വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങൾക്കായുള്ള പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) 2024-25 അക്കാദമിക് വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന ചില പ്രവേശന പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. നീറ്റ് യു.ജി., പെൻ ആൻഡ് പേപ്പർ/ഒ.എം.ആർ. രീതിയിൽ നടത്തും. മറ്റെല്ലാ പരീക്ഷകളും കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തും.
നീറ്റ് യു.ജി. മേയ് അഞ്ചിന്
മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) മേയ് അഞ്ചിന് (ഞായർ) നടത്തും. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ കോഴ്‌സുകളിലെ പ്രവേശനം, ഈ പരീക്ഷയിലെ റാങ്ക് പരിഗണിച്ചാണ്. മിലിട്ടറി നഴ്സിങ്, ചില കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ്, അംഗീകൃത സ്ഥാപനങ്ങളിലെ വെറ്ററിനറി ബിരുദ പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ എന്നിവയ്ക്കും നീറ്റ് യു.ജി. സ്കോർ ഉപയോഗിക്കുന്നു.
കേരളത്തിൽ മെഡിക്കൽ/െഡന്റൽ കോഴ്‌സുകൾക്കു പുറമേ അഗ്രിക്കൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ബി.ടെക്. ബയോടെക്നോളജി (കേരള കാർഷിക സർവകലാശാല), കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ഫോറസ്ട്രി എന്നീ ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനും നീറ്റ് യു.ജി. സ്കോർ/റാങ്ക് പരിഗണിക്കും. 2023-ലെ നീറ്റ് യു.ജി. വിശദാംശങ്ങൾ neet.nta.nic.in ൽ ലഭിക്കും.
ജെ.ഇ.ഇ. മെയിൻ: രണ്ട് സെഷൻ
ബി.ഇ./ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ, രണ്ട് സെഷനുകളായി നടത്തും.
• സെഷൻ 1 - ജനുവരി 24-നും ഫെബ്രുവരി ഒന്നിനും ഇടയ്ക്ക്.
• സെഷൻ 2 - ഏപ്രിൽ ഒന്നിനും 15-നും ഇടയ്ക്ക്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലെ പ്രവേശനത്തിനാണ് ജെ.ഇ.ഇ. മെയിൻ മുഖ്യമായും നടത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷ കൂടിയാണ് ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പർ. 2023-24 ലെ ഈ പരീക്ഷയുടെ വിവരങ്ങൾക്ക്: jeemain.nta.nic.in
സി.യു.ഇ.ടി.-യു.ജി. മേയ് 15 മുതൽ
ഒട്ടേറെ സർവകലാശാലകളിലെയും കോളേജുകളിലെയും സ്ഥാപനങ്ങളിലെയും ബിരുദതല (അണ്ടർ ഗ്രാജ്വേറ്റ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.-യു.ജി.) മേയ് 15-നും 31 നും ഇടയ്ക്ക് നടത്തും. 2023-24-ലെ പരീക്ഷാ വിവരങ്ങൾക്ക്: cuet.samarth.ac.in
സി.യു.ഇ.ടി.-പി.ജി. മാർച്ച് 11 മുതൽ
വിവിധ സർവകലാശാലകളിലെയും കോളേജുകളിലെയും സ്ഥാപനങ്ങളിലെയും ബിരുദാനന്തര ബിരുദ (പോസ്റ്റ് ഗ്രാജ്വേറ്റ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജ്വേറ്റ് (സി.യു.ഇ.ടി. - പി.ജി.) മാർച്ച് 11-നും 28 -നും ഇടയ്ക്ക് നടത്തും. 2023-24 പരീക്ഷാ വിവരങ്ങൾക്ക്: cuet.nta.nic.in
യു.ജി.സി. നെറ്റ് ജൂൺ 10 മുതൽ
യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സെഷൻ 1 ജൂൺ 10-നും 21-നും ഇടയ്ക്ക് നടത്തും. സർവകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് ആൻഡ് അസിസ്റ്റന്റ് പ്രൊഫസർ എന്നിവയുടെ അർഹത നിർണയിക്കുന്ന പരീക്ഷയാണ് യു.ജി.സി. നെറ്റ്. വിവരങ്ങൾക്ക്: https://ugcnet.nta.nic.in
രജിസ്ട്രേഷൻ
ഓരോ പരീക്ഷയുടെയും വിശദാംശങ്ങൾ ബന്ധപ്പെട്ട പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങുമ്പോൾ ലഭ്യമാക്കുന്ന ആ പരീക്ഷയുടെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിരിക്കും. സി.ബി.ടി. രീതിയിൽ നടത്തുന്ന പരീക്ഷകളുടെ ഫലം, പരീക്ഷ കഴിഞ്ഞ് മൂന്ന് ആഴ്ചകൾക്കകം പ്രഖ്യാപിക്കും. നീറ്റ് യു.ജി. ഫലം ജൂൺ രണ്ടാം വാരം പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: www.nta.ac.in
Content Highlights: NEET, UGC NET, CUET, JEE Exam Date 2024 Announced
Published: 20 Sept 2023, 09:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented