ദേശ്‌മുഖിന്റെ സേവനം അടുത്ത അഞ്ചുവർഷത്തേക്ക് സർവകലാശാലയുടെ ഫിസിക്സ് പഠനവിഭാഗത്തിന് ലഭിക്കും

പ്രൊഫസർ പി.സി. ദേശ്‌മുഖ് | Photo: IIT Tirupati
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടെ ശാസ്ത്ര ഗവേഷണ വിഭാഗത്തിന് ഊർജമേകി അന്താരാഷ്ട്ര പ്രശസ്തനായ പ്രൊഫസറെത്തുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (എഎൻആർഎഫ്) പ്രധാനമന്ത്രി പ്രൊഫസർഷിപ്പ് പദ്ധതിയിൽ മദ്രാസ് ഐഐടിയിൽ സീനിയർ പ്രൊഫസറായിരുന്ന പി.സി. ദേശ്‌മുഖാണ് ഇവിടെ ചുമതലയേൽക്കുക.
അക്കാദമികരംഗത്തെ വൈദഗ്ധ്യവും ഉയർന്ന യോഗ്യതയുള്ള 25 പേരെയാണ് എഎൻആർഎഫ് തിരഞ്ഞെടുത്തത്. പദ്ധതിയിലൂടെ അധ്യാപകർക്ക് ഇഷ്ടമുള്ള ഗവേഷണസ്ഥാപനം തിരഞ്ഞെടുക്കാം. നിലവിൽ തിരുപ്പതി ഐസറിലെ ഇമേരിറ്റസ് പ്രൊഫസറായ ദേശ്‌മുഖ് കേരള കേന്ദ്ര സർവകലാശാല ഫിസിക്സ് വിഭാഗത്തെ നിർദേശിക്കുകയായിരുന്നു. ഇതിനൊപ്പം കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഭാഗത്തോടും സഹകരിച്ചാകും പ്രവർത്തനം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകർക്ക് മാർഗനിർദേശം നൽകുന്നതിനൊപ്പം സ്വന്തം പഠനമേഖലയിൽ കൂടുതൽ വ്യാപൃതരാകാനുള്ള അവസരം കൂടിയാണ് പ്രധാനമന്ത്രി പ്രൊഫസർഷിപ്പ് പ്രോഗ്രാമിലൂടെ ലഭിക്കുക. പദ്ധതിയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം രണ്ടരലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കും. കൂടാതെ ഒരുവർഷത്തേക്ക് ഗവേഷണത്തിനുമാത്രം 25 ലക്ഷവും കേന്ദ്രം അനുവദിക്കും. ലാബുൾപ്പെടെയുള്ള സൗകര്യങ്ങൾ അതത് സ്ഥാപനങ്ങൾ ഒരുക്കണം. ശാസ്ത്രമേഖലയിൽ ഉന്നതശ്രേണിയിലുള്ള അധ്യാപകനെത്തുന്നതിലൂടെ ഇവിടത്തെ ഗവേഷണപ്രവർത്തനങ്ങളുടെ നിലവാരം ഉയരുമെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. ദേശ്‌മുഖിന്റെ സേവനം അടുത്ത അഞ്ചുവർഷത്തേക്ക് സർവകലാശാലയുടെ ഫിസിക്സ് പഠനവിഭാഗത്തിന് ലഭിക്കും.
നിലവിൽ കാനഡയിലെ വെസ്റ്റേൺ ഒൺടാരിയോ സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട് ദേശ്‌മുഖ്. തിരുപ്പതി ഐഐടി, ഐസർ എന്നിവയുടെ നേതൃത്വത്തിലുള്ള സെന്റർ ഫോർ അറ്റോമിക്, മോളിക്യുലാർ ആൻഡ് ഒപ്റ്റിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (കാമോസ്റ്റ്)യുടെ മെന്ററും കൺവീനറുമാണ്. തുടർന്നും ആ ചുമതല നിർവഹിക്കേണ്ടതിനാൽ കാമോസ്റ്റിന്റെ കേന്ദ്രം കേന്ദ്രസർവകലാലയിലേക്ക് മാറ്റും. അന്താരാഷ്ട്ര ഗവേഷണ മേഖലയിലെ ബന്ധങ്ങൾ കേന്ദ്ര സർവകലാശാലയ്ക്ക് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്തുമെന്ന് ദേശ്‌മുഖ് അറിയിച്ചു.
Content Highlights: Internationally Renowned Scientist Prof PC Deshmukh Joins Central University of Kerala
Published: 17 Dec 2025, 07:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented