കൊച്ചി: ഏറെ പ്രസിദ്ധമായ അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസിന് കേരളം ആദ്യമായി വേദിയാകുന്നു. കോൺഫറൻസിന്റെ 18-ാം പതിപ്പായ ടൈപ്പോഡെ-2026 കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഈ മാസം 28 മുതൽ 30 വരെ നടക്കും. ടൈപ്പോഗ്രഫി, ടൈപ്പ് ഡിസൈൻ, കാലിഗ്രഫി, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ഗവേഷണം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള സംഗമം ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും , ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
'ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്: അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്' എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം. പരമ്പരാഗത അക്ഷരകലകൾ, ഇന്ത്യൻ ലിപികൾ, ആധുനിക ടൈപ്പോഗ്രഫി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ തമ്മിലുള്ള മാറുന്ന ബന്ധങ്ങളും പുതിയ ടൈപ്പ് ഡിസൈൻ രീതികളും ഈ വേദിയിൽ വിശദമായി ചർച്ച ചെയ്യും. പ്രശസ്ത കാലിഗ്രഫർമാരായ നാരായണ ഭട്ടതിരി, പത്മശ്രീ അച്യുത് പാലവ് എന്നിവർ ടൈപ്പോഡേയുടെ ഭാഗമാകുകയും ശില്പശാലകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
പത്മശ്രീ അച്യുത് പാലവ്, നാരായണ ഭട്ടതിരി തുടങ്ങിയവർ നയിക്കുന്ന ശിൽപ്പശാല
സെപ്റ്റംബർ 28-ലെ ആദ്യ ദിനം പൂർണ്ണമായും പ്രഗത്ഭരായ അധ്യാപകരും ഡിസൈനർമാരും നയിക്കുന്ന പ്രായോഗിക ശില്പശാലകൾ അരങ്ങേറും. പ്രശസ്ത കാലിഗ്രഫറും കലാകാരനുമായ നാരായണ ഭട്ടതിരി മലയാളം അക്ഷരങ്ങളുടെ അനന്തസാധ്യതകൾ പര്യവേക്ഷണം ചെയ്യുന്ന മലയാളം കാലിഗ്രഫി ശില്പശാലയ്ക്ക് നേതൃത്വം നൽകും. കാലിഗ്രഫിയുടെ സർഗ്ഗാത്മകവും വൈകാരികവുമായ തലങ്ങളെക്കുറിച്ച് മാസ്റ്റർ കാലിഗ്രഫറായ പത്മശ്രീ അച്യുത് പാലവ് സംസാരിക്കും. ടൈപ്പോഗ്രഫിയിലൂടെ വികാരങ്ങളും അർത്ഥങ്ങളും എങ്ങനെ സംവദിക്കാം എന്നതിനെക്കുറിച്ച് അഹമ്മദാബാദ് എൻ.ഐ.ഡിയിലെ ഗ്രാഫിക് ഡിസൈൻ പ്രിൻസിപ്പൽ ഡിസൈനർ തരുൺ ദീപ് ഗിർധർ 'വാട്ട്സ് യുവർ ടൈപ്പ്? എക്സ്പ്ലോറിംഗ് ടൈപ്പോഗ്രാഫിക് ഇമോഷൻസ്' എന്ന സെഷനിലൂടെ വിശദീകരിക്കും.
വിഷ്വൽ കമ്മ്യൂണിക്കേഷനിലെ ശക്തമായ മാധ്യമമെന്ന നിലയിൽ ടൈപ്പോഗ്രഫിയിലൂടെ എങ്ങനെ കഥകൾ പറയാമെന്നതിനെക്കുറിച്ച് ഐ.ഐ.ടി ബോംബെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രൊഫ. ജി. വി. ശ്രീകുമാർ ക്ലാസുകൾ നയിക്കും. ചരിത്രപരമായ ബ്രാഹ്മി ലിപികളെ സമകാലിക ഡിസൈനുമായി ബന്ധിപ്പിക്കുന്ന ശില്പശാലയ്ക്ക് ഡിസൈൻ വിദഗ്ധനായ അഭിഷേക് വർധൻ നേതൃത്വം നൽകും. സ്ക്രിപ്റ്റുകൾ, ഐഡന്റിറ്റി, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കി അർച്ചന ശേഖര, പ്രൊഫ. പൗയ ജഹാൻഷാഹി എന്നിവർ 'സ്ക്രിപ്റ്റ്സ് ഓഫ് ഡിഗ്നിറ്റി' എന്ന സെഷൻ നയിക്കും. മലേഷ്യയിലെ മുരശ് സിസ്റ്റംസ് സ്ഥാപകനും പ്രമുഖ ടൈപ്പ്ഫേസ് ഡിസൈനറുമായ മുത്തു നെടുമാരൻ ഡിജിറ്റൽ ഫോണ്ട് ഡിസൈനിന്റെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്തുന്ന ശില്പശാലയും ഇതോടൊപ്പം നടക്കും.
