കാസർകോട്: വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ കമന്റ് ബോക്സുകളിൽ പ്രതിഷേധം രേഖപ്പെടുത്തി വിദ്യാർഥികൾ രംഗത്തെത്തി.
രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ധർമ്മേന്ദ്ര പ്രധാൻ നൽകിയ വിശിഷ്ട സേവനങ്ങളെ സർവകലാശാല കുറിപ്പിലൂടെ അഭിനന്ദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ സർവകലാശാലയുടെ അക്കാദമിക് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നൽകിയ പിന്തുണയെ സർവകലാശാല കുറിപ്പിൽ എടുത്തുപറയുന്നു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായും സർവകലാശാല പറയുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് സർവകലാശാലാ അധികൃതർ ആശംസകളും നേർന്നിട്ടുണ്ട്.
യുവജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ മന്ത്രി രാജിവെച്ച് മണിക്കൂറുകൾക്കകം ഇത്തരമൊരു പുകഴ്ത്തൽ നടത്തിയത് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ഈ കുറിപ്പുകൾക്ക് താഴെ പരിഹാസങ്ങളും ട്രോളുകളുമാണ് നിറയുന്നത്. വിമർശനങ്ങൾ ഉയർന്നിട്ടും പോസ്റ്റ് പിൻവലിക്കാനോ വിശദീകരണം നൽകാനോ സർവകലാശാല തയ്യാറായിട്ടില്ല.
Published: 27 Jul 2026, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented