തിരുവനന്തപുരം: അംഗീകാരമുള്ള കോളേജുകളുടെ പട്ടിക കൈമാറാത്തതിനാൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനനടപടി വൈകുന്നു. ആരോഗ്യസർവകലാശാലയാണ് പരിശോധനനടത്തി അർഹതയുള്ള കോളേജുകളുടെ പട്ടിക മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഈ പട്ടിക എൽ.ബി.എസിനും മാനേജ്‌മെന്റുകൾക്കും നൽകിയാലേ പ്രവേശന നടപടി തുടങ്ങാനാകൂ.

To advertise here,

സർക്കാർ കോളേജുകളിലേക്കും സ്വകാര്യകോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നതിനായി എൽ.ബി.എസ്. അപേക്ഷ സ്വീകരിച്ചുകഴിഞ്ഞെങ്കിലും അലോട്‌മെന്റ് നടപടി തുടങ്ങാനായിട്ടില്ല. പിന്നാലെയാണ് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അസോസിയേഷനുകളും മറ്റ് മാനേജ്‌മെന്റുകളും പ്രവേശനം നടത്തുന്നത്. അതിനായി അവരും അപേക്ഷ സ്വീകരിച്ചെങ്കിലും പ്രവേശനയോഗ്യതയുള്ള കോളേജുകൾ ഏതൊക്കെയെന്ന പട്ടിക ലഭിക്കാത്തതിനാൽ നടപടി തുടങ്ങിയിട്ടില്ല.

സർവകലാശാല ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് ചില മാനേജ്‌മെന്റുകൾ കത്തുനൽകാൻ വൈകുന്നതാണ് പട്ടിക കൈമാറാൻ വൈകുന്നതിന് കാരണമെന്നാണ് കരുതുന്നത്.അടുത്തയാഴ്ചയോടെ ആദ്യവട്ട അലോട്‌മെന്റ് തുടങ്ങാനാണ് പ്രവേശന മേൽനോട്ടസമിതി സമയം അനുവദിച്ചത്. നഴ്‌സിങ് കൗൺസിൽ നിർദേശമനുസരിച്ച് സെപ്റ്റംബറോടെ പ്രവേശനം പൂർത്തിയാക്കണം.