കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്‌പിഐ), രാജ്യത്തെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി നടത്തുന്ന ഇന്റേൺഷിപ്പ് (രണ്ടാംഘട്ടം) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

To advertise here,

ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം മനസ്സിലാക്കുക, നാഷണൽ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡക്സ് നമ്പേഴ്സ്, എനർജി സ്റ്റാറ്റിസ്റ്റിക്സ്, നാഷണൽ ഇക്കണോമിക് ക്ലാസിഫിക്കേഷൻസ്, സസ്‌റ്റെയിനബിൾ ഡിവലപ്മെൻറ്‌ ഗോൾസ്, എൻവയൺമെൻറ്‌ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിങ്, ഗ്ലോബൽ ഇൻഡിസസ്, സർവേ സബ്ജക്ട്സ് എന്നിവ പരിചയപ്പെടുക, ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട വിവരശേഖരണം, പ്രോസസിങ്, വിശകലനം, പ്രസിദ്ധീകരണം, പ്രചരിപ്പിക്കൽ എന്നിവ അടുത്തറിയുക തുടങ്ങിയവ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നു.

രണ്ട് ഗ്രൂപ്പുകളിലായി ഡൽഹിയിലും (ഗ്രൂപ്പ് എ) മറ്റുകേന്ദ്രങ്ങളിലു(ഗ്രൂപ്പ് ബി)മായി മൊത്തം 255 അവസരങ്ങളുണ്ട്.

യോഗ്യത

ഇവയിൽ ഒരു യോഗ്യതവേണം:

(i) സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് ഒരു പേപ്പറെങ്കിലും പാഠ്യപദ്ധതിയിലുള്ള ബിരുദപ്രോഗ്രാമിലെ രണ്ടാം വർഷം/നാലാം സെമസ്റ്റർ ടേം പരീക്ഷ പൂർത്തിയാക്കുകയോ അഭിമുഖീകരിക്കുകയോ ചെയ്തവർ. ക്ലാസ് 12 പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്കുവേണം.

(ii) ബിരുദപ്രോഗ്രാമിനുശേഷം, സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് ഒരു പേപ്പറെങ്കിലും പാഠ്യപദ്ധതിയിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ ഏതെങ്കിലും വർഷത്തിൽ പഠിക്കുന്നവർ അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷൻസ് റിസർച്ച്/ഇക്കണോമിക്സ്/ഡമോഗ്രഫി/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിലെ മറ്റ് മേഖലകൾ എന്നിവയിലൊന്നിലെ ഗവേഷണ/പിഎച്ച്ഡി വിദ്യാർഥികൾ. എല്ലാവർക്കും ബിരുദതലത്തിൽ 70 ശതമാനം മാർക്ക് വേണം.

(iii) ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ കുറഞ്ഞത് 70 ശതമാനം മാർക്കുവാങ്ങി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ, പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർ

കാലയളവ്

രണ്ടുമുതൽ ആറുമാസംവരെയാകാം കാലയളവ്. 2025 ഒക്ടോബറിൽ തുടങ്ങി 2026 ഏപ്രിലിൽ പൂർത്തിയാക്കണം. നിലവിൽ ഗ്രാജ്വേഷൻ/പോസ്റ്റ് ഗ്രാജ്വേഷൻ/റിസർച്ച്/പിഎച്ച്ഡി ചെയ്യുന്നവർക്ക് രണ്ടുമുതൽ മൂന്നുമാസംവരെയുള്ള ഇന്റേൺഷിപ്പിനേ അപേക്ഷിക്കാൻ കഴിയൂ.

സ്റ്റൈപ്പെൻഡ്

പ്രതിമാസ സ്റ്റൈപ്പെൻഡ് 10,000 രൂപയാണ്. കൂടാതെ സാക്ഷ്യപത്രവും ലഭിക്കും.

അപേക്ഷ

ഗ്രൂപ്പ്‌ എ/ഗ്രൂപ്പ് ബി അപേക്ഷ internship.mospi.gov.in വഴി സെപ്റ്റംബർ 30-നകം നൽകണം. ഒരാൾക്ക് ഒരു ഗ്രൂപ്പിലേക്കേ അപേക്ഷിക്കാൻ കഴിയൂ. പ്ലസ് ടു/ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം എന്നിവയിലൊന്നിൽ (ബാധകമായത്) ലഭിച്ച മാർക്ക് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്‌. അപേക്ഷാർഥിയുടെ ഇന്റേൺഷിപ്പ് കേന്ദ്രം സംബന്ധിച്ച ഓപ്ഷനും പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷാർഥിയുടെ ഇമെയിൽ വിലാസത്തിലും വിവരം അറിയിക്കും.

ഗ്രൂപ്പ് ‘എ’ സ്ഥാപനങ്ങളുടെ പട്ടിക വെബ്സൈറ്റിലെ അനൗൺസ്‌മെന്റ്‌ ലിങ്കിലുള്ള വിജ്ഞാപനത്തിന്റെ അനക്സ്ചർ I-ലും ഗ്രൂപ്പ് ‘ബി’ സ്ഥാപനങ്ങളുടേത് വിജ്ഞാപനത്തിന്റെ അനക്സ്ചർ II-ലും ഇന്റേൺഷിപ്പ് സെൻറർ, മേഖല, എണ്ണം, നോഡൽ ഓഫീസർ വിശദാംശങ്ങൾ തുടങ്ങിയവ സഹിതം ലഭിക്കും.