അന്താരാഷ്ട്ര കോൺഫറൻസും ടൈപ്പോ ക്വിസും
തുടർന്നുള്ള ദിവസങ്ങളായ സെപ്റ്റംബർ 29, 30 തീയതികളിൽ 'ടൈപ്പോഗ്രഫി ആൻഡ് സ്റ്റോറിടെല്ലിംഗ്' എന്ന വിഷയത്തിലാണ് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുക. ഗവേഷകർ, അധ്യാപകർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. മുഖ്യ പ്രഭാഷണങ്ങൾ, പ്രബന്ധ അവതരണങ്ങൾ, ടൈപ്പോഗ്രഫിയെക്കുറിച്ചുള്ള ചർച്ചകൾ, എക്സിബിഷനുകൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്ത ഐ.ഐ.ടി ബോംബെയിലെ പ്രൊഫ. ഡോ. ഡി. ഉദയകുമാർ നയിക്കുന്ന 'ടൈപ്പോ ക്വിസ്' ഈ പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. തിരഞ്ഞെടുത്ത ടൈപ്പോഗ്രാഫിക് സൃഷ്ടികളുടെ അന്താരാഷ്ട്ര പോസ്റ്റർ എക്സിബിഷൻ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൃഷ്ടികളുടെ പ്രദർശനം, ഇന്ററാക്ടീവ്-നോൺ ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ എന്നിവയും കോൺഫറൻസിന് മാറ്റുകൂട്ടും.
ടൈപ്പോഡേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അനൂപ് രാമകൃഷ്ണനും പ്രൊഫ. ഫിയോണ റോസിനും
ടൈപ്പോഗ്രഫി, കമ്മ്യൂണിക്കേഷൻ ഡിസൈൻ എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്കുള്ള ഈ വർഷത്തെ ടൈപ്പോഡേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച പ്രമുഖ ഡിസൈനർ അനൂപ് രാമകൃഷ്ണന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം സമ്മാനിക്കുന്നത്. യുകെയിലെ റീഡിംഗ് സർവകലാശാലയിലെ ടൈപ്പോഗ്രഫി ആൻഡ് ഗ്രാഫിക് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസറായ ഫിയോണ റോസാണ് പുരസ്കാരത്തിന് അർഹയായ മറ്റൊരു വ്യക്തി. കോൺഫറൻസിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പഠനവും ഗവേഷണവും സമന്വയിക്കുന്ന വേദി
ജെയിൻ യൂണിവേഴ്സിറ്റിയും ഐ.ഐ.ടി ബോംബെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും തമ്മിലുള്ള ഈ സഹകരണം അക്കാദമിക സ്ഥാപനങ്ങൾ, ഡിസൈനർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാണ്. വിദ്യാർത്ഥികൾക്കും വളർന്നു വരുന്ന ഡിസൈനർമാർക്കും പ്രഗത്ഭരുമായി നേരിട്ട് സംവദിക്കാനും, ഇന്ത്യയുടെ സമ്പന്നമായ ലിപി പാരമ്പര്യങ്ങളും സമകാലിക ഡിജിറ്റൽ ഡിസൈനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനും ഈ വേദി അവസരമൊരുക്കുമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജെ. ലത പറഞ്ഞു.
അനലോഗ് സമ്പ്രദായങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഇന്ത്യൻ സ്ക്രിപ്റ്റുകൾ, ടൈപ്പ് ഡിസൈൻ, വിഷ്വൽ സ്റ്റോറിടെല്ലിംഗ് എന്നിവയെ കോർത്തിണക്കി ടൈപ്പോഗ്രഫിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു. ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും ടൈപ്പോഗ്രാഫിക്കൽ വശങ്ങൾ പര്യവേക്ഷണം ചെയ്യാൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് മികച്ച അവസരമാണെന്ന് ഐ.ഐ.ടി ബോംബെ പ്രൊഫസർ ജി. വി. ശ്രീകുമാർ വ്യക്തമാക്കി.
Content Highlights: Kerala hosts TypoDay for the first time, its 18th edition
Published: 22 Sept 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented