ഇന്ത്യൻ വംശജനായ പ്രശസ്ത ശാസ്ത്രജ്ഞൻ സച്ചിദാനന്ദ പാണ്ഡ, ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് കാലിഫോർണിയയിലെ സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാജിവെച്ചു. ലബോറട്ടറിയിലെ ഒരു വനിതാ റിസർച്ച് അസിസ്റ്റന്റ് നൽകിയ പരാതിയിൽ സ്ഥാപനം അന്വേഷണം നടത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം. സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ 22 വർഷത്തെ സേവനം അവസാനിപ്പിച്ചുകൊണ്ടാണ് 50-കാരനായ പാണ്ഡയുടെ രാജിപ്രഖ്യാപനം. ഓഗസ്റ്റ് 13-നാണ് ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുകയെന്ന് സയൻസ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഈ വർഷം മാർച്ചിലാണ് പാണ്ഡയുടെ ലബോറട്ടറിയിലെ ഒരു വനിതാ റിസർച്ച് അസിസ്റ്റന്റ് തൊഴിലിടത്തിലെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക റിപ്പോർട്ടിങ് സംവിധാനങ്ങളിലൂടെ പരാതി നൽകിയത്. പരാതി ലഭിച്ചതിനു പിന്നാലെ അധികൃതർ പാണ്ഡയെ അവധിയിൽ പ്രവേശിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ പരാതിക്കാരിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പൂർണപിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ പരാതിക്കാരി പിന്നീട് സ്വമേധയാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാജിവെച്ചുപോയതായാണ് റിപ്പോർട്ടുകൾ.
അതേസമയം, അടുത്തകാലത്തായി പാണ്ഡയ്ക്കെതിരെ ഉയരുന്ന രണ്ടാമത്തെ ലൈംഗികാതിക്രമ ആരോപണമാണിത്. മുമ്പും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ സച്ചിദാനന്ദ പാണ്ഡെ പൂർണ്ണമായും നിഷേധിച്ചു. തന്റെ ഗവേഷണസംഘത്തിനും ഇൻസ്റ്റിറ്റ്യൂട്ടിനും സുരക്ഷിതവും മാന്യവുമായ ഒരു അന്തരീക്ഷം നിലനിർത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും പാണ്ഡ പറഞ്ഞു.
രാജി പ്രഖ്യാപിച്ചെങ്കിലും അത് ഈ ആരോപണങ്ങളെത്തുടർന്നല്ലെന്നാണ് പാണ്ഡ പറയുന്നത്. സിർക്കാഡിയൻ റിഥം (circadian rhythms), ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങളിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ പദ്ധതിയിടുന്നതിനാലാണ് താൻ രാജിവെക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനകം രണ്ട് ശാസ്ത്രപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സിർക്കാഡിയൻ റിഥം, സമയബന്ധിതമായ ആഹാരക്രമം എന്നറിയപ്പെടുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നിവയെക്കുറിച്ചാണ് സച്ചിദാനന്ദ പാണ്ഡെയുടെ ലബോറട്ടറി പ്രധാനമായും പഠിക്കുന്നത്.
ശരീരത്തിന്റെ ആന്തരികമായ 24 മണിക്കൂർ ഘടികാരത്തിനു പിന്നിലെ അടിസ്ഥാനപരമായ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിലും, വിട്ടുമാറാത്ത രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കിൽ ഭേദമാക്കാം എന്നതിലുമാണ് അദ്ദേഹത്തിന്റെ ഗവേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Published: 22 Jul 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented