കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്‌ ഫ്രെയിംവര്‍ക്ക്) റാങ്കിങ്ങില്‍ നെഗറ്റീവ് മാർക്കിങ് സംവിധാനം അവതരിപ്പിക്കുമെന്ന് അധികൃതർ. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ (retracted research papers), കൃത്യമായ ഉറവിടമില്ലാത്ത പ്രബന്ധങ്ങൾ, കോപ്പിയടി എന്നിവയ്ക്ക് നെഗറ്റീവ് മാർക്ക് നൽകാനാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ച എൻഐആർഎഫിന്റെ പത്താം പതിപ്പിന് ശേഷമാണ് പുതിയ മാറ്റം. എൻഐആർഎഫ് സ്ഥാപിതമായ ശേഷം ആദ്യമായാണ് റാങ്കിങ് രീതിയിൽ നെഗറ്റീവ് വെയ്റ്റേജ് ഉൾപ്പെടുത്തുന്നത്.

To advertise here,

എൻഐആർഎഫ് കൈകാര്യം ചെയ്യുന്ന ഏജൻസിയായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) ചെയർമാനായ അനിൽ സഹസ്രബുദ്ധെയാണ് റാങ്കിങ്ങിലെ പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. 

നെഗറ്റീവ് മാർക്കിങ് സംവിധാനത്തിന്റെ കരട് മാനദണ്ഡങ്ങൾ  തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ഇത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാങ്കിങ് മാനദണ്ഡങ്ങളും നിയമപരമായ വെല്ലുവിളികളും

എൻഐആർഎഫ് അഞ്ച് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്: അധ്യാപനം-പഠനം, ബിരുദ ഫലങ്ങൾ, ഗവേഷണം, ഔട്ട്റീച്ച്, സർവകലാശാലകളെക്കുറിച്ചുളള പൊതുധാരണ എന്നിവയാണവ. 2024-ൽ 8,700-ൽ അധികം സ്ഥാപനങ്ങളാണ് പങ്കെടുത്തത്. വിദ്യാർത്ഥികൾക്കും നിയമനം നൽകുന്നവർക്കും നയരൂപകർത്താക്കൾക്കും ഈ ഫലങ്ങൾ ഒരു പ്രധാന അളവുകോലായി മാറിയിട്ടുണ്ട്.

റാങ്കിങ് സംവിധാനത്തിന്റെ സുതാര്യത ചോദ്യം ചെയ്ത് ഏപ്രിലിൽ മദ്രാസ് ഹൈക്കോടതിയിൽ  പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ വെബ്സൈറ്റിൽ നൽകുന്ന വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് എൻഐആർഎഫ് റാങ്കിങ്ങുകൾ കണക്കാക്കുന്നതെന്നും കൃത്യമായ പരിശോധ നടക്കുന്നില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ഹർജിയെ തുടർന്ന് കോടതി റാങ്കിംങ്ങിന് ഇടക്കാല സ്റ്റേ നൽകിയെങ്കിലും വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച "ശാസ്ത്രീയ രീതി" അനുസരിച്ചാണ് എൻഐആർഎഫ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിക്കുന്നത് എന്ന് കേന്ദ്രം അറിയിച്ചതിനെതുടർന്ന് സ്റ്റേ പിന്നീട് നീക്കം ചെയ്തു.