ചോയ്സ് ഫില്ലിങ് നാളെമുതൽ ഒൻപതുവരെ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി), നീറ്റ് പിജി മെഡിക്കൽ 2025 റാങ്ക് അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എംഡി/എംഎസ്/ഡിപ്ലോമ/ഡിഎൻബി രണ്ടാം റൗണ്ട് അലോട്മെന്റ് നടപടികൾ mcc.nic.inൽ വെള്ളിയാഴ്ച ആരംഭിക്കും.
ആദ്യ റൗണ്ടിൽ രജിസ്റ്റർചെയ്യാത്തവർക്ക് രണ്ടാം റൗണ്ടിലേക്ക് mcc.nic.in വഴി പുതിയ രജിസ്ട്രേഷൻ നടത്തി അലോട്മെന്റിൽ പങ്കെടുക്കാം. ബാധകമായ ഫീസ് അടയ്ക്കണം. തുടർന്ന് ഡിസംബർ ആറുമുതൽ ചോയ്സ് ഫില്ലിങ് നടത്താം.
രജിസ്ട്രേഷൻ ഫീ/സെക്യൂരിറ്റി തുക
ചോയ്സ് നൽകുന്നതിനുമുമ്പായി, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച് പുതുതായി രജിസ്റ്റർ ചെയ്യുന്നവർ തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീയും തിരികെ ലഭിക്കാവുന്ന (ചില സാഹചര്യങ്ങളിൽ) സെക്യൂരിറ്റി തുകയും അടയ്ക്കണം.
കല്പിത സർവകലാശാലയിൽ ചോയ്സ് നൽകണമെങ്കിൽ എല്ലാവിഭാഗം വിദ്യാർഥികളും രജിസ്ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റി തുകയായി രണ്ടുലക്ഷം രൂപയും (മൊത്തം രണ്ടുലക്ഷത്തി അയ്യായിരം രൂപ).
സർക്കാർ വിഭാഗ കൗൺസലിങ്ങിൽമാത്രം (കല്പിത സർവകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാൻ, യുആർ/ഇഡബ്ല്യുഎസ് വിഭാഗക്കാർ, രജിസ്ട്രേഷൻ ഫീ ആയി 1000 രൂപയും സെക്യൂരിറ്റി തുകയായി 25,000 രൂപയും അടയ്ക്കണം (മൊത്തം 26,000 രൂപ). പട്ടിക/മറ്റുപിന്നാക്ക/ഭിന്നശേഷി വിഭാഗക്കാർ യഥാക്രമം 500 രൂപയും 10,000 രൂപയും (മൊത്തം 10,500 രൂപ) അടയ്ക്കണം.
കല്പിത സർവകലാശാലകളിലും സർക്കാർ വിഭാഗം സ്ഥാപനങ്ങളിലും (കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്സ് നൽകാൻ ആഗ്രഹിക്കുന്നവർ കൂടിയതുകയായ 5000 രൂപ, രണ്ടുലക്ഷംരൂപ, യഥാക്രമം, രജിസ്ട്രേഷൻ ഫീയായും സെക്യൂരിറ്റി തുകയായും നൽകണം.
രജിസ്ട്രേഷൻ നടത്തേണ്ടവർക്ക്, രണ്ടാം റൗണ്ടിലേക്ക് ഒൻപതിന് ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷൻ നടത്താം. അവർക്ക്, ഫീസടയ്ക്കാനുള്ള സൗകര്യം ഒൻപതിന് വൈകീട്ട് മൂന്നുവരെ ലഭിക്കും. തുകയടച്ചാലേ ചോയ്സ് നൽകാൻ കഴിയൂ.
ചോയ്സ് ഫില്ലിങ്
രണ്ടാംറൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താൻ ആറുമുതൽ ഒൻപതിന് രാത്രി 11.55 വരെ സമയമുണ്ട്. ചോയ്സ് ലോക്കിങ് സൗകര്യം ഒൻപതിന് വൈകീട്ട് നാലുമുതൽ അന്നുരാത്രി 11.55 വരെയും. ചോയ്സ് ലോക്കിങ് നടത്തുന്നില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്ക് ചെയ്യും.
അലോട്മെൻറ് ഫലം 12-ന് പ്രഖ്യാപിക്കും. പ്രവേശനംനേടാൻ 13 മുതൽ 21 വരെ അവസരമുണ്ടാകും. രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിക്കുന്നവർ, ആദ്യറൗണ്ട് സീറ്റിൽനിന്ന് റിലീവിങ് ഓർഡർ എടുത്ത് (കാറ്റഗറി മാറ്റംവഴി അതേ സ്ഥാപനത്തിലേക്കാണ് അപ്ഗ്രഡേഷൻ എങ്കിലും) രണ്ടാം റൗണ്ട് സീറ്റിൽ പ്രവേശനം നേടണം.
രണ്ടാംറൗണ്ടിൽ പ്രവേശനം നേടുന്നവർക്ക് മൂന്നാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്യാം. ആദ്യ രണ്ടുറൗണ്ടിലും അലോട്‌മെന്റ് ലഭിക്കാത്തവർക്ക് പുതിയ രജിസ്ടേഷനില്ലാതെ മൂന്നാം റൗണ്ടിൽ പങ്കെടുക്കാം. പുതിയ ചോയ്സ് നൽകണം.
രണ്ടാം റൗണ്ടിൽ പുതിയ രജിസ്ട്രേഷൻ നടത്തി അലോട്മെൻറ് ലഭിക്കാത്തവർക്ക് പുതിയ രജിസ്ട്രേഷൻ നടത്താതെ മൂന്നാം റൗണ്ടിൽ പങ്കെടുക്കാം. പുതിയ ചോയ്സ് നൽകണം. വിവരങ്ങൾക്ക്: mcc.nic.in/pg-medical-counselling/
Content Highlights: NEET PG 2025 Round 2 counselling begins on mcc.nic.in.
Published: 05 Dec 2025, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented