കൊച്ചി: ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഹെൽത്ത് സയൻസസ് സർവകലാശാലയുടെ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ആരോഗ്യ സർവകലാശാലയ്ക്ക് ഹൈക്കോടതിയുടെ നിർദേശം.

To advertise here,

ഈ കോഴ്സിന് അംഗീകാരം നൽകാമെന്ന് സംസ്ഥാനതല അക്കാദമിക് കമ്മിറ്റി ശുപാർശ ചെയ്തതടക്കം കണക്കിലെടുത്ത് ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കോഴ്‌സിന് തുല്യതാസർട്ടിഫിക്കറ്റ് നിഷേധിച്ച സർവകലാശാലയുടെ മുൻഉത്തരവ് ജസ്റ്റിസ് ടി.ആർ. രവി റദ്ദാക്കുകയും ചെയ്തു.

രാജീവ് ഗാന്ധി സർവകലാശാലയിൽനിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പാസായ കാസർകോട് സ്വദേശി കെ.എസ്. ലിറ്റോ ആയിരുന്നു ഹർജിക്കാരൻ.ഹർജിക്കാരന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ 2022-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിലും അനുകൂലമായ ഉത്തരവുണ്ടാകാത്തതിനെത്തുടർന്നാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

കോഴ്‌സുകൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ചേർന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ യോഗത്തിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറും പങ്കെടുത്തിരുന്നു എന്നതടക്കം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ പഠിച്ച കോഴ്സിന് മൂന്നരവർഷ കാലാവധിയേ ഉള്ളൂ എന്നതടക്കമുള്ള എതിർവാദങ്ങളാണ് സർവകലാശാല ഉന്നയിച്ചത്.