രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) 10,000-ത്തിലധികം അധ്യാപക, അനധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2025 നവംബർ വരെയുള്ള കണക്കനുസരിച്ച് കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 10,173 ഒഴിവുകളുണ്ട്.
അനുവദിച്ച 56,520 തസ്തികകളിൽ 8,457 എണ്ണം അധ്യാപക തസ്തികകളും 1,716 എണ്ണം അനധ്യാപക തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്.
പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതും ജീവനക്കാരുടെ വിരമിക്കൽ, രാജിവെക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ കാരണമാണ് ഒഴിവുകൾ തുടർച്ചയായി ഉണ്ടാകുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും, സ്ഥിരമായ നിയമനം കെവിഎസ് റിക്രൂട്ട്‌മെന്റ് നിയമങ്ങൾക്കനുസരിച്ച് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി നടത്താറുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായി വരുമ്പോൾ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കാറുണ്ട്. കഴിഞ്ഞ വർഷം മാത്രം 6,920 കരാർ അധ്യാപകരെ നിയമിച്ചിരുന്നു. 2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി ആകെ 33,350 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
പുതിയ സ്കൂളുകൾ പ്രവർത്തനക്ഷമമല്ല
കെ.വി. തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനൊപ്പം പുതിയ സ്‌കൂളുകൾ പ്രവർത്തനക്ഷമമാകാത്തതും ശ്രദ്ധേയമാണ്. 2024 ഡിസംബറിലും 2025 ഒക്ടോബറിലുമായി 142 പുതിയ കെവിഎസ് സ്കൂളുകൾക്ക് അംഗീകാരം ലഭിച്ചെങ്കിലും ഇവയിൽ 30 സ്കൂളുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 2024 ഡിസംബറിൽ സർക്കാർ അംഗീകരിച്ച 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളിൽ 30 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായത്.
ഇതുകൂടാതെ, രാജ്യത്തുടനീളം നവോദയ വിദ്യാലയ പദ്ധതിക്ക് കീഴിൽ 28 പുതിയ നവോദയ വിദ്യാലയങ്ങൾ (NVS) അനുവദിച്ചതിൽ 12 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്.
Published: 08 Dec 2025, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented