തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾവിദ്യാർഥികളെ പഠനത്തിനൊപ്പം സംരംഭകത്വവും പരിശീലിപ്പിച്ചുതുടങ്ങി. കൂൺകൃഷിമുതൽ ഡ്രോൺ സർവീസിങ്ങുവരെ നീളുന്നതാണ് വിദ്യാർഥികളുടെ സംരംഭങ്ങൾ. സമഗ്രശിക്ഷാ കേരളയുടെ(എസ്എസ്‌കെ) ‘സ്‌കിൽ ടു വെൻച്വർ’ (എസ്ടുവി) പദ്ധതിയുടെ ഭാഗമായാണ് പഠനപരിപാടി.

To advertise here,

സംരംഭകരാവാൻ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, വിദ്യാർഥികളിൽ സമ്പാദ്യശീലവും വളർത്താൻ ഉദ്ദേശിച്ച് 40 വിഎച്ച്എസ്ഇകളിലാണ് എസ്ടുവി നടപ്പാക്കുന്നത്. ലോകബാങ്കിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംരംഭകത്വപരിശീലനം. നടപ്പാക്കാൻ ഓരോ സ്കൂളിനും അരലക്ഷം രൂപവീതം സഹായധനം നൽകും.

വിഎച്ച്എസ്ഇക്ക്‌ പഠിക്കാനുള്ള കോഴ്‌സുകളുമായി ബന്ധപ്പെട്ടതായിരിക്കും സംരംഭങ്ങൾ. പ്രാദേശികതലത്തിലുള്ള വ്യവസായപങ്കാളികളും സ്കൂളും തമ്മിൽ ധാരണാപത്രം ഒപ്പിട്ടാണ് പ്രവർത്തനം. സംരംഭങ്ങളുടെ നടത്തിപ്പിന് വ്യവസായപങ്കാളികൾ വിദ്യാർഥികൾക്ക് പരിശീലനം നൽകും.

വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അധ്യക്ഷനും തദ്ദേശപ്രതിനിധി അംഗവുമായുള്ള ഉപദേശസമിതിക്കാണ് മേൽനോട്ടച്ചുമതല. മാനേജ്‌മെന്റ്, ഫിനാൻസ്, ബ്രാൻഡിങ്, മാർക്കറ്റിങ് ചുമതലകൾക്ക് വിദ്യാർഥിസമിതികളുണ്ടാകും. മാനേജറും അംബാസഡറുമെല്ലാം വിദ്യാർഥികളാണ്. ദേശസാത്‌കൃത-സഹകരണ ബാങ്ക് വഴിയായിരിക്കും പണമിടപാടുകൾ.

ലാഭവിഹിതത്തിന്റെ 10 ശതമാനത്തിൽക്കൂടാത്ത തുക വിദ്യാർഥികൾക്ക് ലഭിക്കും. അടുത്തവർഷം ഹയർസെക്കൻഡറി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

സംരംഭങ്ങളിലൂടെ ദൈനംദിന സേവനം

• കൊല്ലത്താണ് ഏറ്റവും കൂടുതൽ വിദ്യാർഥിസംരംഭങ്ങൾ-12 എണ്ണം. തിരുവനന്തപുരം-ഒൻപത്, തൃശ്ശൂർ-നാല്, കോഴിക്കോട് -മൂന്ന്, വയനാട്ടിലും കോട്ടയത്തും-രണ്ടുവീതം, മറ്റു ജില്ലകളിൽ ഓരോന്നുവീതം.

• ഇ-വാഹന സർവീസിങ്, സോളാർ എൽഇഡി, കംപ്യൂട്ടർ ഹാർഡ്‌വേർ സപ്പോർട്ട് സെന്റർ, മൊബൈൽ ഫോൺ സർവീസ്, എൽഇഡി ലാമ്പ് നിർമാണം, ത്രീഡി പ്രിന്റിങ്, ഫ്ലോറികൾച്ചർ, ഇ-ക്ലിനിക്, ആഭരണനിർമാണം, ഇ-സേവനകേന്ദ്രം, ഓർഗാനിക് കൃഷി, റെഫ്രിജറേറ്റർ-എസി സർവീസ് സെന്റർ തുടങ്ങിയവയാണ് മറ്റു സംരംഭങ്ങൾ.