നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റിയുടെ (എന്‍എഫ്എസ്‌യു-ഗുജറാത്ത്, ഗാന്ധിനഗര്‍) സ്‌കൂള്‍ ഓഫ് മെഡിക്കോ ലീഗല്‍ സ്റ്റഡീസ്, സവിശേഷമേഖലകളിലെ രണ്ട് എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് എന്‍എഫ്എസ്.

To advertise here,

എംഎസ്‌സി ഫൊറന്‍സിക് ഡെന്റിസ്ട്രി

ക്രിമിനല്‍/സിവില്‍ നിയമ നടപടികളില്‍ പല്ലുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശരിയായരീതിയില്‍ കൈകാര്യംചെയ്യല്‍, പരിശോധന, വിലയിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട ഫൊറന്‍സിക് ശാസ്ത്രത്തിന്റെ മേഖലയാണ് ഫൊറന്‍സിക് ഡെന്റിസ്ട്രി. മെഡിക്കല്‍ എക്‌സാമിനര്‍മാര്‍, നിയമപാലകര്‍, ജുഡീഷ്യല്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ ഫൊറന്‍സിക് ഓഡന്റോളജിസ്റ്റുകള്‍ നടത്തുന്നു.

അന്താരാഷ്ട്ര, ദേശീയ വിദഗ്ധരുടെ സെഷനുകള്‍, മോക് കോര്‍ട്ട് റൂമുകള്‍, കോടതിസന്ദര്‍ശനങ്ങള്‍, പ്രായോഗിക സെഷനുകള്‍, ഫൊറന്‍സിക് ഡെന്റിസ്ട്രിയിലെ അഡ്വാന്‍സ്ഡ്  പ്രാക്ടീസുകള്‍, അന്വേഷണത്തിലൂടെ പഠനം, കേസ് സ്റ്റഡി അവതരണം, ചര്‍ച്ചകള്‍ തുടങ്ങിയവ കോഴ്‌സിലുണ്ടാകും.

യോഗ്യത: ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെയുള്ള ബാച്ച്‌ലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി (ബിഡിഎസ്) ബിരുദം വേണം. പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കുമതി.

എംഎസ്‌സി ഫൊറന്‍സിക് നഴ്‌സിങ്

അക്രമം, ആഘാതം, ക്രൈം എന്നിവ നേരിട്ട വ്യക്തികള്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കുന്നതിന് നഴ്സിങ് കഴിവുകളും ഫൊറന്‍സിക് സയന്‍സ് അറിവും സംയോജിപ്പിക്കുന്ന പ്രത്യേക മേഖലയാണ് ഫൊറന്‍സിക് നഴ്സിങ്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ലൈംഗികാതിക്രമ ചികിത്സാകേന്ദ്രങ്ങള്‍, ഫൊറന്‍സിക് സൈക്യാട്രിക് യൂണിറ്റുകള്‍ തുടങ്ങി ഒട്ടേറെ ക്രമീകരണങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുകളും അറിവും കോഴ്‌സിലൂടെ ലഭിക്കുന്നു.

അന്താരാഷ്ട്ര, ദേശീയ വിദഗ്ധരുടെ സെഷനുകള്‍, ക്ലിനിക്കല്‍ സെഷനുകള്‍, മോക് കോര്‍ട്ട് മുറികള്‍, കോടതിസന്ദര്‍ശനങ്ങള്‍, പ്രായോഗിക സെഷനുകള്‍, ഫൊറന്‍സിക് നഴ്സിങ്ങിലെ നൂതനരീതികള്‍, നിയമനിര്‍വഹണ ഏജന്‍സികള്‍ക്കൊപ്പം കുറ്റകൃത്യം നടന്ന സ്ഥലത്തെ അന്വേഷണം, കേസ് പഠന അവതരണം, ചര്‍ച്ചകള്‍ എന്നിവ കോഴ്സിന്റെ ഭാഗമായി ഉണ്ടാകും.

യോഗ്യത: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെയുള്ള ബിഎസ്‌സി നഴ്സിങ് ബിരുദം വേണം. പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കുമതി. ഇന്ത്യയിലെ ഏതെങ്കിലും സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ബിഎസ്‌സി നഴ്സിങ് ബിരുദം ലഭിച്ചശേഷം ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍  മാനദണ്ഡങ്ങള്‍പ്രകാരം ഉണ്ടായിരിക്കണം.

അപേക്ഷ

കൂടുതല്‍ വിവരങ്ങള്‍ www.nfsu.ac.in/admission ല്‍ ലഭിക്കും. അപേക്ഷ ഈ ലിങ്ക് വഴി നവംബര്‍ എട്ടുവരെ നല്‍കാം. ഓഫ്‌ലൈന്‍ കൗണ്‍സലിങ് ഡിസംബര്‍ ഒന്‍പതിന് നടത്തും. സെഷന്‍ ജനുവരി അഞ്ചിന് തുടങ്ങും.