കോഴിക്കോട്: ഷഹ്രീനും സനയയും മൻഷയുമെല്ലാം നടക്കാവ് സ്കൂളിലേക്കു കയറിവന്നപ്പോഴേ കണ്ണുകളിൽ ചിരിനിറഞ്ഞു. അങ്ങ് ശ്രീഗനറിൽനിന്നുള്ള കൂട്ടുകാരെ കണ്ടപ്പോൾ നടക്കാവിലെ കുട്ടികളും നിറചിരിയോടെ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റി നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസ്എസിൽ നടപ്പാക്കിയ പ്രിസം പദ്ധതി അടുത്തറിയാനാണ് ശ്രീനഗർ കോത്തിബാഗിലെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും നടക്കാവിലെത്തിയത്.

To advertise here,

സാംസ്കാരികവിനിമയപരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. പ്രിസം പദ്ധതിക്കൊപ്പംനിന്ന ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് കുട്ടികളെ ഇവിടേക്കെത്തിച്ചത്. കോത്തിബാഗ് സ്കൂളിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2012-ൽ മുൻ എംഎൽഎ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് നടക്കാവ് സ്കൂളിൽ പ്രിസം തുടങ്ങിയത്.

പ്ലസ് വണ്ണിനും ഒൻപതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാർഥിനികളും മൂന്ന് അധ്യാപകരുമാണ് സംഘത്തിലുള്ളത്. പ്രിസം പദ്ധതിയിലൂടെ എന്തൊക്കെ മാറ്റമാണ് സ്കൂളിലുണ്ടായതെന്നുള്ള കാര്യങ്ങൾ കുട്ടികൾ ചോദിച്ചറിഞ്ഞു. അക്കാദമികരംഗത്തും കലാസാംസ്കാരികരംഗത്തുമെല്ലാം ഉണ്ടാക്കിയ മാറ്റം സ്കൂളിൽനിന്ന് അനുഭവിച്ചറിഞ്ഞു.

സംരംഭകരായ ഫൈസൽ കൊട്ടിക്കോളനും ഷബാനയും സ്ഥാപിച്ച ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയാണ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ. കോത്തിബാഗ് സ്കൂളിൽ കെജി മുതൽ എട്ടാംതരംവരെയുള്ള കുട്ടികൾക്കായി കെട്ടിടമൊരുക്കുകയാണ് ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ ചെയ്യുന്നതെന്ന് കോത്തിബാഗിലെ അധ്യാപകനായ ഷെയ്ഖ് സഹൂർ പറഞ്ഞു. 27-ന് ഉദ്ഘാടനംചെയ്യും. ആകെ 20 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നടക്കാവിലെ കുട്ടികൾ കശ്മീരിലേക്കു പോകുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

സ്കൂൾ പ്രിൻസിപ്പൽ സി. ഗിരീഷ് കുമാർ, ഫൈസൽ ആൻഡ് ഷബാന ഗ്രൂപ്പ് പ്രോജക്ട് മാനേജർ റോഷൻ ജോൺ, പ്രോഗ്രാം കോഡിനേറ്റർ അഖീഷ്മ എന്നിവർ ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്. കാരപ്പറമ്പ് സ്കൂൾ, കോർപ്പറേഷൻ ഓഫീസ് എന്നിവയും സന്ദർശിച്ചു. ബീച്ചിലെ നൈറ്റ് ലൈഫും ആസ്വദിച്ച സംഘം ചൊവ്വാഴ്ച മിഠായിത്തെരുവ്, കടലുണ്ടി പക്ഷിസങ്കേതം, തുല ക്ലിനിക്കൽ വെൽനസ് എന്നിവ സന്ദർശിക്കും. കോഴിക്കോടിനെ അടുത്തറിയാനുള്ള അവസരമായാണ്‌ ഇതിനെ കാണുന്നതെന്ന് കോത്തിബാഗ് സ്കൂളിലെ അധ്യാപകരായ മറിയം അക്ബർ, ഹുമരിയ ഷാ എന്നിവർ പറഞ്ഞു. 15-ന് മടങ്ങും.