കർണാടക ഗുൽബർഗ (കലബുറഗി), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) പാരാമെഡിക്കൽ കോളേജിലെ ഇൻഷ്വേർഡ് പേഴ്സൺസ് (ഐ.പി.) ക്വാട്ട സീറ്റ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

കോഴ്സുകൾ

ഡിപ്ലോമ ഇൻ (i) മെഡിക്കൽ റെക്കോഡ് ടെക്നോളജി (ഡി.എം.ആർ.ടി.) (ii) ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യാ ടെക്നോളജി (ഡി.ഒ.ടി. ആൻഡ് എ.ടി.) (iii) മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി.) (iv) മെഡിക്കൽ ഇമേജിങ് ടെക്നോളജി (ഡി.എം.ഐ.ടി.) (v) ഒഫ്താൽമിക് ടെക്നോളജി (ഡി.ഒ.ടി.) (vi) ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ.)

ഓരോ കോഴ്സിലുമുള്ള 20 സീറ്റുകളിൽ 16 എണ്ണംവീതം വാർഡ്സ് ഓഫ് ഐ.പി. ക്വാട്ടയിൽ അനുവദിക്കും. കോഴ്സ് ദൈർഘ്യം രണ്ടുവർഷമാണ്. തുടർന്ന് മൂന്നുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും പൂർത്തിയാക്കണം. പ്രതിവർഷ ട്യൂഷൻഫീ 4000 രൂപ.

യോഗ്യത

മെഡിക്കൽ റെക്കോഡ്സ് കോഴ്സ് പ്രവേശനത്തിന് 10+2/II പി.യു.സി./തത്തുല്യപരീക്ഷ ആർട്സ്/കൊമേഴ്സ്/സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് അപേക്ഷിക്കാം. മറ്റു കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷകർ 10+2/II പി.യു.സി./തത്തുല്യപരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി/ സുവോളജിവിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. തിരഞ്ഞെടുപ്പ് 10+2/തത്തുല്യപരീക്ഷയിലെ മാർക്ക് പരിഗണിച്ചായിരിക്കും.

ഇൻഷ്വേർഡ് പേഴ്സൺ വിഭാഗത്തിൽപ്പെടുന്നവരുടെ മക്കൾക്ക്, ഐ.പി. ക്വാട്ട പ്രവേശനത്തിന് അർഹത ലഭിക്കാനുള്ള കട്ട് ഓഫ് തീയതി 2024 മാർച്ച് 31-ന് ആയിരിക്കും. ഈ തീയതിയിൽ ഇൻഷ്വേർഡ് പേഴ്സൺ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ മക്കൾക്കേ ഐ.പി. ക്വാട്ടയിലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടാവുകയുള്ളൂ.

ആശ്രിതനായ ആൺകുട്ടിയുടെ പ്രായം 2024 ഓഗസ്റ്റ് 26-ന് 21 വയസ്സ് കവിയരുത്. പ്രവേശനം തേടുന്ന കുട്ടി ഐ.പി.യുടെ ആശ്രിതയായ, അവിവാഹിതയായ പെൺകുട്ടിയാണെങ്കിൽ പ്രായപരിധിവ്യവസ്ഥ ബാധകമായിരിക്കില്ല.

ഐ.പി. ക്വാട്ട സീറ്റിൽ പ്രവേശനം നേടുന്നവർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയശേഷം, ഒരുവർഷം പ്രതിമാസം 20,610 രൂപ വേതനത്തോടെ ഇ.എസ്.ഐ. കോർപ്പറേഷനിൽ സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യാത്തപക്ഷം ഒരുലക്ഷം രൂപ അവർ അടയ്ക്കണം. പ്രവേശനസമയത്ത് ഇതിലേക്ക് അണ്ടർടേക്കിങ് നൽകണം.

അപേക്ഷ

വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം, അപേക്ഷാഫോം മുതലായവ www.esic.gov.in/admissions -ൽ ലഭിക്കും. അപേക്ഷയും വിജ്ഞാപനപ്രകാരമുള്ള അനുബന്ധരേഖകളും (ആർ.ഒ./എസ്.ആർ.ഒ./ബി.ഒ. തലത്തിൽ നൽകിയ വാർഡ് ഓഫ് ഐ.പി. സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ഇ-മെയിൽ ആയി deanmc-gb.kar@esic.nic.in എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 26-ന് രാത്രി 11.59-നകം ലഭിക്കണം.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ താത്‌കാലിക മെറിറ്റ് പട്ടിക സെപ്‌റ്റംബർ രണ്ടിന് പ്രസിദ്ധപ്പെടുത്തും. പരാതിയുണ്ടെങ്കിൽ അഞ്ചിനകം ഇ-മെയിൽ വഴി അറിയിക്കണം. അന്തിമമെറിറ്റ് പട്ടിക ഒൻപതിന്. പ്രവേശനം 23-നകം നേടണം.