കഴിഞ്ഞ മൂന്ന് മാസത്തിനിടെ 36.6 ബില്യൺ ഡോളറിന്റെ വൻലാഭം നേടിയിട്ടും മൈക്രോസോഫ്റ്റ് തങ്ങളുടെ 60,000 ജീവനക്കാർക്ക് 'വളന്ററി എക്സിറ്റ്' പ്രഖ്യാപിച്ചതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. എ.ഐ. അധിഷ്ഠിത സേവനങ്ങളിലേക്ക് കമ്പനിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ കോർപ്പറേറ്റ് തന്ത്രങ്ങൾക്കിടയിൽ, കേവലം ഒരു ഇമെയിൽ സന്ദേശത്തിലൂടെ പെട്ടെന്ന് തൊഴിൽ നഷ്ടപ്പെടുന്ന മനുഷ്യരുടെ അനുഭവങ്ങളും ചെറുതല്ല. 

To advertise here,

ഇത്തരത്തിലൊന്നാണ് ആമസോണിലും മൈക്രോസോഫ്റ്റിലും തൊഴിൽപരിചയമുള്ള ഒരു ഇന്ത്യൻ പ്രൊഫഷണൽ അടുത്തിടെ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ. ജോലിയിൽനിന്ന് മാറ്റിയെന്ന വാർത്ത ആദ്യം എച്ച്.ആറിൽനിന്ന് ലഭിച്ചപ്പോൾ, തന്റെ മുൻപരിചയംവെച്ച് ഉടൻ മറ്റൊരു ജോലി കണ്ടെത്താമെന്ന പ്രതീക്ഷയിൽ അദ്ദേഹം മാറ്റത്തെ വലിയ ഗൗരവത്തിൽ കണ്ടിരുന്നില്ല. എന്നാൽ, അടുത്ത ദിവസം മുതൽ രണ്ടുവർഷമായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക കമ്പനി ഇമെയിൽ ഐഡി പ്രവർത്തിക്കാതാവുകയും സിസ്റ്റം ആക്സസ് നഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് യാഥാർഥ്യം തിരിച്ചറിഞ്ഞതെന്ന് പറയുന്നു. തുടക്കത്തിൽ തോന്നിയ അത്ഭുതവും ആശയക്കുഴപ്പവും മറികടന്ന്, 30 ദിവസത്തിനുള്ളിൽ മുൻപത്തേക്കാൾ ഉയർന്ന ശമ്പളത്തിൽ പുതിയ ജോലി കണ്ടെത്തുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം കരിയറിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്.

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ഭീമന്മാർ എഐ ചിപ്പുകൾക്കും ഡാറ്റാ സെന്ററുകൾക്കുമായി 700 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ തുടങ്ങിയതോടെ, പാരമ്പര്യ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലകളിൽ നിന്നുള്ള ബജറ്റുകൾ വെട്ടിക്കുറയ്ക്കപ്പെടുകയാണ്. ഉയർന്ന ലാഭത്തിലുള്ള കമ്പനികളിൽ പോലും ജീവനക്കാരുടെ തസ്തികകൾ പെട്ടെന്ന് റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നു.

ലാഭക്ഷമതയുള്ള സമയത്തുപോലും ടെക് കമ്പനികൾ ജീവനക്കാരെ പുനഃക്രമീകരിക്കുന്ന കാലഘട്ടത്തിൽ പ്രൊഫഷണലുകൾക്ക് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ചില മാറ്റങ്ങൾ അനിവാര്യമാണ്. തിരിച്ചടികൾ ഉണ്ടാകുമ്പോൾ മാനസികമായി തളരാതെ കൃത്യമായ സമയപരിധിവെച്ച് പുതിയ അവസരങ്ങൾക്കായി ശ്രമിക്കുക എന്നതാണ് പ്രധാനം. ഒപ്പം, ലഭിക്കുന്ന എക്സിറ്റ് പാക്കേജുകളും ആനുകൂല്യങ്ങളും കൃത്യമായി വിനിയോഗിച്ച് ക്ലൗഡ് സേവനങ്ങൾ, എ.ഐ. സാങ്കേതികവിദ്യകൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് സ്വന്തം നൈപുണ്യം മെച്ചപ്പെടുത്തുകയും വേണം.