ന്യൂഡൽഹി: സിബിഎസ്ഇ ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ മാറ്റങ്ങളുമായി എൻസിഇആർടി. കാവേരി എന്ന് പേരിട്ടിരിക്കുന്ന പുതിയ പാഠപുസ്തകം ഇന്ത്യൻ എഴുത്തുകാർക്കും പ്രാധാന്യം നൽകുന്നതാണ്.

To advertise here,

നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (NCF-SE) 2023-ന്റെ അടിസ്ഥാനത്തിലാണ് പുതിയ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ നിലവിലുണ്ടായിരുന്ന ബീഹൈവ്, മൊമെന്റ്സ് എന്നീ രണ്ട് പാഠപുസ്തകങ്ങൾക്ക് പകരമായി ഇനിമുതൽ ഒരു പുസ്തകം മാത്രമേ ഉണ്ടാകൂ.

പ്രധാന മാറ്റങ്ങൾ:

  • പാഠഭാഗങ്ങളുടെ എണ്ണം കുറച്ചു: നേരത്തെ ഉണ്ടായിരുന്ന 29 പാഠഭാഗങ്ങൾക്ക് പകരം 16 പാഠങ്ങൾ മാത്രമാണ് പുതിയ പുസ്തകത്തിലുള്ളത്. പാഠ്യപദ്ധതി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

  • പഴയ പുസ്തകത്തിൽ ഉണ്ടായിരുന്ന 29 പാഠങ്ങളിൽ 15 എണ്ണവും വിദേശ എഴുത്തുകാരുടേതായിരുന്നു. എന്നാൽ പുതിയ പുസ്തകത്തിൽ ഇന്ത്യൻ, വിദേശ എഴുത്തുകാർക്ക് തുല്യ പ്രാധാന്യം നൽകുന്നു.

  • സുധാ മൂർത്തി, സുബ്രഹ്മണ്യ ഭാരതി, രവീന്ദ്രനാഥ ടാഗോർ, തെംസുല അഒ, മിത്ര ഫുകൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധാ മൂർത്തിയുടെ ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ ടു റീഡ് എന്ന കഥയാണ് പുസ്തകം ആരംഭിക്കുന്നത്.

  • പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കുമായി നടത്തിയ അഭിമുഖം ഉൾപ്പടെ പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശ എഴുത്തുകാരായ ഡേവിഡ് റോത്ത്, ചാൾസ് സ്വെയ്ൻ തുടങ്ങിയവരുടെ രചനകളും ഇതിലുണ്ട്.