രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപക നിലവാരത്തിന്റെയും ഗുരുതരമായ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ട് നിതി ആയോഗ് പുറത്തുവിട്ടു. 'സ്കൂൾ എഡ്യൂക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിൽ ദേശീയ തലത്തിൽ വലിയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും കേരളം മികച്ച മുന്നേറ്റം നടത്തുന്നതായി വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ പ്രകാരം രാജ്യത്തെ 1.19 ലക്ഷത്തോളം സ്കൂളുകളിൽ ഇപ്പോഴും വൈദ്യുതി കണക്ഷൻ ലഭ്യമല്ല. ഏകദേശം 98,592 സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികളില്ലാത്ത സാഹചര്യമുണ്ട്. ഇതിനുപുറമെ, 61,540 വിദ്യാലയങ്ങളിൽ ഉപയോഗയോഗ്യമായ ഒരു ശുചിമുറി പോലുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള ലഭ്യതയില്ലാത്ത 14,505 സ്കൂളുകളും കൈ കഴുകാനുള്ള സൗകര്യമില്ലാത്ത അരലക്ഷത്തോളം സ്കൂളുകളും രാജ്യത്തുണ്ടെന്ന് നിതി ആയോഗ് വ്യക്തമാക്കുന്നു.
അധ്യാപകരുടെ കുറവും അവരുടെ പ്രൊഫഷണൽ നിലവാരവുമാണ് മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യയിൽ 1,04,125 സ്കൂളുകൾ വെറും ഒരു അധ്യാപകൻ മാത്രമായാണ് പ്രവർത്തിക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഗ്രാമീണ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. അധ്യാപകരുടെ വിഷയത്തിലുള്ള അറിവ് പരിശോധിച്ചപ്പോൾ, കേവലം 10 മുതൽ 15 ശതമാനം പേർക്ക് മാത്രമാണ് തങ്ങൾ പഠിപ്പിക്കുന്ന വിഷയങ്ങളിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടാൻ കഴിഞ്ഞത്. ഗണിതശാസ്ത്രത്തിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നത് വെറും രണ്ട് ശതമാനം അധ്യാപകർ മാത്രമാണ്. കൂടാതെ, പഠനവുമായി ബന്ധമില്ലാത്ത സർവേകളും തെരഞ്ഞെടുപ്പ് ജോലികളും കാരണം അധ്യാപന സമയത്തിന്റെ 14 ശതമാനത്തോളം നഷ്ടപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും സീറോ എൻറോൾമെന്റ് സ്കൂളുകളും( അധ്യാന വർഷത്തിൽ പുതിയ വിദ്യാർഥികൾ ചേരാത്ത അവസ്ഥ) മറ്റൊരു വെല്ലുവിളിയാണ്. രാജ്യത്ത് 7,993 സ്കൂളുകളിൽ ഒരു വിദ്യാർത്ഥി പോലും പഠിക്കുന്നില്ല. പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള സ്കൂളുകൾ ഏറ്റവും കൂടുതലായുള്ളത്. സെക്കൻഡറി തലത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് ദേശീയ തലത്തിൽ 11.5 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത് ജിഡിപിയുടെ 4.6 ശതമാനം മാത്രമാണ്. മറ്റ് വികസിത രാജ്യങ്ങളായ യുകെ (5.9%), യുഎസ്എ (5.9%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
വിദ്യാഭ്യാസ നിലവാരത്തിൽ തിളങ്ങി കേരളം
നിതി ആയോഗ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ മികച്ച നിലവാരം പുലർത്തുന്നു. സംസ്ഥാനത്ത് ആകെ 15,757 സ്കൂളുകൾ വിവിധ തലങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. 2024-25 കാലയളവിലെ മൊത്തം എൻറോൾമെന്റ് അനുപാതം (ജിഇആർ) പ്രൈമറി തലത്തിൽ 93.2%, അപ്പർ പ്രൈമറിയിൽ 98.9%, സെക്കൻഡറിയിൽ 98.7% എന്നിങ്ങനെയാണ്. ഹയർ സെക്കൻഡറി തലത്തിൽ ഇത് 89.5% ആയി തുടരുന്നു. സ്കൂൾ തലങ്ങൾക്കിടയിലുള്ള കുട്ടികളുടെ മാറ്റം വളരെ ഉയർന്നതാണ്. പ്രൈമറിയിൽ നിന്ന് അപ്പർ പ്രൈമറിയിലേക്ക് 99.3% കുട്ടികളും അപ്പർ പ്രൈമറിയിൽ നിന്ന് സെക്കൻഡറിയിലേക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കായ 99.6% കുട്ടികളും എത്തുന്നുണ്ട്. സെക്കൻഡറി തലത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ നിരക്ക് 4.8% മാത്രമാണ്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ, 99.7% സ്കൂളുകളിൽ വൈദ്യുതിയും, 99.3% സ്കൂളുകളിൽ ആൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങളും, 99.6% സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങളും ലഭ്യമാണ്. കൂടാതെ, 99.5% സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യവും, 91.7% സ്കൂളുകളിൽ ഇന്റർനെറ്റും, 59.7% സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂമുകളും ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ ഇല്ലെന്നും, വിവിധ ഘട്ടങ്ങളിലായി Pupil-Teacher Ratio (പിടിആർ) 13 മുതൽ 22 വരെ എന്ന മികച്ച നിലയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വൈകല്യമുള്ള കുട്ടികൾക്കായി 83.2% സ്കൂളുകളിൽ റാമ്പുകളും 35.5% സ്കൂളുകളിൽ പ്രത്യേക ശൗചാലയങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതെസമയം, എൻറോൾമെന്റ് ഇല്ലാത്ത 47 സ്കൂളുകൾ കേരളത്തിൽ ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Published: 08 May 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented