ന്യൂഡൽഹി: പരീക്ഷാനവീകരണത്തിനായി കേന്ദ്രം നിയോഗിച്ച നന്ദൻ നിലേകനി സമിതിയോട് നീറ്റ് യു.ജി. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കാൻ നിർദേശിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. നിലവിലെ പേന-കടലാസ് പരീക്ഷാരീതിയിൽനിന്ന് മാറണമെന്ന അഭിപ്രായമാണ് കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ ഉണ്ടായതെന്ന് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ദേശീയതലത്തിലെ പൊതുപരീക്ഷയെ തമിഴ്‌നാട് എതിർത്തു.

To advertise here,

കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനൊപ്പം നിലവിലെ പേന-കടലാസ് പരീക്ഷാരീതി ആദ്യ കുറച്ചുവർഷം തുടരുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഇതിലേതെങ്കിലും തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരംനൽകാനാണ് ആലോചന. നേരത്തേ ഐ.ഐ.ടി.-ജെ.ഇ.ഇ. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കിയപ്പോൾ സമാനമാതൃകയാണ് പിന്തുടർന്നത്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രാലയമായിരിക്കും അന്തിമതീരുമാനമെടുക്കുന്നത്. നീറ്റിനെ പൊതുപരീക്ഷയാക്കിയതോടെ കോച്ചിങ് സംസ്കാരം വർധിച്ചിരിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. അത് വിദ്യാർഥികളെയും സമ്മർദത്തിലാക്കുകയാണ്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ മാർക്കിന് വെയിറ്റേജ് നൽകുന്നത് പരിഗണിക്കണമെന്ന നിർദേശവുമുണ്ടായി. വർഷത്തിൽ ഒന്നിലേറെത്തവണ നീറ്റ്-യു.ജി. പരീക്ഷ നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും നിർദേശങ്ങളുയർന്നു.

ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര കർമസേനയോട് ജനുവരിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.