്യൂക്കേഷണൽ ടെക്നോളജി ഫോറം (എൻ.ഇ.ടി.എഫ്.) ചെയർമാൻ പ്രൊഫസർ അനിൽ സഹസ്രബുദ്ധെ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലെ വിവരങ്ങളാണിവ. ഗ്ലോബൽ ഐ.ഐ.ടി അലുമ്നി സപ്പോർട്ട് ഗ്രൂപ്പ് സ്ഥാപകനും ഐഐടി കാൺപൂർ പൂർവ വിദ്യാർഥിയുമായ ധീരജ് സിങ് വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ.) ലഭിച്ച രേഖകളിലൂടെയാണ് വിവരങ്ങൾ പങ്കുവച്ചത്. റിപ്പോർട്ടിലെ ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെങ്കിലും പൂർണമായ റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
മൂന്ന് വർഷത്തിനിടെ 47 മരണങ്ങൾ
2026 നവംബർ 12 വരെയുള്ള മൂന്ന് വർഷത്തിനിടെ ഐ.ഐ.ടി.കളിൽ 47 വിദ്യാർഥി ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ധീരജ് സിങ് ആർടിഐ മറുപടികളിലൂടെയും മാധ്യമ റിപ്പോർട്ടുകളിലൂടെയും ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
-
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഐഐടി ഖരഗ്പൂരിലാണ് (10).
-
ഐഐടി കാൺപൂർ (8), ഐഐടി ഡൽഹി (6), ഐഐടി റൂർക്കി (5) എന്നിവയാണ് തൊട്ടുപിന്നിൽ.
-
ഐഐടി ബോംബെയിലും ഐഐടി ഗുവാഹത്തിയിലും നാല് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
-
കഴിഞ്ഞ ഒരു വർഷത്തിനിടെ 18 ആത്മഹത്യാശ്രമങ്ങളും കഴിഞ്ഞ വർഷം 16 മരണങ്ങളും ഉണ്ടായിട്ടുണ്ട്.
2026 ജനുവരിയിൽ ഐ.ഐ.ടി. കാൺപൂരിൽ രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് സമിതി രൂപീകരിച്ചത്. 2023 ജൂലൈയിലെ വിദ്യാർഥി മാനസികാരോഗ്യ മാർഗനിർദേശങ്ങളുടെ നടത്തിപ്പ് വിലയിരുത്തുകയും ശക്തമായ പ്രതിരോധ നടപടികൾ നിർദേശിക്കുകയുമായിരുന്നു സമിതിയുടെ പ്രധാന ചുമതല. ജൂൺ 17-ന് വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിനീത് ജോഷി ശുപാർശകളുടെ സംഗ്രഹം സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു.
സമിതിയുടെ പ്രധാന ശുപാർശകൾ
-
കൂടുതൽ മാനസികാരോഗ്യ വിദഗ്ധർ: കൗൺസിലർമാർ, വിസിറ്റിങ് സൈക്യാട്രിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരുടെ എണ്ണം വർധിപ്പിക്കുക. ഹോസ്റ്റലുകളിൽ പ്രത്യേക വെൽനസ് പ്രൊഫഷണലുകളെ നിയമിക്കുകയും കൗൺസിലർമാരുടെ അമിത ജോലിഭാരം കുറയ്ക്കുകയും ചെയ്യുക.
-
അധ്യാപകർക്ക് പരിശീലനം: വിദ്യാർഥികളുടെ അക്കാദമിക് പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുക. സങ്കീർണമായ മാനസിക പ്രശ്നങ്ങൾ വിദഗ്ധർക്ക് കൈമാറുക.
-
മുൻകൂർ മുന്നറിയിപ്പ് സംവിധാനം: ഹോസ്റ്റൽ നിരീക്ഷണങ്ങൾ, അധ്യാപകരുടെ അഭിപ്രായങ്ങൾ, കൗൺസിലിങ് വിവരങ്ങൾ എന്നിവ ഏകോപിപ്പിച്ച് രഹസ്യ സ്വഭാവത്തോടെയുള്ള മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തുക. ഒന്നാം വർഷം മുതൽ തുടർച്ചയായി മാനസികാരോഗ്യ പരിശോധന നടത്തുക.
-
ഗവേഷണ മേൽനോട്ടം: ഗവേഷക വിദ്യാർഥികളും സൂപ്പർവൈസർമാരും തമ്മിലുള്ള ബന്ധവും ഗവേഷണ അന്തരീക്ഷവും വിലയിരുത്താൻ വകുപ്പുതല സമിതികൾ രൂപീകരിക്കുക. 20–25 വിദ്യാർഥികൾക്ക് ഒരു ഫാക്കൽറ്റി മെന്റർ എന്ന നിലയിൽ നിയമനം നൽകുക.
-
ഹോസ്റ്റൽ ജീവിതത്തിൽ മാറ്റങ്ങൾ: സാംസ്കാരിക പരിപാടികൾ, കലാ-കായിക ഇടങ്ങൾ, തുറന്ന സംവാദ വേദികൾ എന്നിവ ഒരുക്കുക. വാർഡന്മാർ വിദ്യാർഥികളുമായി കൂടുതൽ അടുത്തിടപഴകുകയും അസിസ്റ്റന്റ് വാർഡന്മാരെ നിയമിക്കുകയും ചെയ്യുക.
-
പഠനഭാരം കുറയ്ക്കുക: സി.പി.ഐ. മാർക്കുകൾക്ക് അമിത പ്രാധാന്യം നൽകുന്നത് പുനഃപരിശോധിക്കുക. പാഠ്യേതര പ്രവർത്തനങ്ങൾക്ക് ക്രെഡിറ്റും പ്ലെയ്സ്മെന്റുകളിൽ പരിഗണനയും നൽകുക.
-
ലൈഫ് സ്കിൽസ് പരിശീലനം: പ്രവേശന സമയത്ത് രണ്ടോ മൂന്നോ ആഴ്ച നീണ്ടുനിൽക്കുന്ന ലൈഫ് സ്കിൽസ്, യോഗ, കായിക-കലാ പരിശീലനങ്ങൾ നൽകുക.
-
വിലയിരുത്തൽ സംവിധാനം: സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്താൻ 'വെൽനസ് ഇൻഡിക്കേറ്റർ', മന്ത്രാലയ തലത്തിൽ ഡാഷ്ബോർഡ് എന്നിവ ഏർപ്പെടുത്തുകയും മൂന്ന് മാസം കൂടുമ്പോഴുള്ള അവലോകനങ്ങളും സ്വതന്ത്ര ഓഡിറ്റുകളും നടത്തുകയും ചെയ്യുക.
വിദ്യാർഥികളുടെ മാനസികാരോഗ്യവും സുരക്ഷയും കൗൺസിലിങ് സെന്ററുകളുടെമാത്രം ചുമതലയല്ലെന്നും സ്ഥാപനത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. നിർദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ക്യാമ്പസുകളിലെ മാറ്റങ്ങൾ.
Content Highlights: Following 47 student deaths in IITs over three years, the Anil Sahasrabudhe-led government committee has recommended comprehensive campus reforms, including hiring hostel wellness professionals
Published: 28 Nov 2026, 11:32 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented