തിരുവനന്തപുരം: സ്കൂൾപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കിയാൽ പിന്നാക്കവിഭാഗം വിദ്യാർഥികൾ പിന്തള്ളപ്പെടുമെന്ന പ്രചാരണത്തിനു മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. പട്ടികജാതിക്കാരായ 39,981 പേർ പരീക്ഷയെഴുതിയതിൽ 39,447 പേർ വിജയിച്ചു (98.66 ശതമാനം). 2130 പേർ ഫുൾ എ പ്ലസും നേടി.പട്ടികവിഭാഗത്തിൽ 7279 പേർ പരീക്ഷയെഴുതിയതിൽ 7135 പേർ വിജയിച്ചു (98.02 ശതമാനം). 162 പേർ ഫുൾ എപ്ലസും നേടി.

To advertise here,

എസ്എസ്എൽസി എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്താനുള്ള സർക്കാർ പ്രഖ്യാപനം വന്നപ്പോഴായിരുന്നു പിന്നാക്കവിദ്യാർഥികൾ പുറന്തള്ളപ്പെടുമെന്ന വിമർശനമുയർന്നത്. ഇതുസൂചിപ്പിച്ചാണ് പട്ടികവിഭാഗക്കാരുടെ ഫലം മന്ത്രി പത്രസമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ചത്. പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസനിലവാരത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എൽസിയിൽ മിനിമം മാർക്ക് നടപ്പാക്കുമെന്നായിരുന്നു സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി നടപ്പാക്കിയാൽമതിയെന്ന ധാരണയിൽ ഈവർഷം എട്ടാംക്ലാസിൽ ആരംഭിച്ചു.മിനിമം മാർക്കും കുട്ടികളെ തോൽപ്പിക്കലുമല്ല നിലവാരംകൂട്ടാനുള്ള വഴിയെന്ന്‌ കെഎസ്ടിഎയും ശാസ്ത്രസാഹിത്യപരിഷത്തും വാദിച്ചു. പത്താംക്ലാസിൽ മിനിമം മാർക്ക് ഇത്തവണയില്ലെങ്കിലും അക്കാദമികമായി കൂടുതൽ ശ്രദ്ധിച്ചതാണ് പട്ടികവിഭാഗക്കാരുടെ മികച്ചവിജയത്തിനു കാരണമെന്നാണ് സർക്കാർ വാദം.