തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ വിശദമായ ഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 1,990 സ്കൂളുകളിൽ നിന്നായി പരീക്ഷ എഴുതിയവരിൽ 2,90,398 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ബഹുദൂരം മുന്നിലെത്തിയ ഇത്തവണത്തെ പരീക്ഷാഫലത്തിന്റെ പ്രധാന കണക്കുകൾ ഒറ്റനോട്ടത്തിൽ:
- ആകെ വിജയശതമാനം: ഇത്തവണ 77.97% ആണ് വിജയം. കഴിഞ്ഞ വർഷം ഇത് 77.81% ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 0.16% വർധനവ് രേഖപ്പെടുത്തി.
- പെൺകുട്ടികളുടെ മുന്നേറ്റം: പരീക്ഷാഫലത്തിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ്. പെൺകുട്ടികളുടെ വിജയശതമാനം 86.89% ആണ്. ഇത് കഴിഞ്ഞ വർഷത്തെ (86.65%) അപേക്ഷിച്ച് കൂടുതലാണ്.
- ആൺകുട്ടികളുടെ വിജയം: ആൺകുട്ടികളുടെ വിജയശതമാനം 68.41% ആണ്. കഴിഞ്ഞ വർഷത്തെ (68.44%) അപേക്ഷിച്ച് 0.03% കുറവാണിത്. വിജയശതമാനത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഏകദേശം 20 ശതമാനത്തിന്റെ വ്യത്യാസമുണ്ട്.
വിഭാഗം തിരിച്ചുള്ള കണക്കുകൾ:
- സയൻസ്: പരീക്ഷ എഴുതിയ 1,87,933 പേരിൽ 1,58,836 പേർ വിജയിച്ചു. വിജയശതമാനം 84.52% ആണ്. കഴിഞ്ഞ വർഷം ഇത് 83.25% ആയിരുന്നു.
- കൊമേഴ്സ്: 1,08,567 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 81,147 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 74.74% ആണ്. കഴിഞ്ഞ വർഷം ഇത് 74.21% ആയിരുന്നു.
- ഹ്യുമാനിറ്റീസ്: പരീക്ഷ എഴുതിയ 75,923 പേരിൽ 50,398 പേർ വിജയിച്ചു. വിജയശതമാനം 66.38% ആണ്. കഴിഞ്ഞ വർഷം 69.16% വിജയം ഉണ്ടായിരുന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഇത്തവണ ഏകദേശം മൂന്ന് ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.
പെൺകുട്ടികളുടെ മികച്ച വിജയശതമാനം ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ഫലപ്രഖ്യാപന വേളയിൽ മന്ത്രി സൂചിപ്പിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 30,561 ആയി വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 416 എണ്ണം കൂടുതലാണ്. പരീക്ഷയിൽ 1200-ൽ 1200 മാർക്കും നേടി ചരിത്രവിജയം സ്വന്തമാക്കിയ 60 വിദ്യാർത്ഥികളിൽ 50 പേർ പെൺകുട്ടികളാണ് (കഴിഞ്ഞ വർഷം ഇത് 41 പേരായിരുന്നു മാത്രമായിരുന്നു).
ജില്ലകളിൽ 84.64 ശതമാനത്തോടെ ഇടുക്കി ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയപ്പോൾ, 71.72 ശതമാനവുമായി കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലും (68,410), ഏറ്റവും കുറവ് വയനാട്ടിലുമാണ് (9,289). വിവിധ സ്കൂൾ വിഭാഗങ്ങളിൽ എയ്ഡഡ് സ്കൂളുകൾ 82.82% വിജയം നേടിയപ്പോൾ സർക്കാർ സ്കൂളുകൾ 72.66% വിജയം രേഖപ്പെടുത്തി.
ആകെ 76 സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചതിൽ ഒമ്പത് സർക്കാർ സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
Content Highlights: Kerala Education Minister announced the 2026 Higher Secondary exam results with an overall pass percentage of 77.97%, highlighted by girls outperforming boys and Idukki emerging as the top-performing district.
Published: 26 May 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented