
അങ്ങനെ വീണ്ടും ഒരു ബസുകൂടി കളയാതിരിക്കാനുള്ള ബുദ്ധി കേരളം കാണിച്ചിരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഒരു നയംമാറ്റത്തിലൂടെ സംസ്ഥാനസര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലാബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നു. ദീര്‍ഘകാലമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന, വിദ്യാര്‍ഥികളുടെ സംസ്ഥാനത്തിനുപുറത്തേക്കുള്ള ഒഴുക്കിന് ഇനിയെങ്കിലും ശമനംവരുമെന്ന് പ്രതീക്ഷിക്കാം. മാനവവികസനനേട്ടങ്ങള്‍ക്ക് കേള്‍വികേട്ട നമ്മുടെ സംസ്ഥാനം, ഉന്നതവിദ്യാഭ്യാസരംഗത്ത് മതിയായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതില്‍ സ്ഥിരമായി പരാജയപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍, ദീര്‍ഘകാലവീക്ഷണത്തോടെയുള്ള ഈ നയപ്രഖ്യാപനത്തിലൂടെ സംസ്ഥാനത്തിന് അതിന്റെ ചോര്‍ന്നുപോകുന്ന യുവതയെ പിടിച്ചുനിര്‍ത്താനും രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കാനും കഴിയും.
ഒരു ദീര്‍ഘകാലപ്രതിസന്ധിക്ക് പരിഹാരമാകുന്നു
ഉന്നതവിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ പ്രവേശനാനുപാതം ദേശീയ ശരാശരിയെക്കാള്‍ വളരെ കൂടുതലാണെങ്കിലും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കെല്ലാം അവസരംകൊടുക്കാന്‍മാത്രം സീറ്റുകള്‍ നമ്മുടെ സര്‍വകലാശാലകളിലോ കോളേജുകളിലോ ഇല്ല. എന്നിട്ടും ഇവിടങ്ങളിലെ ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്! ഈ വൈരുധ്യമാണ് കേരളം ഇതുവരെ ഉന്നത വിദ്യാഭ്യാസരംഗത്ത് നേരിട്ടിരുന്ന ഒരു പ്രധാന വെല്ലുവിളി. നമ്മുടെ കോളേജുകളിലും കോഴ്‌സുകളിലും വിദ്യാര്‍ഥികള്‍ക്ക് കാര്യമായ താത്പര്യമില്ലാതിരുന്ന അവസ്ഥയായിരുന്നു ഇതുവരെ.
പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അവരുടെ മാറിക്കൊണ്ടിരിക്കുന്ന അക്കാദമിക് പ്രതീക്ഷകള്‍ നിറവേറ്റുന്നതിലെ പരാജയവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ തുടര്‍ച്ചയായി പോറലേല്‍പ്പിച്ചിട്ടുണ്ട്. വളരെ സമ്പന്നമായൊരു അധ്യാപകശൃംഖല നമുക്കുണ്ടെങ്കിലും ഉദ്യോഗസ്ഥ-രാഷ്ട്രീയ ഇടപെടലുകളും കാര്യക്ഷമതയില്ലായ്മ, വിശ്വാസക്കുറവ് എന്നിവയുംമൂലം നമ്മുടെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും നിയമനപ്രക്രിയ വളരെക്കാലമായി ഉലച്ചിലിലാണ്. ഇത് സര്‍വകലാശാലാസംവിധാനത്തിലുള്ള പൊതുജനവിശ്വാസത്തെ ഗണ്യമായിത്തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനൊപ്പം അക്കാദമിക് നിലവാരം ശരാശരിക്കും വളരെ മുകളില്‍ ഉയര്‍ത്തുകയുംചെയ്യുക എന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരുമ്പോള്‍ നമുക്കുമുന്നിലുള്ള വെല്ലുവിളികള്‍.
കാഴ്ചപ്പാടിലെ മാറ്റം
വിദ്യാഭ്യാസം ഒരു സാമൂഹികനന്മയാണെന്നും അതിന്റെ ഗുണനിലവാരത്തിലും പ്രവേശനക്ഷമതയിലും വിട്ടുവീഴ്ചചെയ്യാതെ സ്വകാര്യവത്കരിക്കാന്‍ കഴിയില്ലെന്നുമുള്ള ദീര്‍ഘകാലമായുള്ള നമ്മുടെ വാദം പൂര്‍ണമായും ശരിയല്ലെന്ന് മറ്റു പല ആഗോള സര്‍വകലാശാലകളുടെ കാര്യത്തിലും തെളിഞ്ഞിരുന്നതാണ്. ഉദാഹരണത്തിന്, ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ്ങില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയ്‌ക്കൊപ്പം ഒന്നാംസ്ഥാനത്തുള്ള മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എം.ഐ.ടി.) മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഹാര്‍വാഡ്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലകളും സ്വകാര്യ നിക്ഷേപം അക്കാദമിക് മികവിലേക്ക് നയിക്കുമെന്ന് തെളിയിക്കുന്നുണ്ട്.
നമ്മുടെ സംസ്ഥാനത്തിന്റെ പ്രിയപ്പെട്ട മാതൃകയായ ഫിന്‍ലന്‍ഡ് ഉള്‍പ്പെടെ ലോകമെമ്പാടും സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിലെ സ്വകാര്യനിക്ഷേപത്തെ സ്വാഗതംചെയ്യുന്ന ഒരു കാലത്ത് നമ്മള്‍മാത്രം പിന്തിരിഞ്ഞുനില്‍ക്കുന്നത് അപ്രായോഗികമാണെന്ന തിരിച്ചറിവിന്റെ ഫലംകൂടിയാണ് ഈ തീരുമാനം.
