ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) അഹമ്മദാബാദ് 2027-28 ബാച്ചിലേക്കുള്ള ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റിന് (ഡി.പി.എം.) അപേക്ഷ ക്ഷണിച്ചു. ഫുൾടൈം പ്രോഗ്രാമാണിത്. ലോകോത്തര സ്ഥാപനങ്ങളിൽ അക്കാദമിക ഗവേഷണം, അധ്യാപനം, കൺസൾട്ടിങ് മേഖലകളിൽ ഇവിടെ പഠിച്ചിറങ്ങിയവർ പ്രവർത്തിക്കുന്നു.

To advertise here,

സ്‌പെഷ്യലൈസേഷനുകൾ

പതിനൊന്ന് സ്പെഷ്യലൈസ് മേഖലകളിൽ പരമാവധി രണ്ട് എണ്ണത്തിലേക്ക് അപേക്ഷിക്കാം. ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഫുഡ് ആൻഡ് അഗ്രിബിസിനസ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഇനവേഷൻ ആൻഡ് മാനേജ്‌മെന്റ് ഇൻ എജുക്കേഷൻ, മാർക്കറ്റിങ്, ഓർഗനൈസേഷണൽ ബിഹേവിയർ, ഓപ്പറേഷൻസ് ആൻഡ് ഡിസിഷൻ സയൻസസ്, പബ്ലിക് സിസ്റ്റംസ്, സ്ട്രാറ്റജി. രണ്ടുവർഷത്തെ കോഴ്‌സ്‌വർക്ക് ഉൾപ്പെടെ നാലുമുതൽ അഞ്ചുവർഷംവരെയാണ് പഠനകാലയളവ്.

യോഗ്യത

55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/ രണ്ടുവർഷ പി.ജി. ഡിപ്ലോമ/ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്. 55 ശതമാനത്തോടെ ബിരുദവും 50 ശതമാനത്തോടെ സി.എ./സി.എസ്./സി.എം.എ. യോഗ്യതയും. 65 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം. ഇവയിൽ ഏതെങ്കിലും ഒന്നുവേണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ

കാറ്റ് സ്കോർ വേണം. സ്പെഷ്യലൈസേഷനനുസരിച്ച് ജി.ആർ.ഇ., ജിമാറ്റ്, ഗേറ്റ്, യു.ജി.സി.-നെറ്റ് ജെ.ആർ.എഫ്. എന്നിവയും സ്വീകരിക്കും. പ്രവാസി ഇന്ത്യക്കാർക്കു ജിമാറ്റ് ആണ് മാനദണ്ഡം. സ്കോറിന്റെ കാലാവധി അപേക്ഷയുടെ അവസാന തീയതിയിൽ നിലനിൽക്കണം.

കാറ്റ്, ജി.ആർ.ഇ., ജിമാറ്റ് എന്നിവയ്ക്ക് അഞ്ചുവർഷം, ഗേറ്റ്, ജെ.ആർ.എഫ്. എന്നിവയ്ക്ക് മൂന്നുവർഷം, എസ്.ആർ.എഫ്. ഒരുവർഷം എന്നിങ്ങനെയാണ് സാധുത. ഓൺലൈൻ (ടേക്ക്-ഹോം) ജിമാറ്റ്/ജി.ആർ.ഇ. സ്‌കോർ സ്വീകരിക്കില്ല. കാറ്റ്/സ്റ്റാൻഡേഡ്‌ ടെസ്റ്റ് സ്കോർ, അക്കാദമിക് പശ്ചാത്തലം, പരിചയം, ആരോഗ്യാവസ്ഥ എന്നിവ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കാണ് ഇന്റർവ്യൂ.

ഫെലോഷിപ്പ്

ട്യൂഷൻ, ലൈബ്രറി, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾ സ്ഥാപനം വഹിക്കും. ആദ്യ രണ്ടുവർഷത്തെ കോഴ്‌സ്‌വർക്ക് കാലത്ത്, ഏരിയ കോംപ്രിഹെൻസീവ് പരീക്ഷ പാസാകുന്നതുവരെ, പ്രതിമാസം 48,000 രൂപ ലഭിക്കും. പരീക്ഷ പാസായശേഷം ഇത് 52,000 രൂപയായി ഉയരും. തീസിസ് പ്രൊപ്പോസൽ അംഗീകരിച്ചശേഷം, അഞ്ചാംവർഷം അവസാനം അല്ലെങ്കിൽ തീസിസ് ഡിഫൻസ് വരെ (ഏതാണോ ആദ്യം) പ്രതിമാസം 58,000 രൂപ ലഭിക്കും.

പ്രതിവർഷം 35,000 രൂപ കണ്ടിൻജൻസി അലവൻസ് (അഞ്ചുവർഷംവരെ), കോൺഫറൻസ് പങ്കാളിത്തത്തിന് 5,75,000 രൂപവരെ, ഫീൽഡ്‌വർക്കിന് 2,00,000 രൂപവരെ, കംപ്യൂട്ടർ വാങ്ങാൻ 1,00,000 രൂപ സ്റ്റാർട്ടപ്പ് ഗ്രാന്റ് എന്നിവയും ലഭിക്കും. അവിവാഹിതർക്ക് ആദ്യഘട്ടത്തിൽ കാമ്പസ് താമസസൗകര്യവും വിവാഹിതർക്ക് പരിമിതമായ കാമ്പസ് താമസവും ലഭ്യമാണ്.

അപേക്ഷ

www.iima.ac.in/academics/phd/admission വഴി ജനുവരി 18-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: ഫോൺ (മാനേജർ, ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റ്): 7971524639/40/41. ഇ-മെയിൽ: phdadmission@iima.ac.in