ഉന്നതവിദ്യാഭ്യാസം സര്‍ക്കാരിന്റെമാത്രം ചുമതലയാണെന്ന വിശ്വാസപ്രമാണത്തിന് ഇതോടെ കേരളത്തിലും അറുതിവരുകയാണ്. സാമ്പത്തികപരിമിതികള്‍ക്കും നിസ്സംഗതപുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിനുമിടയില്‍ ഇതിനെ പ്രത്യയശാസ്ത്രപരമായി നേരിട്ട് തളരുന്നതിനെക്കാള്‍ നല്ലത് സ്വകാര്യ സര്‍വകലാശാലകളെ ഒരു നിയന്ത്രിതചട്ടക്കൂടിനുകീഴില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതുതന്നെയാണ്. ഈ പ്രായോഗികസമീപനം സ്വീകരിച്ചിരിക്കുന്ന കേരള സര്‍ക്കാരിനെ അഭിനന്ദിച്ചേമതിയാകൂ.
വൈകിയെങ്കിലും സാരമില്ല
സ്‌കൂള്‍വിദ്യാഭ്യാസത്തില്‍ കേരളം നേടിയിട്ടുള്ള വിപ്ലവകരമായ വിജയം ഉന്നതവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതകള്‍മൂലം അപൂര്‍ണമായിരുന്നു, ഇത്രയുംകാലം. െബംഗളൂരുവിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ഈ ലേഖകന്‍, വര്‍ഷംതോറും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ കേരളത്തില്‍നിന്ന് അവിടെയുള്ള വിവിധ സര്‍വകലാശാലകളിലേക്ക് കുടിയേറുന്നതിന് സാക്ഷിയായിട്ടുണ്ട്. മറ്റുപ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍നിന്ന് വ്യത്യസ്തമായി, കേരളത്തിലെ വിദ്യാര്‍ഥികള്‍ എല്ലാ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലും ഭൂമിശാസ്ത്രപരമായ മേഖലകളിലുംനിന്നാണ് വരുന്നത്. ഇത് നമ്മുടെ സാമൂഹികപുരോഗതിയെയും സ്‌കൂള്‍സംവിധാനത്തിന്റെ വിജയത്തെയും ചൂണ്ടിക്കാണിക്കുന്നതാണെങ്കിലും അതേസമയംതന്നെ, അത് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അപര്യാപ്തതകളെ തുറന്നുകാണിക്കുന്നതുമാണ്.
പുതിയ നയം നടപ്പാക്കുന്നതോടെ ഈ പ്രവണത വളരെയധികം മാറ്റാന്‍ കഴിയും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നിവയില്‍ കേരളം നേടിയിട്ടുള്ള മുന്നേറ്റം ഇന്ത്യയുടെ മധ്യവര്‍ഗത്തിനിടയില്‍, പ്രത്യേകിച്ച് യുവതലമുറയുടെയിടയില്‍ ഇപ്പോള്‍ത്തന്നെ ചര്‍ച്ചാവിഷയമാണ്. ഉയര്‍ന്ന നിലവാരമുള്ള സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്തിന് വികസിപ്പിക്കാന്‍ കഴിയുമെങ്കില്‍, രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ അവരുടെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി കേരളത്തെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്. ഇത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ബൗദ്ധികമൂലധനത്തിനും ഗണ്യമായി പ്രയോജനംചെയ്യും.
കേരളത്തിന്റെ തനതായ ഉന്നതവിദ്യാഭ്യാസമാതൃക
മുന്നോട്ടുള്ള പാത വ്യക്തമാണ്: പ്രവേശനക്ഷമത, ഗുണനിലവാരം, അക്കാദമിക് മികവ് എന്നിവ ഉറപ്പാക്കിക്കൊണ്ട് കേരളം സ്വന്തമായി ഒരു സ്വകാര്യ സര്‍വകലാശാലാമാതൃക വികസിപ്പിക്കണം. കോര്‍പ്പറേറ്റ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വകലാശാലകളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന് അതിന്റേതായ മാതൃക വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. വൈദഗ്ധ്യാധിഷ്ഠിതകോഴ്‌സുകളെ വിജ്ഞാനാധിഷ്ഠിതവിഷയങ്ങളുമായി സമന്വയിപ്പിക്കുകയും വ്യാവസായിക ആവശ്യങ്ങള്‍ക്കും സമൂഹത്തിന്റെ ക്ഷേമസങ്കല്പങ്ങള്‍ക്കും തുല്യപ്രാധാന്യം കൊടുക്കുകയുംചെയ്യുന്ന രീതിയില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ നമുക്ക് സ്വകാര്യമൂലധനം ഉപയോഗിച്ച് രൂപപ്പെടുത്താനായാല്‍ അത് ലോകത്തിലെത്തന്നെ മികച്ച ഉന്നതവിദ്യാഭ്യാസമാതൃകയാകും.
(തിരുവനന്തപുരം ലോയോള കോളേജിലെ അധ്യാപകനാണ് ലേഖകന്‍)
Content Highlights: Kerala Allows Private Universities: A New Era in Higher Education
Published: 12 Feb 2025, 08:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented